25 September Friday

ലോകത്ത്‌ രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു ; യുഎസിൽ ഒന്നരലക്ഷം മരണം ;ഉത്തര കൊറിയയിലും കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020


വാഷിങ്‌ടൺ
ഒരാഴ്ചയ്ക്കുള്ളിൽ ലോകത്തെ 40 രാജ്യങ്ങളിൽ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ റെക്കോഡ്‌ വർധന. തൊട്ടു മുമ്പത്തെ ആഴ്ചകളേക്കാൾ ഇരട്ടിയാണ്‌ രോഗികൾ. രണ്ടുദിവസത്തിനിടെ ലോകത്ത്‌ 560000 രോഗികളാണുണ്ടായത്‌. ശനിയാഴ്ച അമേരിക്കയിൽ 67413 പേർക്ക്‌‌ രോഗം സ്ഥിരീകരിച്ചു.

അമേരിക്ക, ബ്രസീൽ, ഇന്ത്യ തുടങ്ങിയവയ്‌ക്ക്‌ പുറമേ, ഓസ്‌ട്രേലിയ, ജപ്പാൻ, ബൊളിവിയ, സുഡാൻ, ഇത്യോപ്യ, ബൾഗേറിയ, ബെൽജിയം, ഉസ്‌ബെക്കിസ്ഥാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലും ഹോങ്കോങ്ങിലും രോഗികൾ പെരുകുകയാണ്‌. രോഗികൾ ഇരട്ടിയാകുന്നത്‌ മൂന്നാഴ്ചമുമ്പ്‌ ഏഴു രാജ്യങ്ങളിലായിരുന്നെങ്കിൽ പിന്നീടിത്‌ 13, 20, 37, 40 എന്നീ ക്രമത്തിൽ ഉയരുകയാണ്‌. ചില രാജ്യങ്ങൾ മരണസംഖ്യയും രോഗികളുടെ എണ്ണവും കുറച്ചുകാണിക്കുകയാണെന്ന ആക്ഷേപമുണ്ട്‌. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു, തുടർച്ചയായി നാലുദിവസമായി ആയിരത്തിലധികമാണ്‌ മരണം‌. ബ്രസീലിലും ഇന്ത്യയിലും സമാന സാഹചര്യമുണ്ടാകുമെന്നാണ്‌ വിദഗ്‌ധർ പറയുന്നത്‌.

രണ്ടാംഘട്ട വ്യാപനം
രോഗികളുടെ എണ്ണം എല്ലാ പ്രദേശങ്ങളിലും കൂടുന്നത്‌ രണ്ടാംഘട്ട വ്യാപനമാണെന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തൽ. നിയന്ത്രണങ്ങൾ കുറച്ച രാജ്യങ്ങളിൽ രണ്ടാമതും രോഗികളുടെ എണ്ണം ഉയരുകയാണ്‌.  ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ ആദ്യം രോഗം നിയന്ത്രണവിധേയമായതായിരുന്നു. എന്നാൽ, യുവാക്കൾ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാൽ രോഗികൾ വർധിക്കുകയാണ്‌‌. ഒമാനിൽ രണ്ടാഴ്ചകൂടി ലോക്‌ഡൗൺ നീട്ടി.

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ആകെ രോഗികൾ എട്ടുലക്ഷം കവിഞ്ഞു. ഇതിൽ പകുതിയും ദക്ഷിണാഫ്രിക്കയിലാണ്‌. കെനിയയിൽ വിലക്കുകൾ പിൻവലിച്ചതിന്‌ പിറകെ രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടായി.

ഉത്തര കൊറിയയിലും കോവിഡ്‌; യുഎസിൽ ഒന്നരലക്ഷം മരണം
ലോകത്ത്‌ കോവിഡ്‌ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1.60 കോടി കടന്നു. ഇതിൽ 43.5 ലക്ഷം പേർ അമേരിക്കയിലാണ്‌. 24 ലക്ഷത്തിലധികം ബ്രസീലിലും 14 ലക്ഷം ഇന്ത്യയിലുമാണ്‌. അമേരിക്കയിൽ മരണസംഖ്യ ഒന്നര ലക്ഷവും കടന്നു.ഇതുവരെ ആർക്കും കോവിഡ്‌ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത ഉത്തര കൊറിയയിൽ ഒരാൾക്ക്‌ രോഗം സംശയിക്കുന്നതായി റിപ്പോർട്ടുണ്ട്‌. മൂന്ന്‌ വർഷംമുമ്പ്‌ ദക്ഷിണ കൊറിയയിലേക്ക്‌ പോയി കഴിഞ്ഞയാഴ്‌ച മടങ്ങിവന്നയാൾക്കാണ്‌ രോഗലക്ഷണങ്ങൾ കണ്ടത്‌. ഇതേത്തുടർന്ന്‌ ദക്ഷിണ കൊറിയയുമായുള്ള അതിർത്തിക്കടുത്തുള്ള കെയ്‌സോങ്‌ നഗരത്തിൽ വെള്ളിയാഴ്‌ച അടച്ചുപൂട്ടൽ ഏർപ്പെടുത്തി. ഭരണകക്ഷിയായ വർക്കേഴ്‌സ്‌ പാർടിയുടെ അടിയന്തര പൊളിറ്റ്‌ബ്യൂറോ യോഗത്തെ തുടർന്ന്‌ ശനിയാഴ്‌ച കെയ്‌സോങ്‌ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇതിനിടെ മൂന്ന്‌ മാസത്തിലധികമായി ആർക്കും രോഗം ബാധിക്കാതിരുന്ന വിയത്‌നാമിൽ  വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും ഓരോരുത്തർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. രണ്ടുപേരും തമ്മിൽ സമ്പർക്കം ഉണ്ടായിട്ടില്ല എന്നതിനാൽ ഉറവിടം അന്വേഷിക്കുകയാണ്‌. ഇവരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവരെയെല്ലാം പരിശോധിച്ചു. മധ്യ വിയത്‌നാമിലെ ദാ നാങ്‌ അധികൃതർ 30ൽ കൂടുതൽ ആളുകൾ പൊതുസ്ഥലങ്ങളിലും മത, കായിക, സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കുന്നത്‌ നിരോധിച്ചു. വിയത്‌നാമിൽ രോഗം കണ്ടെത്തിയവരുടെ എണ്ണം ഇതോടെ 418 ആയി. ആരും മരിച്ചിട്ടില്ല.

ചൈനയിൽ 46 പേർക്കുകുടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 22 പേർ സിൻജിയാങ്‌ പ്രവിശ്യയിൽ പടിഞ്ഞാറെ അറ്റത്തുള്ള ഉറുംഖിയിലാണ്‌. 13 പേർ വടക്കുകിഴക്കായുള്ള ലിയാവോനിങ്‌ പ്രവിശ്യയിലാണ്‌. വടക്കുകിഴക്കൻ സ്‌പെയിനിലെ കത്തലൂണിയ മേഖലയിൽ രണ്ട്‌ കോവിഡ്‌ വ്യാപന പ്രദേശം കണ്ടതിനെത്തുടർന്ന്‌ നിശാക്ലബ്ബുകളിലും ബാറുകളിലും ബീച്ചുകളിലും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

യുഎസിലെ 3 മഠത്തിൽ 26 കന്യാസ്‌ത്രീകൾ മരിച്ചു
അമേരിക്കയിലെ കന്യാസ്‌ത്രീമഠങ്ങളിൽ 26 പേർ കോവിഡ്‌ ബാധിച്ചു മരിച്ചു. ഡിട്രോയിറ്റിൽ ലിവോണിയയിലെ ഫെലിഷ്യൻ സിസ്‌റ്റേഴ്‌സിൽ 13 പേരും ന്യൂയോർക്കിലെ മേരിനോളിൽ ഏഴും വിസ്‌കോൻസിൻ മഠത്തിൽ ആറു പേരുമാണ്‌ കോവിഡിന് ഇരയായത്‌.

ഫെലിഷ്യൻ സിസ്‌റ്റേഴ്‌സ്‌ മഠത്തിലെ 20 ശതമാനം പേരാണ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌‌. പരാമ്പരാഗത പ്രാർഥനാ ചടങ്ങുകൾ  ഒഴിവാക്കി സാമൂഹ്യ അകലംപാലിച്ചാണ്‌ രോഗത്തെ നിയന്ത്രിച്ചത്‌. ഊഴമനുസരിച്ചാണ്‌ ഓരോരുത്തരും അത്താഴം കഴിക്കുന്നത്‌. രോഗം ഭേദമായവർക്ക്‌ ഇപ്പോഴും ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ട്‌. 

വിസ്കോൺസിനിലെ ‘അവർ ലേഡി ഓഫ്‌ ഏഞ്ചൽസ്‌’ മഠത്തിൽ ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്‌. മാർച്ചുമുതൽ ഇവിടെ സാമൂഹ്യ കൂട്ടായ്മകളില്ല. പുറത്തുനിന്ന് ആർക്കും അന്തേവാസികളെ‌  കാണാൻ അനുവാദമില്ല. പല മഠങ്ങളിലും പ്രാർഥനാ ചടങ്ങുകൾ വീഡിയോ വഴിയാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top