23 September Wednesday

ഇന്ത്യയും ചൈനയും തള്ളിയ ആഗ്രഹവുമായി വീണ്ടും ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020


വാഷിങ്‌ടൺ
ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കത്തിൽ മറ്റു രാജ്യങ്ങളുടെ ഇടപെടൽ ആവശ്യമില്ലെന്ന്‌ ഇരു രാജ്യവും വ്യക്തമാക്കിയിട്ടും വീണ്ടും മധ്യസ്ഥ മോഹവുമായി അമേരിക്കൻ പ്രസിഡന്റ്‌.

ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളെ ഡോണൾഡ്‌ ട്രംപ്‌ സ്‌നേഹിക്കുന്നതായും അവർക്ക്‌ സമാധാനം ലഭ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നതായും വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി കെയ്‌ലീ മക്കെനാനി പറഞ്ഞു.ട്രംപ്‌ സർക്കാരിലെ മുതിർന്ന അംഗങ്ങൾ കിട്ടുന്ന വേദിയിലെല്ലാം ചൈനാവിരുദ്ധ പ്രചാരണം തീവ്രമാക്കിയിരിക്കെയാണ്‌ പുതിയ പ്രഖ്യാപനം.ഇതിനിടെ, ഹോളിവുഡ്‌ സ്റ്റുഡിയോകളും അമേരിക്കൻ ടെക്‌ സ്ഥാപനങ്ങളും ചൈനയുടെ താൽപ്പര്യങ്ങളനുസരിച്ചാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ യുഎസ്‌ അറ്റോർണി ജനറൽ വില്യം ബാർ കുറ്റപ്പെടുത്തി.

ഡിസ്‌നി സ്ഥാപനമായ മാർവെൽ സ്റ്റുഡിയോസിനെ പേരുപറഞ്ഞ്‌ വിമർശിച്ചു. മിഷഗണിലെ ഗ്രാൻഡ്‌ റാപിഡ്‌സിൽ ജെറാൾഡ്‌ ആർ ഫോർഡ്‌ പ്രസിഡൻഷ്യൽ മ്യൂസിയത്തിൽ നടത്തിയ പ്രഭാഷണത്തിലാണ്‌ ബാർ യുഎസ്‌ കമ്പനികൾ ചൈനയ്‌ക്ക്‌ വഴങ്ങുന്നതായി ആരോപിച്ചത്‌. അമേരിക്കൻ ബിസിനസ്‌ നായകർ ചൈനയുമായുള്ള ബന്ധം വെളിപ്പെടുത്തിയില്ലെങ്കിൽ വിദേശ ലോബിയിങ് നിയമങ്ങളുടെ ലംഘനമാകും. ചൈനീസ്‌ സഹായത്തോടെയുള്ള സംരംഭങ്ങളെ സ്വാഗതം ചെയ്യുന്ന സർവകലാശാലകൾക്ക്‌ അക്കാദമിക്‌ ഗവേഷണത്തിൽ നിയന്ത്രണം നഷ്ടപ്പെടും. മാസ്‌കുകൾ, മെഡിക്കൽ ഗൗണുകൾ, മറ്റു സംരക്ഷണ ഉപകരണങ്ങൾ എന്നിവയടക്കം ചൈനയിൽനിന്നുള്ള ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും അമേരിക്ക അമിതമായി ആശ്രയിക്കുന്നതായും ബാർ പറഞ്ഞു.

അതേസമയം, അമേരിക്കൻ കമ്പനികൾക്ക്‌ ചൈനയിൽ വിശ്വാസം നഷ്ടപ്പെടുന്നതായും അവ ഇന്ത്യയിലേക്ക്‌ തിരിയുന്നതായും വൈറ്റ്‌ ഹൗസ്‌ സാമ്പത്തിക ഉപദേഷ്ടാവ്‌ ലാറി കഡ്‌ലോവ്‌ പറഞ്ഞു. ചൈനയുടെ ദീർഘകാല സാമ്പത്തികവളർച്ചാ അടിസ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന്‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്‌ ആഗോള കമ്പനികളുടെ സിഇഒമാർക്ക്‌ അയച്ച കത്തിൽ പറഞ്ഞു. ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഈവർഷം രണ്ടാം പാദത്തിൽ മുൻവർഷത്തേക്കാൾ 3.2 ശതമാനം വളർച്ച നേടിയതായി റിപ്പോർട്ട്‌ വന്നിരിക്കെയാണ്‌ ഷീയുടെ കത്ത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top