28 November Saturday

‘ആരോഗ്യ വിദഗ്ധർ വിഡ്ഢികൾ’ ; കലിയടങ്ങാതെ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


വാഷിങ്‌ടൺ
രണ്ടേകാൽ ലക്ഷം അമേരിക്കക്കാർ തന്റെ മണ്ടത്തരങ്ങൾ കാരണം കോവിഡിന്‌ ഇരയായി മരിച്ചിട്ടും പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ കലിയടങ്ങുന്നില്ല. രാജ്യത്തെ ഏറ്റവും ഉന്നത പകർച്ചവ്യാധി ചികിത്സാ വിദഗ്ധൻ ഡോ. ആന്തണി ഫൗച്ചിയടക്കം പൊതുജനാരോഗ്യ വിദഗ്ധർ വിഡ്‌ഢികളാണെന്ന്‌ ട്രംപ്‌ ആക്ഷേപിച്ചു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ രണ്ടാഴ്‌ചയിൽ താഴെമാത്രം അവശേഷിക്കെ സമനില തെറ്റിയപോലെ വിദഗ്ധരെയും മാധ്യമപ്രവർത്തകരെയും അഭിപ്രായ സർവേക്കാരെയും ട്രംപ്‌ പഴിച്ചു.

അമേരിക്കയിലെ ഏറ്റവും ജനപ്രിയനായ ഡോക്ടറാണ്‌ മൂന്നര പതിറ്റാണ്ടിലധികമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അലർജി ആൻഡ്‌ ഇൻഫെക്ഷ്യസ്‌ ഡിസീസസ്‌ ഡയറക്ടറായ ഫൗച്ചി. വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസ്‌ തലവനായ വൈറ്റ്‌ഹൗസ്‌ കൊറോണ വൈറസ്‌ കർമസേനയിൽ അംഗമാണ്‌ ഈ എഴുപത്തൊമ്പതുകാരൻ. എന്നിട്ടും അദ്ദേഹം  ദുരന്തമാണെന്ന്‌ ട്രംപ്‌ ആരോപിച്ചു. തനിക്കെതിരെ വിമർശമുയരും എന്നതിനാലാണ്‌ ഫൗച്ചിയെ പുറത്താക്കാത്തത്‌ എന്നും ട്രംപ്‌ പറഞ്ഞു.

ഫൗച്ചിയും മറ്റെല്ലാ വിഡ്‌ഢികളും പറയുന്നതുകേട്ട്‌ ജനങ്ങൾ മടുത്തതായി ലാസ്‌വേഗസിലെ ഹോട്ടൽമുറിയിൽനിന്ന്‌ റിപ്പബ്ലിക്കൻ പാർടി അനുയായികളോട്‌ നടത്തിയ ഫോൺ പ്രസംഗത്തിൽ ട്രംപ്‌ പറഞ്ഞു. കോവിഡ്‌ നിയന്ത്രിക്കുന്നതിന്‌ ഫൗച്ചി നൽകിയ നിർദേശങ്ങൾ മോശമായിരുന്നെന്നും മികച്ച തീരുമാനങ്ങളെടുക്കാൻമാത്രമാണ്‌ താൻ ആവശ്യപ്പെട്ടിരുന്നതെന്ന്‌ ട്വീറ്റ്‌ പരമ്പരയിൽ ട്രംപ്‌ പറഞ്ഞു.

മാസ്‌കില്ലാത്ത ആൾക്കൂട്ടത്തിനിടയിൽ ട്രംപിനെ കണ്ടശേഷം അദ്ദേഹത്തിന്‌ കോവിഡ്‌ ബാധിച്ചതിൽ തനിക്ക്‌ അത്ഭുതമില്ലെന്ന്‌ ഫൗച്ചി ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞതിന്‌ പിറ്റേന്നാണ്‌ ട്രംപിന്റെ പ്രതികരണം. ഫൗച്ചിയടക്കമുള്ളവരുടെ നിർദേശങ്ങൾ നിരന്തരം ലംഘിച്ച ട്രംപ്‌ ജനങ്ങളെയും അതിന്‌ ആഹ്വാനം ചെയ്‌തിരുന്നു.

വിദഗ്ധരും ശാസ്‌ത്രവും പറയുന്നത്‌ കേൾക്കുന്നതിന്‌ എതിർസ്ഥാനാർഥി ജോ ബൈഡനെ പരിഹസിച്ചിരുന്നു. കോവിഡ്‌ ബാധിച്ചതിനാൽ നഷ്ടപ്പെട്ട പ്രചാരണസമയം നികത്താൻ തിരക്കിട്ട്‌ ഓടിനടക്കുന്ന ട്രംപ്‌ മൂന്ന്‌ ദിവസത്തിനിടെ അഞ്ച്‌ സംസ്ഥാനത്തിലെത്തി റാലികളിൽ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top