13 November Wednesday

ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ ഇറാന്‍ മോചിപ്പിച്ചു

അനസ് യാസിന്‍Updated: Tuesday Sep 24, 2019

മനാമ >   രണ്ടു മാസം മുന്‍പ് പിടികൂടിയ ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്‌റ്റെന ഇംപോറ ഇറാന്‍ മോചിപ്പിച്ചു. കപ്പല്‍ ചൊവ്വാഴ്ച ഇറാന്‍ തീരം വിട്ടതായും റിപ്പോര്‍ട്ടുണ്ട്.
എല്ലാ നിയമ പരമായ നടപടിക്രമങ്ങളും പൂര്‍ത്തിയായതായും കപ്പലിന് തീരം വിടാമെന്നും തിങ്കളാഴ്ച സര്‍ക്കാര്‍ വക്താവ് അലി റാബി അറിയിച്ചിരുന്നു. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തായിരുന്നു കപ്പല്‍ തടഞ്ഞുവെച്ചിരുന്നത്. സ്‌റ്റെന ഇംപോറ ഇറാന്‍ തീരം വിട്ടതതായി സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഉദ്ധരിച്ച് ടാങ്കര്‍ ട്രാക്കേഴ്‌സ് ഡോട്ട് കോം ട്വിറ്ററില്‍ അറിയിക്കുകയായിരുന്നു.

  ഹോര്‍മുസ് കടലിടുക്കിന് സമീപത്തുനിന്ന് ജൂലായ് 19നാണ് ഇറാന്‍ കപ്പല്‍ പിടികൂടിയത്. അന്താരാഷ്ട്ര സമുദ്ര ഗതാഗത നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു ഇത്. ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്തതും ബ്രിട്ടന്റെ പതാക വഹിക്കുന്നതുമായ സ്റ്റെനേ ഇംപേറോ സ്വീഡന്റെ ഉടമസ്ഥതയിലുള്ളതാണ്. ജിബ്രാള്‍ട്ടര്‍ തീരത്തുനിന്ന് ഇറാന്‍ എണ്ണ ടാങ്കര്‍ ബ്രിട്ടന്‍ പിടികൂടിയതിനു പ്രതികരമായായിരുന്നു ഇറാന്‍ നടപടി.

 ഇറാന്‍ പിടിയിലാകുമ്പോള്‍ കപ്പലില്‍ 18 ഇന്ത്യക്കാരടക്കം 23 ജീവനക്കാരുണ്ടായിരുന്നു. ഇതില്‍
അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെ സെപ്തംബര്‍ നാലിന് ഇറാന്‍ മോചിപ്പിച്ചു. കപ്പലില്‍ 13 ഇന്ത്യക്കാരും രണ്ട് റഷ്യക്കാരും ഒരു ഫിലിപ്പൈന്‍ സ്വദേശിയുമടക്കം 16 ജീവനക്കാരെ മോചിപ്പിച്ചിരുന്നില്ല.
 


പ്രധാന വാർത്തകൾ
 Top