04 December Friday

തുറന്നുപറഞ്ഞ്‌ ഭരണപക്ഷ സെനറ്റർമാർ ; എതിർത്ത്‌ ഇവാഞ്ചലിക്കുകളും ; ട്രംപിന്റെ കോട്ടകൾ ഇടിയുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


വാഷിങ്‌ടൺ
തെരഞ്ഞെടുപ്പിന്‌ രണ്ടാഴ്‌ചമാത്രം അവശേഷിക്കെ അധികാരത്തുടർച്ച തേടുന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ പരമ്പരാഗത റിപ്പബ്ലിക്കൻ കോട്ടകളിൽ വിള്ളൽ. പാർടിയുടെ  ഏറ്റവും വലിയ വോട്ട്‌ ബാങ്കായ ഇവാഞ്ചലിക്കൽ ക്രിസ്‌ത്യാനികളിൽപ്പോലും  ട്രംപിനെതിരെ പടയൊരുക്കം സജീവമായി.

ഇവാഞ്ചലിക്കലുകളിൽ ബഹുഭൂരിപക്ഷവും ട്രംപിനെ പിന്തുണയ്‌ക്കുന്നുണ്ട്‌. എന്നാൽ, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്‌തനായ ഇവാഞ്ചലിക്കൽ പ്രഭാഷകൻ ബില്ലി ഗ്രഹാമിന്റെ പൗത്രിയും എഴുത്തുകാരിയുമായ ജെറൂഷാ ഡൂഫോഡ്‌ ട്രംപിനെ തോൽപ്പിക്കാൻ പ്രചാരണത്തിലുണ്ട്‌. കപടനാട്യക്കാരനായ ട്രംപ്‌ വോട്ടിനുവേണ്ടി തങ്ങളുടെ വിശ്വാസത്തെ റാഞ്ചിയെടുക്കാൻ ശ്രമിക്കുകയാണെന്ന്‌ അവർ ഒരു സൂം യോഗത്തിൽ പറഞ്ഞു. പതിവില്ലാതെ നിരവധി ഇവാഞ്ചലിക്കൽ ഗ്രൂപ്പുകൾ ട്രംപിനെതിരെ പ്രചാരണത്തിലുണ്ട്‌.

2016ൽ വെള്ളക്കാരായ ഇവാഞ്ചലിക്കുകളിൽ 81 ശതമാനവും ട്രംപിനാണ്‌ വോട്ട്‌ ചെയ്‌തത്‌. ഇത്‌ മൂന്ന്‌ കോടിയിൽപ്പരം വരും. ഇടക്കാലത്ത്‌ ഇവാഞ്ചലിക്കുകളിൽ 83 ശതമാനംവരെ ട്രംപിനെ പിന്തുണച്ചിരുന്നു. എന്നാൽ, ഇപ്പോൾ അത്‌ 78ശതമാനത്തിൽ താഴെയായി എന്നാണ്‌ പ്യൂ ഗവേഷണ കേന്ദ്രം കണ്ടെത്തിയത്‌.

ട്രംപാണ്‌ ക്രിസ്‌തുമതത്തെ രക്ഷിച്ചത്‌ എന്ന്‌ മകൻ എറിക്‌ ട്രംപ്‌ നടത്തിയ അവകാശവാദവും വിശ്വാസികളെ ചൊടിപ്പിച്ചു. ക്രിസ്‌ത്യാനികളെ രക്ഷിക്കാൻ ട്രംപിന്റെ സഹായം വേണ്ട. ട്രംപിന്‌ രക്ഷപ്പെടാൻ ക്രിസ്‌ത്യാനികളുടെ സഹായം വേണം എന്നതാണ്‌ സത്യം എന്ന്‌ ട്രംപിനെതിരെ രംഗത്തുള്ള‘നോട്ട്‌ അവർ ഫെയിത്ത്‌’ എന്ന വിശ്വാസി സംഘത്തിലെ മൈക്കേൽ വിയർ പറഞ്ഞു.

തുറന്നുപറഞ്ഞ്‌ ഭരണപക്ഷ സെനറ്റർമാർ
റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ചിലർ പരസ്യമായി ട്രംപിനെതിരെ പ്രതികരിക്കുന്നുണ്ട്‌. നെബ്രാസ്‌കയിൽ നിന്നുള്ള യാഥാസ്ഥിതിക ഇവാഞ്ചലിക്കൽ റിപ്പബ്ലിക്കൻ സെനറ്റർ ബെൻ സാസ്‌ തന്റെ മണ്ഡലത്തിൽ നിന്നുള്ളവരുടെ യോഗത്തോട്‌ ഫോണിൽ പറഞ്ഞത്‌ ട്രംപിനെ ക്ഷുഭിതനാക്കി. ട്രംപ്‌ വർണവെറിയന്മാരുമായി കൊഞ്ചിക്കുഴയുകയും ഇവാഞ്ചലിക്കൽ ക്രിസ്‌ത്യാനികളെ രഹസ്യമായി പരിഹസിക്കുകയും സ്വേച്ഛാധിപതികളുടെ ആസനം ചുംബിക്കുകയുമാണ്‌ എന്നാണ്‌ സാസ്‌ തുറന്നടിച്ചത്‌. സാസ്‌ പാർടിക്ക്‌ ബാധ്യതയാണെന്നും സംസ്ഥാനത്തിന്‌ അപമാനവുമാണെന്ന്‌ ട്രംപ്‌  ട്വിറ്ററിലൂടെ തിരിച്ചടിച്ചു. താനുമായി തെറ്റിയതിനെ തുടർന്ന്‌ സ്ഥാനം നഷ്ടപ്പെട്ട മുൻ സെനറ്റർമാരായ ബോബ്‌ കോർക്കർ(ടെന്നെസി), ജെഫ്‌ ഫ്ലേക്‌(അരിസോണ) എന്നിവരുമായാണ്‌ ട്രംപ്‌ സാസിനെ ഉപമിച്ചത്‌.

ടെക്‌സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റ്റെഡ്‌ ക്രൂസിന്റെ പ്രയോഗം ആവർത്തിക്കുകയാണ്‌ സാസ്‌ ചെയ്‌തത്‌. ട്രംപ്‌ തോൽക്കുക മാത്രമല്ല, സെനറ്റ്‌ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ കൂട്ടക്കുരുതി നടക്കുമെന്നും റ്റെഡ്‌ ക്രൂസ്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു. 

2012ൽ ബറാക്‌ ഒബാമയ്‌ക്കെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിൽ യൂറ്റാ സെനറ്ററുമായ മിറ്റ്‌ റോംനിയും മെയ്‌നിൽ നിന്നുള്ള സെനറ്റർ സൂസൻ കോളിൻസും പാർടിയിൽ ട്രംപിന്റെ എതിരാളികളാണ്‌. വലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തമായ ക്യുആനനെ  ട്രംപ്‌ തള്ളിപ്പറയാത്തതിനെ റോംനി  വിമർശിച്ചിട്ടുണ്ട്‌. സെനറ്റിലേക്ക്‌ വീണ്ടും മത്സരിക്കുന്ന സൂസൻ തന്റെ വിജയസാധ്യത അപകടത്തിലാകുമെന്നത്‌ കൂസാതെയാണ്‌  ട്രംപിനെ എതിർക്കുന്നത്‌.  ട്രംപിനോട്‌ അടുപ്പമുള്ള സെനറ്റ്‌ ഭൂരിപക്ഷനേതാവ്‌ മിച്ച്‌ മക്കോണൽ പുതിയ കോവിഡ്‌ ഉത്തേജനത്തിന്റെ കാര്യത്തിൽ പ്രസിഡന്റിന്റെ നിർദേശം അവഗണിക്കുന്നതും ചിത്രം വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top