13 May Thursday
പാർടി നേതൃത്വവും റൗൾ ഒഴിഞ്ഞു

ക്യൂബയുടെ പരമാധികാരം 
സംരക്ഷിക്കും: റൗൾ കാസ്‌ട്രോ

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021


ഹവാന
ക്യൂബയെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തുമെന്നും രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും റൗൾ കാസ്‌ട്രോ. ക്യൂബൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ എട്ടാം പാർടി കോൺഗ്രസിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഒന്നാം സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ അദ്ദേഹം.

ക്യൂബയെയും മറ്റ്‌ ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാഷ്ട്രങ്ങളെയും തകർക്കാൻ നടക്കുന്ന ഗൂഢാലോചനകളെ അദ്ദേഹം അപലപിച്ചു. ക്യൂബയുടെ പുരോഗതി തകിടം മറിക്കാൻ ട്രംപ്‌ ഭരണത്തിന്റെ നേതൃത്വത്തിലുണ്ടായ ശ്രമങ്ങളെപ്പറ്റി താൻ ഏഴാം പാർടി കോൺഗ്രസിൽ പറഞ്ഞതും അദ്ദേഹം ഓർമിപ്പിച്ചു. വെനസ്വല, നിക്കരാഗ്വ, ക്യൂബ എന്നിവിടങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ന്യായീകരിക്കാൻ സാമ്രാജ്യത്വ ശക്തികൾ നുണപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ക്യൂബൻ പ്രസിഡന്റ്‌ മിഗുവൽ ഡിയാസ്‌ കാനൽ പാർടി കോൺഗ്രസിനെ അഭിവാദ്യം ചെയ്തു. സോഷ്യലിസത്തിലൂന്നിയുള്ള രാജ്യത്തിന്റെ  വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി അദ്ദേഹം പിന്നീട്‌ ട്വിറ്ററിൽ കുറിച്ചു. സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനിൽപ്പിന്‌ ആക്കം കൂട്ടും. സാമ്പത്തിക–- സാമൂഹ്യ രംഗം മെച്ചപ്പെടുത്താനും cകോവിഡ്‌ പ്രതിസന്ധി അതിജീവിക്കാനുമുള്ള മാർഗങ്ങൾക്ക്‌ രൂപം നൽകും.

വിപ്ലവ നായകൻ ഫിഡൽ കാസ്‌ട്രോയെ സമ്മേളനം അനുസ്മരിച്ചു. പാർടി രണ്ടാം സെക്രട്ടറി ഹോസെ റമോൺ മക്കാദൊ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പലസ്തീൻ വിമോചന സംഘടന, ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി, റഷ്യൻ കമ്യൂണിസ്‌റ്റ്‌ പാർടി, ബ്രസീലിലെ വർക്കേഴ്‌സ്‌ പാർടി തുടങ്ങിയവ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

ക്യൂബയിലെ സോഷ്യലിസ്‌റ്റ്‌ ചാർട്ടർ പ്രഖ്യാപനത്തിന്റെ അറുപതാം വാർഷികത്തിലാണ്‌ എട്ടാം കോൺഗ്രസ്‌ നടക്കുന്നത്‌. റൗൾ കാസ്‌ട്രോ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രതിനിധികൾ മൂന്ന്‌ കമീഷനായി തിരിഞ്ഞ്‌ പ്രത്യയശാസ്‌ത്രപരമായ പ്രവർത്തനങ്ങൾ, കേഡർ രാഷ്‌ട്രീയം, ഏഴാം കോൺഗ്രസിന്‌ ശേഷമുണ്ടായ സാമ്പത്തിക, സാമൂഹ്യ നേട്ടങ്ങൾ എന്നിവ വിലയിരുത്തും. പാർടി കോൺഗ്രസ്‌ തിങ്കളാഴ്ച അവസാനിക്കും.

പാർടി നേതൃത്വവും റൗൾ ഒഴിഞ്ഞു
റൗൾ കാസ്‌ട്രോ ക്യൂബൻ കമ്യൂണിസ്റ്റ്‌‌ പാർടിയുടെ ഒന്നാം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച ചതുർദിന പാർടി കോൺഗ്രസിന്റെ ഉദ്‌ഘാടന സമ്മേളനത്തിലാണ്‌ പാർടിയുടെ പരമോന്നത സ്ഥാനം ഒഴിയാനുള്ള തീരുമാനം റൗൾ പ്രഖ്യാപിച്ചത്‌. നേതൃത്വത്തിലേക്ക്‌ പുതുതലമുറയ്ക്ക്‌ വഴിയൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഒന്നാം സെക്രട്ടറിയെന്ന നിലയിലുള്ള ചുമതലകൾ പൂർണമായും നിറവേറ്റിയെന്ന ചാരിതാർഥ്യമുണ്ട്‌. രാജ്യത്തിന്റെ ഭാവി ശോഭനമാണെന്ന ആത്മവിശ്വാസത്തോടെയാണ്‌ പടിയിറങ്ങുന്നത്‌’–- അദ്ദേഹം പറഞ്ഞു. പിൻഗാമി ആരെന്ന്‌ റൗൾ വ്യക്തമാക്കിയില്ല. എന്നാൽ, 2018ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോൾ പ്രസിഡന്റായ മിഗേൽ ഡിയാസ്‌ കാനലിനാണ്‌ (60) സാധ്യത.

എൺപത്തൊമ്പതുകാരനായ റൗൾ പദവി ഒഴിയുന്നതോടെ ക്യൂബൻ കമ്യൂണിസ്റ്റ്‌‌ പാർടിയുടെ ഒരു യുഗമാണ്‌ കടന്നുപോകുന്നത്‌. 1959 വിപ്ലവശേഷം 1965ൽ കമ്യൂണിസ്‌റ്റ്‌ പാർടി പുനസംഘടിപ്പിച്ചത്‌ മുതൽ രാജ്യത്തിന്റെ വിപ്ലവനായകനും റൗളിന്റെ ജ്യേഷ്ഠനുമായ ഫിദൽ കാസ്‌ട്രോയായിരുന്നു പാർടിയുടെ അമരക്കാരൻ. 2011ലാണ്‌ റൗൾ പാർടിയുടെ നായകനായത്‌. അതിനുമുമ്പ്‌ ഫിദലിനെ പിന്തുടർന്ന്‌ രാഷ്ട്രത്തലവനുമായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top