11 July Saturday
ഇന്ത്യ വ്യാഴാഴ്‌ച തള്ളിയിരുന്നു

അതിർത്തിത്തർക്കം : ട്രംപിന്റെ മധ്യസ്ഥത ചൈനയും തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020


ബീജിങ്‌
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിത്തർക്കം പരിഹരിക്കാൻ താൻ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ വാഗ്ദാനം ചൈനയും തള്ളി. ഭിന്നതകൾ ചർച്ചയിലൂടെ ഉചിതമായി പരിഹരിക്കാൻ ഇന്ത്യക്കും ചൈനയ്‌ക്കും ശേഷിയുണ്ടെന്നും അതിന്‌ ഒരു മൂന്നാം കക്ഷിയുടെ സഹായം ആവശ്യമില്ലെന്നും ചൈനയുടെ വിദേശ മന്ത്രാലയ വക്താവ്‌ ഷൗ ലിജ്യാൻ വ്യക്തമാക്കി. ട്രംപിന്റെ മധ്യസ്ഥതാമോഹം വ്യാഴാഴ്‌ച ഇന്ത്യ തള്ളിയിരുന്നു. മുമ്പ്‌ കശ്‌മീർ പ്രശ്‌നത്തിൽ പാകിസ്ഥാനുമായി ചർച്ചയ്‌ക്ക്‌ മധ്യസ്ഥനാകാമെന്ന‌ ട്രംപിന്റെ വാഗ്‌ദാനവും ഇന്ത്യ തള്ളിയിരുന്നു.

ഇന്ത്യക്കും ചൈനയ്‌ക്കുമിടയിൽ അതിർത്തി സംബന്ധമായ സംവിധാനങ്ങളും ആശയവിനിമയ മാർഗങ്ങളും നിലവിലുണ്ടെന്ന്‌ ലിജ്യാൻ പറഞ്ഞു. ഇന്ത്യ–-ചൈന അതിർത്തിയിൽ മൊത്തത്തിലുള്ള സ്ഥിതി സുസ്ഥിരവും നിയന്ത്രണവിധേയവുമാണെന്ന്‌ കഴിഞ്ഞദിവസം പറഞ്ഞത്‌ അദ്ദേഹം ആവർത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന്‌ വ്യാഴാഴ്‌ച ചൈന സർക്കാർ പത്രമായ ഗ്ലോബൽ ടൈംസ്‌ നിലപാട്‌ പംക്തിയിൽ വ്യക്തമാക്കിയിരുന്നു.

2017ൽ കൂട്ടായ ശ്രമങ്ങളിലൂടെയും വിവേകത്തോടെയും ദോക്‌ലാം തർക്കം പരിഹരിച്ചതും പത്രം എടുത്തുപറഞ്ഞു.അതിർത്തിപ്രശ്നം സമാധാനപരമായി പരിഹരിക്കാൻ ചൈനയുമായി സൈനികതലത്തിലും നയതന്ത്രപരമായും ചർച്ചകൾ നടത്തുന്നതായി ഇന്ത്യൻ വിദേശമന്ത്രാലയ വക്താവ്‌ അനുരാഗ്‌ ശ്രീവാസ്തവ  വ്യാഴാഴ്‌ച ഓൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രശ്‌നങ്ങൾ ചർച്ചയിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹരിക്കാൻ ഇന്ത്യക്കും ചൈനയ്‌ക്കും ഉചിതമായ സംവിധാനങ്ങളും ആശയവിനിമയ മാർഗങ്ങളുമുണ്ട്‌. യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) സമാധാനം നിലനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്‌.സമാധാനം ഉറപ്പുവരുത്താൻ 1993 മുതലുള്ള വിവിധ കരാറുകൾ ശ്രീവാസ്തവ എടുത്തുപറഞ്ഞു.

ബുധനാഴ്‌ചയാണ്‌ ട്രംപ്‌ മധ്യസ്ഥമോഹം പ്രകടിപ്പിച്ചത്‌. വ്യാഴാഴ്‌ചയും ഇതാവർത്തിച്ച ട്രംപ്‌ ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമത്തിലാണ്‌. ഇന്ത്യ–- ചൈന അതിർത്തിയിൽ വലിയ സംഘർഷമാണ്‌ നടക്കുന്നതെന്നു പറഞ്ഞ ട്രംപ്‌ ഇതുമൂലം പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്ല രസത്തിലല്ല എന്നും തുടർന്നു. അമേരിക്കയിലെ മാധ്യമങ്ങൾ സ്‌നേഹിക്കുന്നതിനേക്കാൾ ഇന്ത്യക്കാർ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നും ട്രംപ്‌ അവകാശപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top