29 October Thursday

ഗിൽജിത്‌: പാക്‌ സർക്കാർ പ്രതിപക്ഷവുമായി ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020


ഇസ്ലാമാബാദ്‌
പാകിസ്ഥാന്റെ അധീനതയിലുള്ള ഗിൽജിത്‌–- ബാൾട്ടിസ്ഥാന്റെ ഭരണഘടനാപരമായ പദവിയിൽ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച്‌ പാക്‌ സർക്കാർ പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തി. സേനാ തലവൻ ജനറൽ ഖമർ ജാവേദ്‌ ബജ്‌വ, ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവൻ ലഫ്‌റ്റനന്റ്‌ ജനറൽ ഫൈസ്‌ ഹമീദ്‌ എന്നിവരും പങ്കെടുത്തു. കശ്‌മീർമേഖലയുടെ ഭാഗമായി കാണുന്ന ഗിൽജിത്‌–- ബാൾട്ടിസ്ഥാനെ പാകിസ്ഥാന്റെ ഭാഗമാക്കാനുള്ള നീക്കത്തെ ഇന്ത്യ എതിർത്തിട്ടുണ്ട്‌.

16ന്‌ നടന്ന യോഗത്തിൽ പ്രതിപക്ഷത്തുനിന്ന്‌ ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവും പാക്‌ മുസ്ലിംലീഗ്‌ (എൻ) നേതാവുമായ ഷഹ്‌ബാസ്‌ ഷെറീഫ്‌, പാകിസ്ഥാൻ പീപ്പിൾസ്‌ പാർടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി തുടങ്ങിയവർ പങ്കെടുത്തു. റെയിൽമന്ത്രി ഷേഖ്‌ റഷീദിനു പുറമെ സർക്കാരിൽനിന്ന്‌ ആരൊക്കെ പങ്കെടുത്തു എന്ന്‌ വെളിപ്പെടുത്തിയിട്ടില്ല. പതിനഞ്ചോളം രാഷ്‌ട്രീയനേതാക്കൾ പങ്കെടുത്തതായി വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്‌തു.
രാഷ്‌ട്രീയകാര്യങ്ങളിൽ സൈന്യത്തിന്റെ ഇടപെടലിനെക്കുറിച്ചും അഴിമതി അന്വേഷണത്തിന്റെ പേരിൽ സർക്കാർ തങ്ങളുടെ നേതാക്കളെ പീഡിപ്പിക്കുന്നതായും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ, സൈന്യം രാഷ്‌ട്രീയത്തിൽ ഇടപെടുന്നില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സഹായിക്കുന്നതേയുള്ളൂവെന്നും ജനറൽ ബജ്‌വ പറഞ്ഞു. ആര്‌ ഭരിച്ചാലും അത്‌ തുടരും. രാജ്യത്ത്‌ കുഴപ്പമുണ്ടാക്കാൻ ആരെയും അനുവദിക്കില്ല എന്നും സേനാ തലവൻ പറഞ്ഞു.

ഈ യോഗം കഴിഞ്ഞ്‌ ദിവസങ്ങൾക്കകം പിപിപി വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷികളുടെ യോഗം സർക്കാരിനെതിരെ 26 ആവശ്യമടങ്ങുന്ന പ്രമേയം അംഗീകരിച്ചു. ‘ചികിത്സ’യ്‌ക്ക്‌ ലണ്ടനിൽ പോയ മുൻ പ്രധാനമന്ത്രി നവാസ്‌ ഷെറീഫും വെർച്വൽ യോഗത്തിൽ സംസാരിച്ചു. പ്രതിപക്ഷ കക്ഷികൾ ചേർന്ന്‌ പാകിസ്ഥാൻ ജനാധിപത്യ പ്രസ്ഥാനം രൂപീകരിച്ചു.

പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാജി ആവശ്യപ്പെട്ട്‌ അടുത്തമാസം നാല്‌ പ്രവിശ്യയിലും സംയുക്ത റാലി നടത്തും. രണ്ടാംഘട്ടമായി ഡിസംബറിൽ രാജ്യവ്യാപകമായി വൻ റാലികളും അടുത്ത ഘട്ടമായി ജനുവരിയിൽ ഇസ്ലാമാബാദിലേക്ക്‌ ലോങ്‌മാർച്ചും നടത്താൻ പ്രതിപക്ഷം തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top