21 September Monday

ലൂയിസിന്‌ നാടിന്റെ ആദരം; അപ്പോഴും അവഗണിച്ച്‌ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 20, 2020


അറ്റ്‌ലാന്റ
അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ ആറ്‌ നായകരിൽ അവശേഷിച്ചിരുന്ന അവസാനത്തെ ആളായ ജോൺ ലൂയിസിന്റെ (80) മരണത്തിൽ കക്ഷിഭേദമെന്യേ നേതാക്കൾ അനുശോചനം പ്രകടിപ്പിച്ചു. യുഎസ്‌ കോൺഗ്രസിന്റെ പ്രതിനിധിസഭയിൽ അറ്റ്‌ലാന്റയെ പ്രതിനിധാനം ചെയ്‌തുവന്ന ലൂയിസിനെ പൗരാവകാശ വീരനായകൻ, സ്വാതന്ത്ര്യ പോരാളി തുടങ്ങിയ വിശേഷണങ്ങളോടെയാണ്‌ റിപ്പബ്ലിക്കൻ പാർടിക്കാരനായ ഗവർണർ ബ്രയാൻ കെംപ്‌ വിശേഷിപ്പിച്ചത്‌. ആദരമർപ്പിച്ച്‌ അറ്റ്‌ലാന്റയിൽ പതാകകൾ പകുതി താഴ്‌ത്തിക്കെട്ടി.

എന്നാൽ, പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ എതിർപക്ഷക്കാരനായ ലൂയിസിനോട്‌ മരണത്തിലും അവഗണന തുടർന്നു. യുഎസ്‌ കോൺഗ്രസിന്റെ മനഃസാക്ഷിയെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ലൂയിസിന്റെ മരണവിവരം അറിഞ്ഞശേഷവും ട്രംപ്‌ പതിവ്‌ രാഷ്‌ട്രീയ പ്രതികരണങ്ങളിലായിരുന്നു. തന്റെ എതിർ സ്ഥാനാർഥിയാകുന്ന ബൈഡനും തനിക്കെതിരെ പുസ്‌തകങ്ങൾ എഴുതിയ മുൻ ഉപദേഷ്ടാവ്‌ ജോൺ ബോൾട്ടൻ, ജ്യേഷ്ഠന്റെ മകൾ മേരി ട്രംപ്‌ എന്നിവർക്കുമെതിരെ ട്വീറ്റുകളുടെ തിരക്കിലായിരുന്നു. പിന്നീട്‌ വിശ്വസ്‌ത സെനറ്റർ ലിൻഡ്‌സെ ഗ്രഹാമുമൊത്ത്‌ വടക്കൻ വിർജീനിയയിലെ തന്റെ ഗോൾഫ്‌ കോഴ്‌സിൽ കറങ്ങാൻ പോയി. നാലു മണിക്കൂർ അവിടെ ചെലവഴിച്ചു.

ഒടുവിൽ ലൂയിസ്‌ മരിച്ച്‌ 14 മണിക്കൂറിനു ശേഷം രണ്ട്‌ വാചകത്തിൽ അനുശോചനസന്ദേശം പുറത്തുവിട്ടു. തന്നെ എതിർത്ത റിപ്പബ്ലിക്കൻ നേതാക്കളെപ്പോലും മരണാനന്തരവും  ട്രംപ്‌ അവഹേളിച്ചിട്ടുള്ളതിനാൽ ലൂയിസിനെ അവഗണിച്ചതിൽ അമേരിക്കക്കാർക്ക്‌ അൽഭുതമില്ല. ബറാക്‌ ഒബാമയ്‌ക്കെതിരെ റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥിയായിരുന്ന ജോൺ മക്‌കെയിനാണ്‌ മരണാനന്തരവും ട്രംപിന്റെ പകയ്‌ക്ക്‌ ഇരയായവരിൽ ഒരാൾ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top