07 October Friday
സർവകക്ഷി സർക്കാരുണ്ടാക്കാന്‍ നീക്കം ; പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു

ലങ്ക പിടിച്ച് ജനത ; പ്രസിഡന്റ് ഒളിച്ചോടി ; പ്രധാനമന്ത്രി രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 9, 2022

കൊളംബോ
മാസങ്ങളായി ഇന്ധനവും ഭക്ഷണവും മരുന്നും കിട്ടാതെ പൊറുതിമുട്ടിയ ശ്രീലങ്കൻ ജനത കൂട്ടത്തോടെ ഇരച്ചെത്തി പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ കൊട്ടാരം പിടിച്ചെടുത്തു. ജനരോഷം നേരിടാനാകാതെ പ്രസിഡന്റ് ഒളിച്ചോടി. കൊളംബോ ന​ഗരം പ്രക്ഷോഭകരുടെ നിയന്ത്രണത്തില്‍. കൂടുതല്‍ പേര്‍ തലസ്ഥാനത്തേക്ക് എത്തുന്നു. സാഹചര്യം  കൈവിട്ടുപോകുമെന്ന് ഉറപ്പായപ്പോൾ ശനിയാഴ്ച രാത്രിയോടെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിപ്രഖ്യാപിച്ചു. വിക്രമസിം​ഗെയുടെ വസതിയും പ്രക്ഷോഭകര്‍ വളഞ്ഞിട്ടുണ്ട്. ലങ്കൻ സ്പീക്കർ എല്ലാ രാഷ്ട്രീയ പാർടികളുടെയും യോഗം വിളിച്ചു. വൻസാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ കരകയറ്റാൻ സർവകക്ഷി സർക്കാർ രൂപീകരിക്കാൻ നീക്കം. ആ സർക്കാർ അധികാരമേല്‍ക്കുംവരെ വിക്രമസിംഗെ പ്രധാനമന്ത്രിസ്ഥാനത്ത് തുടരുമെന്ന് ഓഫീസ് അറിയിച്ചു.
പിന്നാലെ, പ്രധാനമന്ത്രി റനില്‍ വിക്രമസിം​ഗെയുടെ വീടിന് പ്രക്ഷോഭകര്‍ തീയിട്ടു. പ്രധാനമന്ത്രിയുടെ വാ​ഹനങ്ങളും തകര്‍ത്തു.

രാജ്യത്തെ വർഷങ്ങളായി ഭരിച്ചുമുടിച്ച രജപക്‌സെ കുടുംബത്തിനെതിരായ ജനരോഷത്തിനു മുന്നിൽ പ്രസിഡന്റിന്റെ സായുധ കാവൽഭടന്മാരും ലങ്കൻ പട്ടാളത്തിന്റെ തോക്കുകളും നിഷ്പ്രഭമായി. സൈന്യം റബർ ബുള്ളറ്റും കണ്ണീർ വാതകവും പ്രയോഗിച്ചെങ്കിലും ജനപ്രവാഹം തടയാനായില്ല. സംഘർഷത്തിൽ ഏഴു പൊലീസുകാരടക്കം 45 പേർക്ക് പരിക്കേറ്റു. ചിലയിടത്ത്‌ സൈന്യവും പൊലീസും ജനങ്ങൾക്കൊപ്പംചേർന്നു.


 

പൗരാവകാശ സംഘടനകളും യുവജന, വിദ്യാർഥി സംഘടനകളും ആഹ്വാനംചെയ്ത പ്രതിഷേധദിനാചരണത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ദിവസങ്ങളായി ജനങ്ങൾ കൊളംബോയിലേക്ക് ഒഴുകുന്നു. പൊതുഗതാഗത സേവനം നിർത്തിവച്ചെങ്കിലും ഫലമുണ്ടായില്ല. മധ്യകൊളംബോയിലെ അതീവ സുരക്ഷാമേഖലയിൽ നാലേക്കറിലായി പരന്നുകിടക്കുന്ന പ്രസിഡന്റ്‌സ് പാലസിന്റെ ഗേറ്റും വാതിലും തകർത്ത് ഇരച്ചുകയറിയ പ്രക്ഷോഭകർ ദേശീയപതാക ഉയർത്തി. രജപക്‌സെ രാജിപ്രഖ്യാപിച്ചാൽ മാത്രമേ കൊട്ടാരം വിട്ടുപോകൂവെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.

പ്രക്ഷോഭകർ എത്തുന്നതിന് മണിക്കൂറുകൾക്കുമുമ്പാണ് പ്രസിഡന്റ് കൊട്ടാരംവിട്ടതെന്നും വെള്ളിയാഴ്ചതന്നെ പോയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ലങ്കന്‍ നാവികസേന പ്രസിഡന്റിന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ചില സൈനിക ഉദ്യോ​ഗസ്ഥര്‍ അന്താരാഷ്ട്രവാര്‍ത്ത ഏജന്‍സികളോട് പ്രതികരിച്ചു. മാർച്ച് മുതൽ രജപക്‌സെയുടെ രാജിക്കായി രാജ്യത്ത് പ്രക്ഷോഭം നടക്കുന്നു. ഏപ്രിലിൽ ഓഫീസ് ജനംവളഞ്ഞതോടെ കൊട്ടാരമാണ് രജപക്‌സെയുടെ ഓഫീസായും പ്രവർത്തിച്ചത്. ഒളിച്ചോടിയിട്ടും രാജിക്ക് തയ്യാറാകാത്ത രജപക്‌സെയെ വിമർശിച്ച് ശ്രീലങ്കൻ ബാർ അസോസിയേഷൻ രംഗത്തെത്തി. പുതിയ പ്രധാനമന്ത്രിക്കും സർക്കാരിനും വഴിയൊരുക്കാൻ രാജിവയ്ക്കാൻ തയ്യാറാകണമെന്ന് രജപക്‌സെയ്ക്ക് സ്വന്തംപാർടി എംപിമാരിൽ ചിലർ തുറന്ന കത്തെഴുതി.

ഏപ്രിലിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം ചോരക്കളിയായി മാറിയതോടെയാണ് ഗോതബായ രജപക്‌സെയുടെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രജപക്‌സെക്ക് രാജിവയ്‌ക്കേണ്ടിവന്നത്. ഇതിന്‌ ശേഷമാണ്‌ റനിൽ വിക്രമസിംഗെയെ പ്രസിഡന്റ്‌ ചുമതലയേൽപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top