21 November Thursday

റഷ്യയുടെ പരാജയപ്പെട്ട സ്‌ഫോടനം നടന്ന നഗരത്തിനടുത്ത് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍; തടഞ്ഞ് റഷ്യ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

സിവിറൊദ്വിന്‍സ്‌ക് > റഷ്യയുടെ പരാജയപ്പെട്ട സ്‌ഫോടനം നടന്ന പ്രദേശത്തേക്ക് പോകാന്‍ ശ്രമിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥരെ റഷ്യ തടഞ്ഞു. ഓഗസ്റ്റ് എട്ടിന് രാവിലെ ഒമ്പത്‌ മണിക്ക് വടക്കു പടിഞ്ഞാറന്‍ റഷ്യയിലെ വൈറ്റ് സീ തീരത്തോടു ചേര്‍ന്നുള്ള അര്‍ഹാന്‍ഗില്‍സ്‌ക് മേഖലയില്‍ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് ആണവ വിദഗ്‌ധര്‍ മരിച്ചിരുന്നു. പരീക്ഷണം നടന്ന കടല്‍ഭാഗത്തേക്ക് മാസങ്ങളായി കപ്പലുകളെപ്പോലും അടുപ്പിക്കാന്‍ അനുവദിക്കാതെ നിരോധനാജ്ഞ തീര്‍ത്തിരിക്കുകയായിരുന്നു റഷ്യ.

റോക്കറ്റിന്റെ ലിക്വിഡ് പ്രൊപ്പലന്റ് എന്‍ജിന്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചെന്നും ആറു പേര്‍ക്കു പരുക്കേറ്റെന്നുമായിരുന്നു റഷ്യന്‍ പ്രതിരോധ വകുപ്പിന്റെ ആദ്യ പ്രസ്‌താവന. പിന്നാലെയാണ് കാര്യങ്ങള്‍ക്കു കുറച്ചെങ്കിലും വ്യക്തത വന്നത്. പരാജയപ്പെട്ട ആ ആയുധം ബുറിവീസ്‌നിക് മിസൈലാണെന്ന് രാജ്യാന്തര നിരീക്ഷകര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു.

ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്ന വമ്പന്‍ കപ്പല്‍ശാല സ്ഥിതി ചെയ്യുന്ന സിവിറൊദ്വിന്‍സ്‌ക് മേഖലയില്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം റഷ്യന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെയാണ് റഷ്യയിലെ നിഗൂഢ സ്‌ഫോടനം വീണ്ടും രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടയായത്.


പ്രധാന വാർത്തകൾ
 Top