15 July Wednesday

ചൈനയിൽ ദാരിദ്ര്യരേഖയ്‌ക്കുതാഴെ ജനസംഖ്യയുടെ രണ്ട്‌ ശതമാനത്തിൽ താഴ ; പട്ടികയിൽ ദിവസം 70 രൂപയിൽ കുറവുള്ളവർ, ഇന്ത്യയില്‍ അത് 27 രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


ന്യൂഡൽഹി
ദരിദ്രർ കൂടുതൽ എവിടെ, ഇന്ത്യയിലോ ചൈനയിലോ? ചൈനയിൽ 60 കോടി പേർ ‌വേണ്ടത്ര സാമൂഹിക–-സാമ്പത്തിക പുരോഗതി നേടിയിട്ടില്ലെന്ന ചൈനീസ്‌ പ്രധാനമന്ത്രി ലീ കെഖിയാങ്ങിന്റെ പരാമർശമാണ് ദാരിദ്ര്യനിർമാർജനത്തിലെ ഇന്ത്യ, ചൈന താരതമ്യത്തിന് വഴിയൊരുക്കിയത്‌. ചൈനയിൽ 60 കോടി ദരിദ്രർ ഉണ്ടെന്നാണ് ലീ കെഖിയാങ്ങിന്റെ പരാമർശമുയർത്തി ചിലർ വ്യാഖ്യാനിക്കുന്നത്.

ചൈന
ദാരിദ്ര്യരേഖ മാനദണ്ഡപ്രകാരം ജനസംഖ്യയുടെ രണ്ട്‌ ശതമാനത്തിൽ താഴെയാണ്‌ ചൈനയിൽ ദരിദ്രർ. ദിവസം 70 രൂപയിൽ കുറവ്‌ വരുമാനമുള്ളവരെയാണ്‌ ചൈന ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരായി കണക്കാക്കുന്നത്‌. ഇതുപ്രകാരം ദരിദ്രരുടെ എണ്ണം മൂന്ന് കോടിയിൽ താഴെമാത്രം. അതേസമയം, ചൈനയിൽ പ്രതിശീർഷ വരുമാനം 3.16 ലക്ഷം രൂപയായി കുതിച്ചുയർന്നിട്ടുണ്ട്. മുമ്പ്‌ താരതമ്യേന ദരിദ്രമായ ഗ്രാമീണമേഖലയിൽ പ്രതിശീർഷ വാർഷിക വരുമാനം ലക്ഷം രൂപയിൽ കൂടുതലായി.

143 കോടി ജനസംഖ്യയുള്ള രാജ്യത്ത്‌ ഗണ്യമായ വിഭാഗത്തിന്റെ ജീവിതനിലവാരം ഇനിയും ഉയരേണ്ടതുണ്ട്‌. യുഎൻ സുസ്ഥിരവികസന ലക്ഷ്യങ്ങൾ പ്രകാരം ശുദ്ധമായ കുടിവെള്ളം, ശുചിത്വസൗകര്യങ്ങൾ, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, അറിയാനുള്ള അവകാശം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കൈവരിച്ച പുരോഗതിയും വിലയിരുത്തിയാണ്‌ ജീവിതനിലവാരം നിർണയിക്കേണ്ടത്‌. ദാരിദ്ര്യനിർമാർജനത്തിൽ ഈ പാതയിലാണ്‌ ‌ചൈന നീങ്ങുന്നതെന്ന്‌ ലി കെഖിയാങ്ങിന്റെ പ്രസ്‌താവന വ്യക്തമാക്കുന്നു.

ഇന്ത്യ
ഇന്ത്യയിൽ 2011ലെ സെൻസസ്‌ പ്രകാരം, ദിവസം 27 രൂപയിൽ കുറവ്‌ വരുമാനമുള്ളവരെയാണ്‌ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരായി പരിഗണിച്ചത്‌. ജനസംഖ്യയുടെ 22 ശതമാനം, അതായത്‌ 27 കോടിയോളം പേർ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണെന്നും കണ്ടെത്തി. അതേസമയം യുഎൻ സുസ്ഥിരവികസനലക്ഷ്യങ്ങൾ മാനദണ്ഡമാക്കിയാൽ ഇന്ത്യയിൽ 55 ശതമാനം പേരും ദാരിദ്ര്യത്തിലാണെന്ന്‌ യുഎൻഡിപി ചൂണ്ടിക്കാണിക്കുന്നു. ലോകബാങ്ക്‌ റിപ്പോർട്ട്‌ പ്രകാരം രാജ്യത്ത്‌ 40 ശതമാനം പേരും എഡിബി റിപ്പോർട്ടുപ്രകാരം 50 ശതമാനം പേരും ദാരിദ്ര്യത്തിലാണ്‌. നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ്‌ ഇക്കണോമിക്‌ റിസർച്ചിന്റെ പഠനവും ഈ നിഗമനങ്ങൾ ശരിവയ്‌ക്കുന്നു. ഇതനുസരിച്ചാണെങ്കിൽ ഇന്ത്യയിൽ 75 കോടി ദരിദ്രരുണ്ട്.


പ്രധാന വാർത്തകൾ
 Top