26 October Monday

അൽ ഖായ്‌ദ ദുർബലമായെന്ന്‌ യുഎസ്‌ ഉദ്യോഗസ്ഥൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020


വാഷിങ്‌ടൺ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖായ്‌ദയ്‌ക്ക്‌ (എഖ്യൂഐഎസ്‌) ചെറുകിട മേഖലാ ആക്രമണങ്ങൾ നടത്താൻമാത്രമേ ഇപ്പോൾ ശേഷിയുള്ളൂവെന്ന്‌ അമേരിക്കൻ ഉദ്യോഗസ്ഥൻ യുഎസ്‌ സെനറ്റ്‌ സമിതിക്ക്‌ മൊഴി നൽകി. അമേരിക്കയിലെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ഡയറക്ടർ ക്രിസ്റ്റഫർ മില്ലറാണ്‌ അൽ ഖായ്‌ദയുടെ പല ഘടകങ്ങളിൽ ഒന്നായ എഖ്യൂഐഎസ്‌ വളരെ ദുർബലമായതായി പറഞ്ഞത്‌.  ആഗോളതലത്തിൽ നിരോധിക്കപ്പെട്ട ഭീകരസംഘടനയാണ് ഇത്‌.

അൽ ഖായ്‌ദ സ്വാധീനം മേഖലയിൽ വ്യാപിപ്പിക്കാൻ തലവൻ അയ്‌മാൻ അൽ സവാഹിരി 2014ൽ ഉണ്ടാക്കിയ ഘടകമാണ്‌ എഖ്യൂഐഎസ്‌. 2019 സെപ്‌തംബറിൽ അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ ആക്രമണത്തിൽ നേതാവ്‌ അസീമ ഉമർ കൊല്ലപ്പെട്ടതിനുശേഷം സംഘം തിരിച്ചുവരവിന്‌ പ്രയാസപ്പെടുകയാണ്‌ എന്നാണ്‌ അമേരിക്കൻ വിലയിരുത്തൽ. യുഎസ്‌ സെനറ്റിലെ ആഭ്യന്തര സുരക്ഷാ–- സർക്കാർ കാര്യ സമിതിമുമ്പാകെ മൊഴി നൽകുകയായിരുന്നു മില്ലർ. അമേരിക്കയും താലിബാനും തമ്മിലുണ്ടാക്കിയ കരാറിനെ പ്രകീർത്തിച്ച്‌ മാർച്ചിൽ എഖ്യൂഐഎസ്‌ ‘നവാഇ അഫ്‌ഗാൻ ജിഹാദ്‌’ മാസികയുടെ പ്രത്യേക പതിപ്പ്‌  പ്രസിദ്ധീകരിച്ചിരുന്നു. കരാർ സംബന്ധിച്ച്‌ അൽ ഖായ്‌ദ നേതാവിന്റെ പ്രസ്‌താവനകളെ പ്രതിഫലിപ്പിക്കുന്നതാണ്‌ അത്‌. അഫ്‌ഗാനിസ്ഥാനിൽ അൽ ഖായ്‌ദയുടെ സാന്നിധ്യം ഏതാനും ഡസൻ ആളുകളിൽ ഒതുങ്ങുന്നതായും അതിജീവനത്തിന്‌ പ്രയാസപ്പെടുന്ന അവർക്ക്‌ രാജ്യത്തിനു പുറത്ത്‌ ആക്രമണം നടത്താൻ ശേഷിയില്ലെന്നും മില്ലർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top