26 June Wednesday

'മത്സ്യത്തൊഴിലാളികളോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു'; രക്ഷകരെ ജനീവയിലും പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

ജനീവ > പ്രളയകാലത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ യുഎന്നിലെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലും പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കടലിനോട് മല്ലടിച്ച് നിത്യവൃത്തി കഴിക്കുന്ന മത്സ്യത്തൊഴിലാളിസമൂഹത്തോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്നും അവരുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലുമധികം ജീവനുകള്‍ പ്രളയത്തില്‍ നഷ്ടപ്പെടുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനം ജാഗരൂകമായി മുഴവന്‍ സമയവും ഈ പ്രതിസന്ധി നേരിടാനായി പ്രവര്‍ത്തനനിരതമായിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്താന്‍ എല്ലാ ദിവസവും യോഗം ചേര്‍ന്നു. സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കൊപ്പം സായുധസേനാംഗങ്ങളും ഇതില്‍ മുഖ്യപങ്കുവഹിച്ചു. വീടുകളിലകപ്പെട്ടുപോയ ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥലങ്ങളിലെത്തിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന നല്‍കിയത്. സാമൂഹിക പങ്കാളിത്തത്തോടെ ഇത് വളരെ ഫലപ്രദമായി ചെയ്യാന്‍ സാധിച്ചു.

ആയിരക്കണക്കിന് പൗരന്മാരുടെയും പ്രവാസി മലയാളികളുടെയും സഹായ ഏജന്‍സികളുടെയും സംഭാവനകള്‍ സംഭരിക്കാനും കാര്യക്ഷമമായി വിനിയോഗിക്കാനും സാധിച്ചു. നമ്മുടെ സംസ്ഥാനത്ത് സാധാരണ സ്ഥിതി വളരെ പെട്ടെന്ന് പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു. അടിസ്ഥാന പശ്ചാത്തല സൗകര്യമായ വൈദ്യുതിവിതരണം റെക്കോഡ് സമയത്തിനുള്ളില്‍ പുനഃസ്ഥാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സിവില്‍ സമൂഹത്തിന്റെയും ബഹുജന സംഘടനകളുടെയും പങ്കാളിത്തത്തോടെ പ്രളയ ബാധിത വീടുകളുടെ ശുചീകരണവും, കുടിവെള്ളം, മരുന്നുകള്‍, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാക്കി.

കേരളീയ സമൂഹം ഈ പ്രകൃതിദുരന്തത്തെ അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തോടെയാണ് നേരിട്ടത്. പ്രത്യേകിച്ച് യുവാക്കളും വിദ്യാര്‍ത്ഥികളും അസാധാരണമായ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചു. കേരള സമൂഹത്തില്‍ വേരൂന്നിയ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടതുകൊണ്ടാണ് അവര്‍ക്കിത് സാധ്യമായത്. നമ്മുടെ സമൂഹം മതനിരപേക്ഷ മൂല്യങ്ങളിലധിഷ്ഠിതമായതിനാല്‍ ഈ പ്രകൃതിദുരന്തമുയര്‍ത്തിയ വെല്ലുവിളി നേരിടുന്നതില്‍ ഏകമനസ്സോടെ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top