31 March Tuesday

ഫിലിപ്പീന്‍സില്‍ 9 ഡോക്ടര്‍മാർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

മനില
ഫിലിപ്പീന്‍സില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരില്‍ ഒമ്പത് ഡോക്ടര്‍മാരും. ആശുപത്രികള്‍ രോഗികളാല്‍ നിറയുമ്പോള്‍ സുരക്ഷാസാമഗ്രികളില്ലാതെ പരിചരിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ആകെ 38 കൊറോണ മരണം മാത്രമെ  സ്ഥിരീകരിച്ചിട്ടുള്ളുവെങ്കിലും ഇത്രത്തോളം ഡോക്ടര്‍മാര്‍ക്ക് ജീവഹാനി സംഭവിച്ചത് സ്ഥിതി അതീവഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

രോഗം തടയാന്‍ രാജ്യത്തെ പ്രധാന ദ്വീപായ ലുസോണ്‍ രണ്ടാഴ്ചയായി പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണെങ്കിലും രോഗവ്യാപനം തീവ്രമായെന്ന് ഫിലിപ്പീന്‍സ് മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. അഞ്ചരക്കോടി ആളുകളാണ് ലുസോണില്‍ മാത്രമുള്ളത്. ഡോക്ടര്‍മാര്‍  രോഗവാഹകരായി മാറുന്ന സാഹചര്യമുണ്ടായിരിക്കുകയാണെന്ന് മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്  ബെനിറ്റോ അറ്റിയന്‍സ വെളിപ്പെടുത്തി.

രോഗഭീതിയില്‍ 14  ദിവസത്തെ നിരീക്ഷണത്തില്‍ കഴിയുകയാണ് നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍. പൂര്‍ണശേഷി കവിഞ്ഞതിനാല്‍ ഇനി രോഗികളെ സ്വീകരിക്കില്ലെന്ന്  മനിലയിലെ മൂന്ന് പ്രധാന ആശുപത്രികള്‍ പ്രസ്താവനയിറക്കി. രണ്ടായിരത്തില്‍ താഴെ ആളുകളില്‍ മാത്രമേ ഇതുവരെ സ്രവപരിശോധന നടത്താന്‍ കഴി‍ഞ്ഞിട്ടുള്ളുവെന്നാണ് റിപ്പോ‍‍ര്‍ട്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top