24 November Tuesday

അർമേനിയ അസർബെയ്‌ജാൻ അതിർത്തി സംഘർഷഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020


യേർവാൻ/ബാകു
നഗോർണോ–- കരാബഖ്‌‌ മേഖലയിലെ തർക്കം സംബന്ധിച്ച്‌ അർമേനിയയും അസർബെയ്‌ജാനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 പേർ മരിച്ചു. അർമേനിയയിൽ സ്‌ത്രീയും കുട്ടിയും നഗോർണോ–- കരാബഖ്‌‌ മേഖലയിലെ പത്ത്‌ സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ്‌  റിപ്പോർട്ട്‌. ഇത്‌  ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഘർഷാവസ്ഥയെ തുടർന്ന്‌ ഇരുരാജ്യങ്ങളിലും സൈനിക നിയമം പ്രഖ്യാപിച്ചു. അസർബെയ്‌ജാന്റെ മൂന്ന്‌ ടാങ്കുകളും രണ്ട്‌ ഹെലികോപ്‌ടറുകളും മൂന്ന്‌ വ്യോമനിരീക്ഷണ യന്ത്രങ്ങളും വെടിവച്ചിട്ടതായി അർമേനിയയുടെ പ്രതിരോധമന്ത്രാലയം അറിയിച്ചു. 

എന്നാൽ, അർമേനിയയുടെ വാദം വ്യാജമാണെന്നും പ്രകോപനപരമായി വ്യോമാക്രമണവും വെടിവയ്പും‌ നടത്തിയതിനാലാണ്‌ തിരിച്ചാക്രമിച്ചതെന്ന്‌‌   അസർബെയ്‌ജാൻ പ്രതികരിച്ചു. ഇരുരാജ്യങ്ങളും വെടിവയ്പ്‌ നിർത്തിവച്ച്‌ സമാധാനപരമായി ചർച്ച നടത്തണമെന്ന്‌ റഷ്യൻ വിദേശമന്ത്രാലയം ആവശ്യപ്പെട്ടു. അസർബെയ്‌ജാനിൽ മുസ്ലിം ജനവിഭാഗവും അർമേനിയയിൽ ക്രിസ്‌ത്യൻ വിഭാഗവുമാണ്‌ ഭൂരിപക്ഷം.

1994ൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടിരുന്നുവെങ്കിലും നിരന്തരം  സംഘർഷമുണ്ടാകാറുണ്ട്‌.
ഇരുരാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ പാശ്ചാത്യലോകം ആശങ്കയോടെയാണ്‌ നോക്കികാണുന്നത്‌. ലോകകമ്പോളത്തിലേക്ക്‌ എണ്ണയും വാതകവും ഈ മേഖലയിലൂടെയാണ് കൊണ്ടുപോകുന്നത്‌. യുദ്ധസമാന സാഹചര്യമുണ്ടാവുകയാണെങ്കിൽ അത്‌ ലോക കമ്പോളത്തെ തന്നെ പ്രതികൂലമായി ബാധിക്കും. 2016ൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 200 പേർ കൊല്ലപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top