26 November Thursday

അമേരിക്കയിലെ വംശീയവിവേചനം അംഗീകരിച്ച്‌ സ്ഥാനപതി

വെബ് ഡെസ്‌ക്‌Updated: Friday Jun 19, 2020

ജനീവ
കറുത്തവംശജർ അമേരിക്കയിൽ വംശീയ വിവേചനം നേരിടുന്നുണ്ടെന്ന്‌ അംഗീകരിച്ച്‌ യുഎസ്‌ അംബാസഡർ ആൻഡ്രൂ ബ്രെംബെർഗ്‌. ജനീവയിൽ യുഎൻ മനുഷ്യാവകാശ  കൗൺസിൽ നടത്തിയ ചർച്ചയിലാണ് ബ്രെംബെർഗ്‌ ഇക്കാര്യം സമ്മതിച്ചത്‌. ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന്‌  കറുത്തവംശജർ നേരിടുന്ന അതിക്രമങ്ങൾ സംബന്ധിച്ച്‌ ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രത്യേക ആവശ്യപ്രകാരമാണ്‌ ചർച്ച നടന്നത്‌. കറുത്തവരുടെ ജീവന്‌ അമേരിക്കയിൽ ഒരു വിലയുമില്ലെന്ന് ജോർജ്‌ ഫ്‌ളോയിഡിന്റെ സഹോദരൻ ഫിലോനിസ്‌ ഫ്‌ളോയിഡ് ചർച്ചയിൽ പറഞ്ഞു‌.

വംശീയ വിവേചനം തടയാൻ നടപടിയുണ്ടാകുമെന്ന്‌ പറഞ്ഞ ആൻഡ്രൂ ബ്രെംബെർഗ് ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകത്തെ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്‌ അപലപിച്ചതായും പറഞ്ഞു. ചൊവ്വാഴ്‌ച പൊലീസ്‌ പരിഷ്‌കരണത്തിനുള്ള എക്‌സിക്യൂട്ടിവ്‌ ഉത്തരവിൽ ട്രംപ്‌ ഒപ്പിട്ടു.
വംശീയതയുടെ പേരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക്‌ ആഫ്രിക്കൻ രാജ്യങ്ങൾ ഒന്നടങ്കം അമേരിക്കയെ വിമർശിച്ചു. അമേരിക്കയിലെ വംശീയാതിക്രമങ്ങൾ സംബന്ധിച്ച്‌ അന്താരാഷ്‌ട്രകമീഷൻ അന്വേഷണം വേണമെന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ ആവശ്യം അമേരിക്കയുടെയും സഖ്യകക്ഷികളുടെയും എതിർപ്പിനെത്തുടർന്ന്‌ ഒഴിവാക്കി.

എന്നാൽ, വംശീയ വിവേചനങ്ങളുടെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ കുറ്റവാളികൾക്ക്‌ ശിക്ഷ ഉറപ്പാക്കണമെന്നും ഇരയായവർക്ക്‌ നീതി ലഭിക്കണമെന്നും യുഎൻ മനുഷ്യാവകാശ ഹൈകമീഷണർ മിഷേൽ ബാഷ്‌ലെ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top