22 February Friday

കലുഷം, പ്രത്യാശ ; ഇടതുപക്ഷ മുന്നേറ്റം, ലോകം@ 2017

വി ബി പരമേശ്വരന്‍Updated: Sunday Dec 31, 2017

അമേരിക്കയിലും യൂറോപ്പിലും തീവ്രവലതുപക്ഷത്തിന് മുന്നേറ്റം നേടാനായ വര്‍ഷമാണ് കടന്നുപോയതെങ്കിലും ഇടതുപക്ഷ ശക്തികള്‍ക്കും സമാനമുന്നേറ്റങ്ങള്‍ നേടാനായി. ഫ്രാന്‍സില്‍ മെലന്‍ഷോണിന്റെ അണ്‍ബൌണ്ട് ഫ്രാന്‍സ്, ജര്‍മനിയില്‍ ഡൈ ലിങ്കേ പാര്‍ടി എന്നീ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ വോട്ടും സീറ്റും വര്‍ധിപ്പിച്ചു. സ്പെയിനിലെ പെഡമോസും ശക്തിയാര്‍ജിച്ചുവരികയാണ്. ബ്രിട്ടനില്‍ ജെറെമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ടിക്ക് വന്‍ മുന്നേറ്റം നടത്താനായി. പോര്‍ച്ചുഗലില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിന്തുണയോടെയുള്ള സോഷ്യലിസ്റ്റ് പാര്‍ടി സര്‍ക്കാരാണ് അധികാരത്തിലുള്ളത്.

നേപ്പാളിനുമേല്‍ ചെന്താരകം

'നേപ്പാളിനുമേല്‍ ചെന്താരകം'- റഷ്യന്‍ വിപ്ളവത്തിന്റെ നൂറാംവാര്‍ഷിക വര്‍ഷം ചരിത്രത്തില്‍ കുറിച്ചിട്ട വാക്കുകള്‍ ഇതായിരിക്കും. റാണ ഭരണകാലത്ത് ഹിന്ദുരാഷ്ട്രമായി അറിയപ്പെട്ട നേപ്പാളില്‍, കമ്യൂണിസ്റ്റ് പാര്‍ടിക്ക് പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ച വര്‍ഷമാണ് 2017. അരഡസനോളം തവണ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ ഹിമാലയന്‍ രാഷ്ട്രത്തില്‍ അധികാരമേറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്.
നേപ്പാള്‍ പാര്‍ലമെന്റിലേക്കും പ്രവിശ്യകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ സഖ്യം ഉജ്വലവിജയമാണ് നേടിയത്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നീ കക്ഷികള്‍ ചേര്‍ന്നുള്ള സഖ്യം 165ല്‍ 110 സീറ്റ് നേടി അധികാരത്തിലെത്തി. ഭരണകക്ഷിയായിരുന്ന നേപ്പാളി കോണ്‍ഗ്രസിന് വെറും 21 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. 

ആവേശമായി ലാറ്റിനമേരിക്ക


ഫിദല്‍ കാസ്ട്രോയുടെ മരണത്തിനുശേഷവും ലാറ്റിനമേരിക്കയിലെയും കരീബിയയിലെയും ഇടതുപക്ഷ ശബ്ദമായി, കരുത്തായി ക്യൂബ നിലയുറപ്പിച്ചിരിക്കുന്നു. അനശ്വരനായ ഹ്യൂഗോ ഷാവേസിന്റെ മരണശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വെനസ്വേലയിലെ നിക്കോളസ് മഡുറോ സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കിലും വലതുപക്ഷ അട്ടിമറിനീക്കങ്ങളെ അതിജീവിച്ച് ജനങ്ങളുടെ വിപുലമായ പിന്തുണ നേടി പിടിച്ചുനില്‍ക്കുകയാണ്. ഭരണഘടനാസഭയിലേക്കും 23 മേയര്‍സ്ഥാനങ്ങളിലേക്കും പ്രാദേശികസമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി മഡുറോയുടെ വെനസ്വേലന്‍ സോഷ്യലിസ്റ്റ് പാര്‍ടി രാഷ്ട്രീയാധികാരം തിരിച്ചുപിടിച്ചു. 2018ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സോഷ്യലിസ്റ്റ് പാര്‍ടി വിജയിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഇക്വഡോറിലും ഈവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യമായ പായിസ് അലയന്‍സ് വിജയിച്ചു. ഒരു ദശാബ്ദം രാജ്യത്തെ നയിച്ച റാഫേല്‍ കൊഹീയയുടെ പിന്‍ഗാമിയായി സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി ലെനിന്‍ മെറേനോ തെരഞ്ഞെടുക്കപ്പെട്ടു. വലതുപക്ഷ മാധ്യമങ്ങളുടെയും എക്സിറ്റ് പോളുകളുടെയും പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇക്വഡോര്‍ ജനത വീണ്ടും ഇടതുപക്ഷത്തെ വിജയിപ്പിച്ചത്. നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗയെന്ന ഇടതുപക്ഷക്കാരന്‍ മൂന്നാംതവണയും തുടര്‍ച്ചയായി അധികാരത്തില്‍വന്നു. 60 ശതമാനത്തിലധികം വോട്ട് നേടിയാണ് സാന്‍ഡിനിസ്റ്റ വിപ്ളവപ്രസ്ഥാനത്തിന്റെ നേതാവായ ഒര്‍ട്ടേഗ അധികാരമേറിയത്. ചിലിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വലതുപക്ഷം വിജയിച്ചെങ്കിലും ഫ്രണ്ടെ ആംപ്ളിയോ എന്ന ഇടതുപക്ഷപ്രസ്ഥാനം വന്‍ മുന്നേറ്റമാണ് നടത്തിയത്. ബൊളീവിയയില്‍ അമേരിക്കയുടെ കടുത്ത വിമര്‍ശകനായ ഇവോ മൊറാലിസ് ഭരണം തുടരുകയാണ്. മുന്‍വര്‍ഷങ്ങളിലെ തിരിച്ചടികള്‍ അതിജീവിച്ച് ലാറ്റിനമേരിക്കന്‍ ഇടതുപക്ഷം മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ 50-ാംവാര്‍ഷികം ലാറ്റിനമേരിക്കയിലെങ്ങും വര്‍ധിച്ച ആവേശത്തോടെ ആചരിച്ചതും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സജീവ സാന്നിധ്യമാണ് വിളിച്ചറിയിച്ചത്.

യുഎസിന് ആധിപത്യംനഷ്ടമാകുന്നു

ലോകത്തിലെ ഏറ്റവും വലിയ സൈനിക, സാമ്പത്തിക ശക്തിയായി അമേരിക്ക തുടരുമ്പോഴും അവരുടെ ആധിപത്യവാഴ്ചയില്‍ വിള്ളല്‍ വീണുകൊണ്ടിരിക്കുകയാണെന്ന് പോയവര്‍ഷത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. 'അമേരിക്ക ഫസ്റ്റ' എന്ന മുദ്രാവാക്യം ഉയര്‍ത്തി അമേരിക്കയെ ഡോണള്‍ഡ് ട്രംപ് ദുര്‍ബലമാക്കിയെന്ന് പരിതപിക്കുന്നത് 'ഇക്കോണമിസ്റ്റ്' വാരികയാണ്. ലോകവേദികളില്‍ അമേരിക്കയ്ക്ക് നിലവിലുള്ള വിശ്വാസ്യതയ്ക്ക് ഇടിച്ചലുണ്ടാക്കുന്ന തീരുമാനങ്ങളാണ് തുടര്‍ച്ചയായി ഉണ്ടാകുന്നത്. ട്രാന്‍സ് പസിഫിക് പാര്‍ട്ണര്‍ഷിപ് കരാറില്‍നിന്നും കാലാവസ്ഥവ്യതിയാന പാരീസ് സംഭാഷണങ്ങളില്‍നിന്നും അമേരിക്ക പിന്മാറിയതും അവര്‍ക്ക് ലോകരാഷ്ട്രീയത്തിലുള്ള മേല്‍ക്കൈ നഷ്ടപ്പെടുത്താനാണ് വഴിയൊരുക്കുന്നത്. ഇറാനുമായുള്ള ആണവകരാറില്‍നിന്നും ക്യൂബയുമായുള്ള നയതന്ത്രബന്ധ പുനഃസ്ഥാപന കരാറില്‍നിന്നും പൂര്‍ണമായും പിന്‍വാങ്ങാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ ട്രംപ്. ഐക്യരാഷ്ട്രസംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ഏജന്‍സികളിലൊന്നായ യുനെസ്കോയില്‍നിന്ന് അമേരിക്ക പിന്മാറാന്‍ തീരുമാനിച്ചതും നാറ്റോയ്ക്കുള്ള സഹായം വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനവും മറ്റും അമേരിക്കയ്ക്ക് അവരുടെതന്നെ ശിങ്കിടികളായ ജര്‍മനിയുടെയും ജപ്പാന്റെയും മറ്റും പിന്തുണ ഇല്ലാതാക്കി.

ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയും അവരെ ലോകരാഷ്ട്രീയത്തില്‍ ഒറ്റപ്പെടുത്തി. സിറിയന്‍ യുദ്ധത്തിലും ഐഎസിനെ പരാജയപ്പെടുത്തുന്നതിലും അമേരിക്കയേക്കാള്‍ റഷ്യക്ക് ലഭിച്ച മുന്‍കൈയും അമേരിക്കന്‍ ദുര്‍ബലതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ലോകമുതലാളിത്ത ശക്തികള്‍ തമ്മിലുള്ള ആശയഭിന്നതയ്ക്ക് ട്രംപിന്റെ വരവോടെ ആഴം കൂടിയിട്ടുണ്ടെന്ന് വേണം കരുതാന്‍. ചൈന എന്ന പൊതുശത്രുവിനെതിരെ ഇവര്‍ രൂപീകരിക്കുന്ന ക്വാഡ് സഖ്യത്തിന്റെ രൂപീകരണം ഈ യാഥാര്‍ഥ്യമാണ് തുറന്നുകാട്ടുന്നത്. നിലവില്‍ സാമ്പത്തികരംഗത്ത് രണ്ടാംശക്തിയായ ചൈന സമീപഭാവിയില്‍തന്നെ അമേരിക്കയെ കടത്തിവെട്ടുന്ന സാമ്പത്തികശക്തിയായി മാറുമെന്നാണ് പ്രവചനം. ലോകത്തിലെതന്നെ ഏറ്റവും വലിയ സൈനിക ശക്തിയാകാനും 19-ാമത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടികോണ്‍ഗ്രസ് സര്‍ക്കാരിന് അനുമതി നല്‍കി. അതായത് ചൈനീസ് വിപ്ളവത്തിന്റെ നൂറാംവാര്‍ഷികം ആഘോഷിക്കുന്ന 2049ല്‍ അമേരിക്കയേക്കാളും വലിയ സാമ്പത്തിക- സൈനിക ശക്തിയാകുകയാണ് ചൈനയുടെ ലക്ഷ്യം.

ഉത്തരകൊറിയയെ കവലച്ചട്ടമ്പിയായി ചിത്രീകരിച്ച് പരോക്ഷമായി ചൈനയെ അധിക്ഷേപിക്കാനുള്ള അമേരിക്കയുടെ നീക്കവും പരാജയപ്പെടുകയാണ്. ആണവപരീക്ഷണം നടത്തിയതിന് ഒരു രാജ്യം ശിക്ഷയ്ക്ക് അര്‍ഹമെങ്കില്‍ ആ ശിക്ഷ ആദ്യം ഏറ്റുവാങ്ങേണ്ടത് അമേരിക്കയല്ലേ? ഹിരോഷിമയിലും നാഗസാക്കിയയിലും ലക്ഷങ്ങളെ കരിച്ചുകളഞ്ഞ അമേരിക്കയെ ശിക്ഷിച്ചിട്ടാകാം ഉത്തരകൊറിയക്കെതിരെയുള്ള ഹാലിളക്കം എന്ന വാദം ശക്തിപ്പെടുകയാണ്.

ഉപരോധം ചെറുത്ത് ഖത്തര്‍

സൌദി അറേബ്യയും ഈജിപ്തും ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത് 2017ല്‍ വലിയ വാര്‍ത്തയായി. ഗള്‍ഫ് മേഖലയില്‍ നടാടെയായിരുന്നു ഇത്തരമൊരു നടപടി. ഉപരോധത്തെ തുടര്‍ന്ന് ഖത്തറില്‍ ജനജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങി. എണ്ണസമ്പന്നമായ ചെറുദ്വീപില്‍ ജോലിനോക്കുന്ന മലയാളികളടക്കമുള്ള പ്രവാസികളെയും ഉപരോധം സാരമായി ബാധിച്ചു. പലരും നാട്ടിലെത്താനാകാതെ വലഞ്ഞു.

യുഎഇ, ബഹ്റൈന്‍, യമന്‍, ലിബിയ എന്നിവയും ആദ്യഘട്ടത്തില്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തി. പിന്നീട് മാലദ്വീപും മൌറീഷ്യസും ഉപരോധത്തില്‍ ചേര്‍ന്നു. എത്തിഹാദ് എയര്‍ലൈന്‍സ്, എമിറേറ്റ്സ്, ഗള്‍ഫ് എയര്‍, സൌദി എയര്‍ലൈന്‍സ് എന്നിവ ഖത്തറിലേക്കുള്ള സര്‍വീസ് നിര്‍ത്തി. ഖത്തര്‍ എയര്‍വേസിന് ഈ രാജ്യങ്ങളില്‍ സര്‍വീസിനുള്ള അനുമതി പിന്‍വലിച്ചു. സൌദിയിലേക്കുള്ള സര്‍വീസ് ഖത്തര്‍ എയര്‍വേസ് നിര്‍ത്തിവച്ചു. ഈജിപ്തിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഖത്തറില്‍നിന്നുള്ള കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. യമനില്‍ ഹുതി വിമതര്‍ക്കെതിരെ പൊരുതുന്ന സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍നിന്ന് ഖത്തറിനെ പുറത്താക്കി.

അമേരിക്കന്‍ സഖ്യകക്ഷികളായ അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഏറെക്കാലമായി നീറിനിന്ന ഭിന്നതയാണ് മുമ്പെങ്ങുമില്ലാത്തവിധം പൊട്ടിത്തെറിച്ചത്. മേഖലയെ അസ്ഥിരപ്പെടുത്താന്‍ ഐഎസ്, അല്‍ ഖായ്ദ, ഇഖ്വാനുല്‍ മുസ്ളിമീന്‍ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നു എന്ന ആരോപണമാണ് ഖത്തറിനെതിരായ നീക്കത്തിനായി ചൂണ്ടിക്കാട്ടിയത്. ഇറാന്‍, ഈജിപ്തിലെ നിരോധിതസംഘടനയായ മുസ്ളിം ബ്രദര്‍ഹുഡ് തുടങ്ങിയവയുമായി ഖത്തര്‍ പുലര്‍ത്തുന്ന സൌഹൃദമാണ് പ്രതികാരനടപടിക്ക് കാരണമായി പറയുന്നത്. ഖത്തറിലെ എംബസികള്‍ അടച്ച രാജ്യങ്ങള്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പിന്‍വലിച്ചു. ഖത്തറിലേക്കുള്ള കര-വ്യോമ-സമുദ്രമാര്‍ഗങ്ങളെല്ലാം അടച്ചുപൂട്ടി. ഈജിപ്ത്, സൌദി അറേബ്യ, ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ അല്‍ ജസീറ ഉള്‍പ്പെടെയുള്ള ഖത്തറിന്റെ വാര്‍ത്താ വെബ്സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
നീതീകരിക്കാനാകാത്ത തീരുമാനമാണ് മറ്റ് രാജ്യങ്ങളുടേതെന്നും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമായിരുന്നു ഖത്തറിന്റെ പ്രതികരണം. തങ്ങളുടെ ത്വരിതഗതിയിലുള്ള പുരോഗതി തടയുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ടെന്നും ഖത്തര്‍ പ്രതികരിച്ചു. ഉപരോധം നീക്കാനായി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാനും അവര്‍ തയ്യാറായില്ല.

അതിരില്ലാത്ത രോഹിന്‍ഗ്യ വേദന

പിറന്ന മണ്ണില്‍നിന്ന് ഒരു ജനതയുടെ പലായനത്തിന്റെ ചിത്രങ്ങളാണ് പിന്നിടുന്ന വര്‍ഷം ലോകമനസ്സാക്ഷിയുടെ നെഞ്ചുപിളര്‍ന്നത്. ദുരിതങ്ങള്‍ ആളിക്കത്തിയ സ്വന്തം നാട്ടിലെ ദുരന്തമുഖത്തുനിന്ന് ജീവന്‍മാത്രമെടുത്ത് കിതച്ചും വിയര്‍ത്തും അതിര്‍ത്തികള്‍ കടന്നവരുടെ എണ്ണം ആറുലക്ഷം കവിയും. രോഹിന്‍ഗ്യകള്‍ 2017ല്‍ ലോകത്തിന്റെ വേദനയാകുന്നു. ഏകദേശം 6.30 ലക്ഷം രോഹിന്‍ഗ്യകള്‍ മ്യാന്‍മറിലെ വംശഹത്യയില്‍നിന്ന് രക്ഷപ്പെട്ട് അയല്‍രാജ്യമായ ബംഗ്ളാദേശിലേക്ക് അഭയംതേടി എത്തിയെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. വെറും മൂന്നരമാസത്തിനുള്ളിലാണ് ഇത്രയുംപേര്‍ സ്വന്തം രാജ്യംവിട്ട് ഓടേണ്ടിവന്നത്.

അഭയാര്‍ഥികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡിലെത്തിയ ലോകത്തിന് ചര്‍ച്ചചെയ്യാന്‍ പിന്നിട്ട വര്‍ഷം സമ്മാനിച്ച മറ്റൊരു വിഷയമായി രോഹിന്‍ഗ്യകള്‍. മ്യാന്‍മറില്‍ പതിറ്റാണ്ടുകളായി നീറിനിന്ന ദുരിതം ആളിക്കത്തിയപ്പോള്‍ ഈ ലോകത്ത് കുറെ മനുഷ്യര്‍കൂടി അഭയാര്‍ഥികളായി. ബുദ്ധന്റെ അനുയായികളാണ് മ്യാന്‍മറില്‍ രോഹിന്‍ഗ്യകള്‍ക്കെതിരെ പടനയിക്കുന്നത്. സൈന്യം രോഹിന്‍ഗ്യകളെ വംശഹത്യചെയ്യുകയാണ്. കൂട്ടക്കുരുതിയും കൂട്ടപ്പലായനവും സൃഷ്ടിച്ച സൈനികനടപടിയെ ലോകം ഒന്നടങ്കം അപലപിക്കുമ്പോഴും മ്യാന്‍മര്‍ സ്വയം ന്യായീകരിക്കുന്നു. 

മുമ്പും പലവട്ടം രോഹിന്‍ഗ്യകള്‍ സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും കടന്നാക്രമണത്തിന് ഇരയായിട്ടുണ്ട്. 1970കളിലായിരുന്നു ആദ്യത്തെ ആക്രമണപരമ്പര. '92ല്‍ രോഹിന്‍ഗ്യകള്‍ വീണ്ടും ആസൂത്രിതമായ വംശീയ ആക്രമണങ്ങള്‍ക്ക് ഇരയായി. ഇത്തവണ പ്രശ്നം ഏറെ ഗുരുതരമാണ്. എന്തുവന്നാലും ഈ വംശത്തെ പുറത്താക്കുകയെന്ന അജന്‍ഡയോടെയാണ് ആസൂത്രിതനീക്കം. കഴിഞ്ഞ ആഗസ്ത് 25നാണ് ആക്രമണം. അതിഭീകരമായ അടിച്ചമര്‍ത്തലില്‍ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനിലെ രോഹിന്‍ഗ്യന്‍ വംശജര്‍ കൊടുംക്രൂരതയ്ക്കിരയായി. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങള്‍ പലായനംചെയ്തു. മ്യാന്‍മറില്‍ നടക്കുന്നത് വംശഹത്യയാണെന്ന് യുഎന്‍ മനുഷ്യാവകാശ കമീഷന്‍ അഭിപ്രായപ്പെട്ടു.

മ്യാന്‍മറില്‍ പത്തുലക്ഷത്തോളം രോഹിന്‍ഗ്യന്‍ വംശജരുണ്ടെന്നാണ് കണക്ക്. ഇവരില്‍ ബഹുഭൂരിപക്ഷം മുസ്ളിങ്ങളും ചെറിയൊരു വിഭാഗം ഹിന്ദുമതവിശ്വാസികളും. ഇപ്പോഴത്തെ ബംഗ്ളാദേശിലും ഇന്ത്യയുടെ പശ്ചിമബംഗാളിലുംനിന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് കുടിയേറി എത്തിയവരാണ് മ്യാന്‍മറിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ റാഖൈന്‍ സംസ്ഥാനത്ത് താമസമുറപ്പിച്ചത്. എത്രയോ തലമുറകളായി ആ മണ്ണില്‍ ജീവിക്കുന്ന രോഹിന്‍ഗ്യകള്‍ക്ക് അവരുടെ ജന്മരാജ്യം മ്യാന്‍മര്‍തന്നെയാണ്. പക്ഷേ, ഇക്കാര്യം അംഗീകരിക്കാന്‍ മ്യാന്‍മര്‍ ഭരണകൂടവും തീവ്രദേശീയവാദികളായ ഭൂരിപക്ഷ ബുദ്ധസമൂഹവും തയ്യാറല്ല. രോഹിന്‍ഗ്യ എന്ന പേരുപോലും അവര്‍ ഉച്ചരിക്കില്ല.

പൌരത്വമോ വോട്ടവകാശമോ ആനുകൂല്യങ്ങളോ ഒന്നുമില്ലാത്തവരാണ് രോഹിന്‍ഗ്യകള്‍. പിറന്ന മണ്ണില്‍ ജീവിക്കാന്‍ നിയമപരമായ അവകാശംപോലുമില്ലാത്ത ഈ സമൂഹമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തല്‍ നേരിടുന്ന ന്യൂനപക്ഷ ജനവിഭാഗമെന്ന് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി. രാഷ്ട്രമില്ലാത്ത ഏറ്റവും വലിയ ജനവിഭാഗമെന്ന് ഹ്യൂമന്റൈറ്റ്സ് വാച്ചിന്റെ വിലയിരുത്തല്‍.

ലോകത്താകമാനം രോഹിന്‍ഗ്യകളോട് സഹതാപവും അനുകമ്പയും ഉണരുമ്പോഴും ബുദ്ധാനുയായികളുടെ നാട്ടില്‍ ഒരാള്‍പോലും അവര്‍ക്കുവേണ്ടി സംസാരിക്കുന്നേയില്ല. സൈന്യത്തിന്റെ എല്ലാ പൈശാചികതയ്ക്കും അവര്‍ ഉത്സാഹഭരിതമായ പിന്തുണ നല്‍കുകയും ചെയ്യുന്നു. ജനാധിപത്യ പ്രക്ഷോഭനായിക ഓങ് സാന്‍ സൂ ചിക്കുപോലും രോഹിന്‍ഗ്യപ്രശ്നത്തില്‍ മൌനംപൂകേണ്ടിവന്നു. പട്ടാളഭരണകൂടത്തിന്റെ മനുഷ്യാവകാശധ്വംസനത്തിന്റെ ഇരയായി ലോകമറിഞ്ഞ, ലോകരാഷ്ട്രങ്ങള്‍ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച സൂ ചി സ്വന്തം ഭരണത്തിനുകീഴില്‍ നടക്കുന്ന മനുഷ്യക്കശാപ്പിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല.

യുഎസിനെ വിരട്ടി  ഉത്തര കൊറിയ

അമേരിക്കയുടെ പ്രകോപനത്തിനും വെല്ലുവിളിക്കും അതേനാണയത്തില്‍ മറുപടി നല്‍കി ഉത്തര കൊറിയ വാര്‍ത്തകളില്‍ നിറഞ്ഞു. അമേരിക്കയിലെവിടെയും ആക്രമണത്തിന് ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചാണ്  ഈവര്‍ഷം അവര്‍ ലോകത്തെ ഞെട്ടിച്ചത്. 4475 കിലോമീറ്റര്‍ ഉയരത്തിലെത്തിയ മിസൈല്‍ 950 കിലോമീറ്റര്‍ ദൂരം താണ്ടി.

അമേരിക്കവരെ ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ വിജയകരമായി ആവര്‍ത്തിച്ചതോടെ ഉത്തര കൊറിയയുമായി ശത്രുതയില്ലെന്നും അവിടെ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പരസ്യപ്രസ്താവന നടത്തി. ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കാന്‍ തങ്ങളും നിര്‍ബന്ധിതമാകുമെന്ന് പ്രഥമ പ്രസിഡന്റ് കിം ഇല്‍ സുങ്ങിന്റെ 105-ാം ജന്മവാര്‍ഷികാഘോഷദിനത്തിനിടെ ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെയും സഖ്യശക്തികളുടെയും നിരന്തരഭീഷണിയെ വെല്ലുവിളിച്ച് മുന്നേറാനും സ്വയം പ്രതിരോധിക്കാനും ആണവശേഷി അനിവാര്യമാണെന്ന പ്രഖ്യാപനമാണ് ഉത്തരകൊറിയ നടത്തിയത്.

യുഎന്‍ വിലക്കുകള്‍ ലംഘിച്ച് തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണം നടത്തുന്ന പശ്ചാത്തലത്തില്‍ ഉത്തര കൊറിയക്കെതിരായ ഉപരോധം കടുപ്പിച്ചു. ഉപരോധംകൊണ്ട് തങ്ങളെ തകര്‍ക്കാനാകില്ലെന്നും മിസൈല്‍ പരീക്ഷണം തുടരുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ക്വാങ്യോങ്സോങ് എന്ന ഉപഗ്രഹവും ഉത്തരകൊറിയ വിക്ഷേപിച്ചു.

വിദ്വേഷം പടര്‍ത്തി  ട്രംപ് 

അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു. ബറാക് ഒബാമയുടെ പിന്‍ഗാമിയായി ട്രംപ് വൈറ്റ്ഹൌസിലെത്തിയതോടെ അമേരിക്കന്‍ സാമ്രാജ്യത്വം കൂടുതല്‍ ആക്രമണോത്സുകമായി. സ്വന്തം രാജ്യത്തുപോലും വംശീയവിദ്വേഷം പടര്‍ത്തുന്നതായി ട്രംപിന്റെ നയങ്ങളും നിലപാടുകളും. ലോകത്ത് അമേരിക്കന്‍ മേധാവിത്വം ചോദ്യംചെയ്യപ്പെടുമ്പോഴും ട്രംപ് വിദ്വേഷരാഷ്ട്രീയം തുടരുകയാണ്.

ആഗോളവല്‍ക്കരണം സൃഷ്ടിച്ച അസമത്വവും തൊഴിലില്ലായ്മയും ജീവിതപ്രയാസങ്ങളും മുതലെടുത്താണ് ട്രംപ് പ്രചാരണം നയിച്ചത്. എന്നാല്‍, വിദേശികള്‍ക്കും കുടിയേറ്റക്കാര്‍ക്കും മുസ്ളിങ്ങള്‍ക്കും എതിരെ രോഷം തിരിച്ചുവിട്ട്, സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തെ രക്ഷിക്കാനാണ് യൂറോപ്പിലെ തീവ്ര വലതുപക്ഷത്തെ പോലെ ട്രംപും ശ്രമിക്കുന്നത്. അന്തിമമായി മുതലാളിത്തത്തെ രക്ഷിക്കാനാണ് ട്രംപിന്റെ നീക്കം. ഇസ്രയേല്‍അനുകൂലനയവും ക്യൂബവിരുദ്ധനയവും തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാണെന്നും ടെല്‍അവീവില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍,  ഒമ്പതിനെതിരെ 128 വോട്ടിന് അമേരിക്കയ്ക്കെതിരായ പ്രമേയം യുഎന്‍ പൊതുസഭ പാസാക്കി. സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഗ്രീസ്, ബ്രസീല്‍ അടക്കം ഈ നിലപാടിനോട് വിയോജിച്ചു. പശ്ചിമേഷ്യയെ കലുഷിതമാക്കി ട്രംപിന്റെ തീരുമാനം.

ചെയുടെ രക്തസാക്ഷിത്വത്തിന് 50

വിപ്ളവ ഇതിഹാസം ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ അന്‍പതാം വാര്‍ഷികമായിരുന്നു 2017 ഒക്ടോബര്‍ 9. ലോകത്തെ പുതിയ വിപ്ളവ പാതയിലേക്ക് നയിക്കാന്‍ പ്രചോദനമാകുന്ന ചെയുടെ അനശ്വര സ്മരണ ലോകം ആവേശത്തോടെ പുതുക്കി.

റോബര്‍ട്ട് മുഗാബെ ഔട്ട്

നീണ്ട 37 വര്‍ഷം സിംബാബ്വെയിലെ സര്‍വാധികാരിയായിരുന്ന റോബര്‍ട്ട് മുഗാബെ ഈവര്‍ഷം രാജിവച്ചു. 1980ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്യ്രം നേടിയ സിംബാബ്വെ ഇതുവരെ ഭരിച്ചിരുന്നത് മുഗാബെയായിരുന്നു.
ഭരണഘടന ദുരുപയോഗംചെയ്ത് ഭാര്യ ഗ്രേസിന് അധികാരം കൈമാറാന്‍ മുഗാബെ നടത്തിയ നീക്കത്തെ തുടര്‍ന്ന് പട്ടാളം അദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കി. തുടര്‍ന്ന് ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്റ് സംയുക്തസമ്മേളനം ചേര്‍ന്നപ്പോഴാണ് തൊണ്ണൂറ്റിമൂന്നുകാരനായ മുഗാബെ രാജിസന്നദ്ധത അറിയിച്ചത്.
സിംബാബ്വെയുടെ പുതിയ പ്രസിഡന്റായി എമേഴ്സണ്‍ നാന്‍ഗാഗ്വ അധികാരമേറ്റു. താറുമാറായിരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുമെന്ന് നാന്‍ഗാഗ്വേ വാഗ്ദാനംചെയ്തു. സാമ്പത്തിക സുസ്ഥിരതയ്ക്കും തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനുമാണ് പ്രഥമ പരിഗണന.

ഗോള്‍ഡന്‍ ഗ്ളോബില്‍
ലാ ലാ ലാന്‍ഡ് 


ചലച്ചിത്രസംഗീത പ്രണയശില്‍പ്പമായ ലാ ലാ ലാന്‍ഡ് ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരങ്ങള്‍ തൂത്തുവാരി. നാമനിര്‍ദേശം ലഭിച്ച ഏഴുവിഭാഗത്തിലും സിനിമ പുരസ്കാരം നേടി. ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ഗ്ളോബ് നേടുന്ന സിനിമ എന്ന ബഹുമതിയും ലാ ലാ ലാന്‍ഡിന് സ്വന്തം.

ബ്രെക്സിറ്റ്

യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിന്‍വാങ്ങാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന തെരേസ മെയ്ക്ക് പാര്‍ലമെന്റില്‍ വന്‍ തിരിച്ചടി നേരിട്ടു. ബ്രെക്സിറ്റിനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലെ നിര്‍ണായക വോട്ടെടുപ്പില്‍ തന്റെ നിലപാട് പരാജയപ്പെട്ടു. യൂറോപ്യന്‍ യൂണിയനുമായി ഏര്‍പ്പെടുന്ന കരാറുകള്‍ക്ക് പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന ഭേദഗതി 305ന് എതിരെ 309 വോട്ടുകള്‍ക്ക് പാസായി. 2019 മാര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പിന്‍വാങ്ങുംമുമ്പ് ഇതിനുള്ള ഏത് ഉടമ്പടിക്കും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം നിര്‍ബന്ധമാക്കുന്നതാണ് ബില്‍. കാലാവധി തീരുന്നതിന് മൂന്നുവര്‍ഷംമുമ്പ് പൊതുതെരഞ്ഞെടുപ്പ് നടത്തി കൂടുതല്‍ കരുത്ത് നേടാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മോഹം പൊലിഞ്ഞു.

പാനമയില്‍ കുരുങ്ങി ഷെരീഫ്

പാനമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നവാസ് ഷെരീഫ് രാജിവച്ചു. പാനമ അഴിമതിക്കേസില്‍ ഷെരീഫ് കുറ്റക്കാരനെന്ന് സുപ്രീംകോടതി കണ്ടെത്തി. തുടര്‍ന്ന് അയോഗ്യനാണെന്ന് വിധിച്ചു. 90കളില്‍ പ്രധാനമന്ത്രിയായിരിക്കെ മൊസാക് ഫൊന്‍സേക എന്ന നിയമസ്ഥാപനത്തിന്റെ സഹായം വഴി ലണ്ടനില്‍ ഷെരീഫിന്റെ കുടുംബം സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്ന പാനമരേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ്.
 

പ്രധാന വാർത്തകൾ
 Top