18 September Wednesday

റഷ്യയുമായുള്ള കരാര്‍: യുഎസ്‌ പിന്മാറ്റം മിസൈല്‍ പരീക്ഷിക്കാന്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

ന്യൂയോര്‍ക്ക്/ജനീവ > പുത്തന്‍ ക്രൂയിസ് മിസൈല്‍ പരീക്ഷിക്കുന്നതിനു മുന്നോടിയായാണ് റഷ്യയുമായുള്ള കരാറില്‍നിന്ന് അമേരിക്ക പിന്മാറിയതെന്ന് റിപ്പോര്‍ട്ട്. 500 മുതല്‍ 5500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ, ആണവേതര മിസൈലുകള്‍ വികസിപ്പിക്കുന്നതിന് പരസ്പരം വിലക്ക്‌ ഏര്‍പ്പെടുത്തുന്നതിന് 1987ല്‍ റഷ്യയുമായി ഒപ്പിട്ട ഇന്റര്‍മീഡിയറ്റ് റേഞ്ചര്‍ ന്യൂക്ലിയര്‍ ഫോഴ്‌സസ് ട്രീറ്റി (ഐഎന്‍എഫ്) കരാറില്‍നിന്നാണ് അമേരിക്ക പിന്മാറിയത്.

ആഴ്ചകള്‍ക്കുള്ളില്‍ പുത്തന്‍ മിസൈല്‍ അമേരിക്ക പരീക്ഷിക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ റഷ്യ തയ്യാറാകാത്തതിനുള്ള മറുപടിയായി മിസൈല്‍ പരീക്ഷിക്കുമെന്നാണ് അമേരിക്കന്‍ നിലപാട്. 32 വര്‍ഷം നീണ്ട കരാര്‍ റഷ്യക്ക് സൈനിക മേല്‍ക്കൈ ഉണ്ടാക്കാന്‍ മാത്രമാണ് സഹായിച്ചതെന്നും അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.
ഐഎന്‍എഫ് കരാര്‍ റദ്ദാക്കപ്പെട്ടതോടെ ഇനി ഇരു രാഷ്ട്രവും തമ്മില്‍ ന്യൂ സ്റ്റാര്‍ട്ട് എന്നപേരില്‍ അറിയപ്പെടുന്ന  കരാര്‍ മാത്രമാണ്  നിലവിലുള്ളത്. 2021 ഓടെ ന്യൂ സ്റ്റാര്‍ട്ടിന്റെ കാലാവധി പൂര്‍ത്തിയാകും. കരാര്‍ പുതുക്കാന്‍ ഇരു രാഷ്ട്രവും സന്നദ്ധമായില്ലെങ്കില്‍ ലോകത്തെ ഏറ്റവും വലിയ സൈനികശക്തികള്‍ക്ക് പരിധിയില്ലാതെ ആയുധസംഭരണം നടത്താനുള്ള അവസരം തുറക്കപ്പെടും. ട്രംപ് ഭരണകൂടം ഇതിനകം ന്യൂ സ്റ്റാര്‍ട്ട് കരാറിനോടുള്ള എതിര്‍പ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഐഎന്‍എഫ് കരാറില്‍നിന്നുള്ള പിന്മാറ്റം അന്താരാഷ്ട്രസുരക്ഷയെ പ്രതികൂലമായി ബാധിക്കുമന്ന് സോവിയറ്റ് യൂണിയന്‍ നേതാവായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് പ്രതികരിച്ചു. ഗോര്‍ബച്ചേവും അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനുമാണ് കരാറില്‍ ഒപ്പിട്ടത്.

കടുത്ത നിരാശ:-യുഎന്‍


ശീതയുദ്ധകാലംമുതല്‍ റഷ്യയുമായ നിലവിലുണ്ടായിരുന്ന ആണവകരാറില്‍നിന്നുള്ള അമേരിക്കന്‍ പിന്മാറ്റത്തില്‍ അഗാധമായ നിരാശ രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്യുട്ടിറെസ്.ആണവായുധപ്പന്തയം ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ള കരാറില്‍ തുടരണമെന്ന് ഇരുരാജ്യത്തോടും നിരന്തരം ആവശ്യപ്പെട്ടെന്നും അവര്‍ക്കതിന് സാധിച്ചില്ല. പുതിയ ലോകസാഹചര്യത്തില്‍ മുന്‍കാല കരാറുകള്‍ വെല്ലുവിളി നേരിടുന്നു. ഇപ്പോള്‍ നിലവിലുള്ള ന്യൂ സ്റ്റാര്‍ട്ട് കരാറുമായി മുന്നോട്ടുപോകാന്‍ ഇരു രാജ്യവും സന്നദ്ധമാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.


പ്രധാന വാർത്തകൾ
 Top