21 November Thursday

സൗദിയില്‍ വനിതകള്‍ക്ക് ഹോട്ടല്‍ താമസത്തിന് പുരുഷ രക്ഷകര്‍ത്താവ് വേണ്ട

അനസ് യാസിന്‍Updated: Saturday Oct 5, 2019

മനാമ >   സൗദിയില്‍ വനിതാ വിനോദ സഞ്ചാരികള്‍ക്ക് പുരുഷ രക്ഷകര്‍ത്താവില്ലാതെ തന്നെ സന്ദര്‍ശക പാര്‍പ്പിട കേന്ദ്രങ്ങളില്‍ തങ്ങാമെന്ന് ടൂറിസം കമ്മീഷന്‍. എന്നാല്‍, താമസ കേന്ദ്രങ്ങളില്‍ സ്വദേശി സ്ത്രീകള്‍ തിരിച്ചറിയല്‍ കാര്‍ഡോ, കുടുംബ രജിസ്റ്ററോ നിര്‍ബന്ധമായും ഹാജരാക്കണം. പ്രവാസി വനിതകള്‍ യഥാര്‍ഥ പാസ്പോര്‍ട്ടാണ് കാണിക്കേണ്ടത്.
ഹോട്ടലുകളിലും ഇത് ബാധകമാണ്.

എന്നാല്‍, പുരുഷ രക്ഷകര്‍ത്താവിന്റെകൂടെയല്ലാതെ വരുന്ന സ്ത്രീകള്‍ക്ക് തിരിച്ചറിയല്‍ രേഖയില്ലാതെ താമസ സ്ഥലം നല്‍കരുതെന്നും അവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കുടുംബത്തോടൊപ്പം താമസകേന്ദ്രം അന്വേഷിച്ചുവരുന്ന പുരുഷന്‍ തിരിച്ചറിയല്‍ രേഖയോ കുടുംബ രജിസ്റ്ററോ കരുതണമെന്ന നിയമം ടൂറിസം വകുപ്പ് റദ്ദാക്കി. നേരത്തെ ഇത് നിര്‍ബ്ന്ധമായിരുന്നു. പുതിയ തീരുമാനം സ്വദേശികള്‍, പ്രവാസികള്‍, വിദേശ വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്കെല്ലാം ബാധകമാണ്.

രാജ്യത്തേക്ക് സന്ദര്‍ശകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ടൂറിസ്റ്റ് വിസ കഴിഞ്ഞ മാസാവസാനമാണ് സൗദിയില്‍ പ്രാബല്യത്തില്‍ വന്നത്. ഇതുപ്രകാരം വനിതാ ടൂറിസ്റ്റുകള്‍ക്ക് അബായ (ശിരോവസ്ത്രം) നിര്‍ബന്ധമല്ല. മാന്യമായ വേഷവിധാനങ്ങള്‍ പാലിക്കണമെന്നുമാത്രമാണ് നിബന്ധന.

സ്ത്രീകള്‍ക്കായി അഭൂതപൂര്‍വമായ സാമൂഹ്യ, സാമ്പത്തിക പരിഷ്‌കാരങ്ങളാണ് സൗദി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസമാണ് സൈന്യത്തില്‍ ചേരാന്‍ സൗദി വനിതകള്‍ക്കും അനുമതി നല്‍കിയത്. കഴിഞ്ഞ ആഗസ്തില്‍ പിതാവിന്റെയോ ഭര്‍ത്താവിന്റെയോ അനുമതിയില്ലാതെ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനും തങ്ങളുടെയും മക്കളുടെയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുകയും കാര്‍ ഓടിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.

 


പ്രധാന വാർത്തകൾ
 Top