29 May Friday

ഋതുമതിയായാൽ വിവാഹത്തിന്‌ നിയമസാധുതയെന്ന്‌ പാക്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

പ്രതീകാത്മക ചിത്രം

കറാച്ചി >  പ്രായപൂർത്തിയാകാത്ത ക്രിസ്‌ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ച സംഭവത്തിൽ പെൺകുട്ടി ഋതുമതിയായതിനാൽ വിവാഹം ശരിയത്ത്‌ നിയമപ്രകാരം സാധുവാണെന്ന്‌ പാകിസ്ഥാൻ കീഴ്‌ക്കോടതി. പ്രായപൂർത്തിയായില്ലെങ്കിൽക്കൂടി ആദ്യ ആർത്തവചക്രം കഴിഞ്ഞാൽ ശരിയത്ത്‌ നിയമമനുസരിച്ച്‌ പെൺകുട്ടിക്ക്‌ കല്യാണം കഴിക്കാമെന്ന വിചിത്രവാദമാണ്‌ കോടതി ഉന്നയിച്ചത്‌. വിധിക്കെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിക്കും.

കഴിഞ്ഞ വർഷമാണ്‌  14 വയസ്സുമാത്രമുണ്ടായിരുന്ന ഹുമയെ അബ്ദുൾ ജബ്ബാർ തട്ടിക്കൊണ്ടു പോയത്‌.  2014ൽ പാസായ സിന്ധ്‌ ശൈശവ വിവാഹ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലല്ല വിധി പറഞ്ഞതെന്ന്‌ ഹുമയുടെ പിതാവ്‌ ആരോപിച്ചു. ഈ നിയമമനുസരിച്ച്‌ 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ വിവാഹം നിയമപരമായി റദ്ദാക്കിയിരുന്നു. 

 കേസ്‌ അന്വേഷിക്കുന്ന പൊലീസ്‌ ഉദ്യോഗസ്ഥനെ പ്രതി സ്വാധീനിക്കുന്നുണ്ടെന്നും ഇതിനാൽ ഹുമയുടെ പ്രായം തിരുത്തി കോടതിയിൽ രേഖ സമർപ്പിക്കുമോ എന്ന്‌ രക്ഷിതാക്കൾക്ക്‌ ഭയമുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. പ്രായം നിർണയിക്കുന്നതുവരെ ഹുമയെ സ്‌ത്രീകൾക്കായ അഭയകേന്ദ്രത്തിൽ സംരക്ഷിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന സ്‌കൂൾ, പള്ളി രേഖകൾ മാതാപിതാക്കൾ കോടതിയിൽ ഹാജരാക്കിയിരുന്നു.


പ്രധാന വാർത്തകൾ
 Top