18 June Tuesday

റഷ്യയിൽനിന്ന‌് മരുന്നെത്തി; അമേരിക്കയുടെ ഉപരോധത്തിന്‌ മുന്നിൽ മുട്ടുമടക്കാതെ വെനസ്വേല

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

കറാക്കസ‌് > അമേരിക്കയുടെ ഉപരോധത്തിൽെ ഞെരുങ്ങുന്ന വെനസ്വേലയിലെ ജനങ്ങൾക്ക‌് ഏഴരടൺ മരുന്നെത്തിച്ച‌് റഷ്യ. വെനസ്വേലയിലെ പൊതു ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യ, ക്യൂബ, പാൻ അമേരിക്കൻ ഹെൽത്ത‌് ഓർഗനൈസേഷൻ എന്നിവ സംയുക്തമായി മിറഫ്ലോറസ‌് കൊട്ടാരത്തിൽ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ‌് റഷ്യയുടെ സഹായമെത്തിയത‌്.

ഉപരോധത്തിന‌് ശേഷം മറ്റു ലോകരാഷ‌്ട്രങ്ങൾ ജുവാൻ ഗുഅയ‌്ഡോ വഴി അവശ്യസാധനങ്ങൾ നൽകാമെന്ന‌് പറഞ്ഞിരുന്നെങ്കിലും ഇത‌് വെനസ്വേലയിലെ ആഭ്യന്തരകാര്യങ്ങളിൽ കൈകടത്താനും വിഭവങ്ങൾ കൈക്കലാക്കാനുമാണ‌് സാമ്രാജ്യത്വ ശക്തികൾ ശ്രമിക്കുന്നതെന്ന‌് പ്രസിഡന്റ‌് നിക്കോളാസ‌് മഡൂറോ പറഞ്ഞിരുന്നു.
‘‘ഒരു ഉപരോധത്തെ അതിജീവിക്കാനാണ‌് നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത‌്. നേരത്തെ പറഞ്ഞപോലെ ഭിക്ഷ യാചിക്കുന്നവരല്ല നമ്മൾ. ഇപ്പോൾ ലഭിച്ച സഹായത്തിന‌് പോലും നമ്മൾ പണമടച്ചിട്ടുണ്ട‌്. ഇനി ലഭിക്കാനിരിക്കുന്ന സഹായങ്ങളിലും ഇതേ നിലപാടായിരിക്കും സ്വീകരിക്കുക. വെനസ്വേലയിൽ സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കാനാണ‌് അമേരിക്കൻ സർക്കാർ ശ്രമിക്കുന്നത‌്. ഇത‌് മൂലം മരുന്നുകളെത്തിക്കാൻ തടസ്സം നേരിടുന്നുണ്ടെങ്കിലും ഐക്യരാഷ‌്ട്ര സഭയിലുൾപ്പെടെ വെനസ്വേലയ്ക്ക‌് ലഭിക്കുന്ന പിന്തുണകൊണ്ട‌് നമ്മൾ ഈ പ്രതിസന്ധിയേയും അതിജീവിക്കും. പിന്തുണ നൽകിയ എല്ലാ രാജ്യങ്ങൾക്കും നന്ദി.’’–- മഡൂറോ പറഞ്ഞു.

മഡൂറോ സർക്കാരിനോട‌് ജനങ്ങൾക്കുള്ള വിശ്വാസ്യത ലോകസമൂഹത്തെ അറിയിക്കാനായി വ്യാഴാഴ്ച രാജ്യത്തുടനുളം പടുകൂറ്റൻ റാലികൾ സംഘടിപ്പിക്കും.
കൊളംബിയൻ അതിർത്തിയിൽ വെനസ്വേലയ്ക്ക‌് വേണ്ടി പണം സ്വരൂപിക്കാൻ ജുവാൻ ഗുഅയ‌്ഡോ ശ്രമം തുടരുന്നത‌് കൊണ്ട‌്  ബ്രസീലുമായുള്ള അതിർത്തി അടയ്ക്കാൻ  മഡൂറോ ഉത്തരവിട്ടു.


പ്രധാന വാർത്തകൾ
 Top