12 November Tuesday

ഭീകരര്‍ക്ക് സാമ്പത്തികസഹായം; പാകിസ്ഥാൻ ‘ചാര’പ്പട്ടികയിൽ തുടരും

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

പാരീസ്‌ >  ഭീകരവാദത്തിനുള്ള ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും നിരീക്ഷിക്കുന്ന അന്താരാഷ്‌ട്ര സംവിധാനമായ ധന കർമ ദൗത്യ സേനയുടെ (എഫ്‌എടിഎഫ്‌) ‘ചാര’പ്പട്ടികയിൽ പാകിസ്ഥാൻ തുടരും. നാലു മാസത്തിനകം ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിൽ കർക്കശ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പാകിസ്ഥാനെ കരിമ്പട്ടികയിലേക്ക്‌ താഴ്‌ത്താൻ സാധ്യതയേറി. അങ്ങനെവന്നാൽ ലോകബാങ്ക്‌, ഐഎംഎഫ്‌ തുടങ്ങിയ അന്താരാഷ്‌ട്ര ഏജൻസികളുടെ ധനസഹായം പാകിസ്ഥാന്‌ ലഭിക്കാതാകും. നിലവിൽ ഇറാനും ഉത്തര കൊറിയയുമാണ്‌ കരിമ്പട്ടികയിലുള്ളത്‌.

ജി 7ന്റെ മുൻകൈയിൽ 1989ൽ രൂപീകരിക്കപ്പെട്ട അന്തർസർക്കാർ സംവിധാനമാണ്‌ എഫ്‌എടിഎഫ്‌. പാശ്‌ചാത്യ രാജ്യങ്ങൾക്ക്‌ ആധിപത്യമുള്ള അതിൽ 37 രാജ്യവും രണ്ട്‌ മേഖലാ കൂട്ടായ്‌മകളുമാണ്‌ അംഗങ്ങൾ. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിന്‌ ധനസഹായം നൽകലും അന്താരാഷ്‌ട്ര ധനസംവിധാനത്തിന്‌ ഭീഷണിയായ മറ്റു കാര്യങ്ങളും തടയലാണ്‌ ലക്ഷ്യം. ചൈനക്കാരനായ ഷിയാങ്‌മിൻ ലൂയ്‌ ആണ്‌ നിലവിൽ പ്രസിഡന്റ്‌.

അഞ്ചു ദിവസത്തെ പ്ലീനറി യോഗത്തിലാണ്‌ എഫ്‌ടിഎഫ്‌ പാകിസ്ഥാനെ ചാരപ്പട്ടികയിൽ നിലനിർത്താൻ തീരുമാനിച്ചത്‌. കഴിഞ്ഞവർഷം ജൂണിലാണ്‌ ഈ പട്ടികയിൽപ്പെടുത്തിയത്‌. 2019 ഒക്‌ടോബറിനകം 27 കാര്യത്തിൽ നടപടി വേണമെന്ന്‌ നിർദേശിച്ചിരുന്നതെങ്കിലും അഞ്ചു കാര്യത്തിൽ മാത്രമാണ്‌ പാകിസ്ഥാനിൽനിന്ന്‌ നടപടിയുണ്ടായതെന്ന്‌ എഫ്‌എടിഎഫ്‌ അറിയിച്ചു.

അവശേഷിക്കുന്ന 22 എണ്ണം പാകിസ്ഥാൻ നിറവേറ്റണമെന്ന്‌ എഫ്‌എടിഎഫ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ജെയ്‌ഷെ മുഹമ്മദ്‌, ലഷ്‌കർ ഇ തോയ്‌ബ തുടങ്ങിയ ഭീകരസംഘങ്ങൾക്കുള്ള സഹായങ്ങൾ തടയുന്നതിലടക്കം നാലു മാസത്തിനകം കാര്യമായ പുരോഗതി കൈവരിച്ചില്ലെങ്കിൽ പാകിസ്ഥാനെ വീണ്ടും ചാരപ്പട്ടികയിൽ നിർത്തുകയോ കടുത്ത ചാരപ്പട്ടികയിലേക്ക്‌ താഴ്‌ത്തുകയോ ചെയ്യാം. അങ്ങനെയായാലും അന്താരാഷ്‌ട്ര ധന ഏജൻസികളുടെ സഹായം ലഭിക്കാൻ പ്രയാസമാകും.

എഫ്‌എടിഎഫിൽ അംഗമായ ഇന്ത്യയുടെ ശക്തമായ ഇടപെടൽ മൂലം ചുവപ്പുപട്ടികയിലാക്കുമെന്ന്‌ പാകിസ്ഥാന്‌ ആശങ്കയുണ്ടായിരുന്നു. ഇമ്രാൻ ഖാന്റെ ഇടപെടലിലൂടെ അത്‌ ഒഴിവാക്കിയതിന്റെ ആശ്വാസത്തിലാണ്‌ പാകിസ്ഥാൻ. എഫ്‌എടിഎഫിലെ പ്രധാന അംഗങ്ങളായ അമേരിക്ക, സൗദി അറേബ്യ തുടങ്ങിയവയുടെ ഭരണാധികാരികളുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്‌ചകളിൽ ഇക്കാര്യവും ഇമ്രാൻ ഖാൻ ഉന്നയിച്ചിരുന്നു. പാകിസ്ഥാൻ എഫ്‌എടിഎഫിൽ അംഗമല്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top