28 May Thursday

സൗദിയില്‍ മൂന്ന് അയല്‍ രാജ്യക്കാര്‍ക്ക് കരമാര്‍ഗം പ്രവേശനമില്ല; മറ്റുള്ളവർക്ക്‌ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധം

അനസ് യാസിന്‍Updated: Saturday Mar 7, 2020

റിയാദ്‌> ബഹ്റൈന്‍, യുഎഇ, കുവൈത്ത്, എന്നീ അയല്‍ രാജ്യക്കാര്‍ക്ക് കരമാര്‍ഗമുള്ള പ്രവേശനത്തിനു സൗദി നിരോധനമേര്‍പ്പെടുത്തി. രാജ്യത്തെ മൂന്നു പ്രധാന വിമാനതാവളങ്ങളിലുടെ മാത്രമായിരിക്കും ഈ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് പ്രവേശനം. ശനിയാഴ്ച രാത്രി 11.55 മുതല്‍ തീരുമാനം നിലവില്‍ വരും. 

കൊറോണവൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍നിന്ന് നിലവിലുള്ള വിസയിലും പുതിയ വിസയിലും വരുന്നവര്‍ക്ക് കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന ലബോറട്ടറി പരിശോധനാ സര്‍ട്ടിഫിക്കറ്റ് (പിസിആര്‍) നിര്‍ബന്ധമാക്കിയും ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.കോവിഡ് -19 വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.

മൂന്ന് ഗള്‍ഫ് അയല്‍രാജ്യങ്ങളില്‍നിന്നു വരുന്ന ചരക്ക് വാഹങ്ങള്‍ക്ക് സൗദിയിലേക്ക് നിരോധനമില്ല. എന്നാല്‍, ട്രക്കുകളെ കര്‍ശന പരിശോധനക്കു ശേഷംമാത്രമേ കടത്തിവിടൂവെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദമാമിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നീ മൂന്ന് എയര്‍പോര്‍ട്ടുകള്‍ വഴിയാണ് പ്രവേശനം അനുവദിക്കുന്നത്.  വിമാനതാവളങ്ങളില്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കും.

സൗദിയിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് കോവിഡ്-19 വ്യാപിച്ച രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കാണ് ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയത്. യാത്രക്കാരന്റെ ബോര്‍ഡിങ്ങിന് 24 മണിക്കൂറിനുള്ളില്‍ ഇഷ്യു ചെയ്തതാണ് പിസിആര്‍ സര്‍ട്ടിഫിക്കെറ്റെന്ന് വിമാനത്തിലെ ജീവനക്കാര്‍ ഉറപ്പുവരുത്തണം.ഈ രാജ്യങ്ങളിലെ നാഷണല്‍ പ്രിവന്‍ഷന്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ അംഗീകരിച്ച ലബോറട്ടറികളെ സൗദി എംബസികള്‍ കണ്ടെത്തണം. ഇവരാണ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതെന്നും എസ്‌പിഎ റിപ്പോര്‍ട്ട് ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top