21 July Sunday

മുസ്ലിം വിരുദ്ധ കലാപം: വിമർശിച്ച മാധ്യമപ്രവർത്തകനെ അറസ്റ്റ‌് ചെയ്യാനൊരുങ്ങി ശ്രീലങ്ക

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

കൊളംബോ > ഈസ്റ്റർ സ‌്ഫോടനപരമ്പരയ്ക്ക‌ുശേഷം ശ്രീലങ്കയിൽ മുസ്ലിങ്ങൾക്ക‌ുനേരെ അരങ്ങേറിയ ആക്രമണത്തെ അപലപിച്ച മാധ്യമപ്രവർത്തകനെ അറസ്റ്റ‌് ചെയ്യാനൊരുങ്ങി ശ്രീലങ്കൻ സർക്കാർ. മുതിർന്ന മാധ്യമപ്രവർത്തകർ കുശാൽ പെരേരയെയാണ‌് അറസ്റ്റ‌് ചെയ്യാൻ ഒരുങ്ങുന്നത‌്. 

ശ്രീലങ്കൻ ദിനപത്രമായ ഡെയ്‌ലി മിററിൽ കുശൽ പെരേര ആക്രമണത്തെ അപലപിച്ചെഴുതിയ ലേഖനമാണ‌്  സർക്കാരിനെ ചൊടിപ്പിച്ചത‌്. 
രാഷ്ട്രീയ –- പൗരാവകാശ അന്താരാഷ്ട്ര ഉടമ്പടി (ഐസിസിപിആർ) ഉപയോഗിച്ച‌് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും അടിച്ചമർത്താൻ ശ്രമിച്ചെന്നായിരുന്നു വിമർശം. അഭിപ്രായ സ്വാതന്ത്ര്യത്തിൽ അധികൃതർ കൈകടത്താൻ ശ്രമിച്ചെന്നും ലേഖനത്തിൽ പരാമർശിച്ചിരുന്നു. 

ഐസിസിപിആർ പിൻവലിക്കണമെന്നാവശ്യപ്പെട്ട‌് സമരം നടത്തണമെന്ന‌് മാധ്യമപ്രവർത്തകർ ആഹ്വാനം ചെയ്തിട്ടുണ്ട‌്. ഏപ്രിലിൽ എഴുത്തുകാരൻ ശക്തിക സത‌്കുമാരയെ ഐസിസിപിആർ നിയമമനുസരിച്ച‌് അറസ്റ്റ‌് ചെയ്തിരുന്നു. 

ഏപ്രിൽ 21നാണ‌് ശ്രീലങ്കയിൽ സ‌്ഫോടന പരമ്പര അരങ്ങേറിയത‌്. ആക്രമണത്തിൽ 258 പേർ കൊല്ലപ്പെടുകയും 500 പേർക്ക‌് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഐഎസ‌് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിലും പ്രാദേശിക ഇസ്ലാമിക ത്രീവവാദ സംഘടനയായ നാഷണൽ തൗഹീദ‌് ജമാഅത്താണ‌് ആക്രമണം നടത്തിയതെന്നാണ‌് ശ്രീലങ്കൻ സർക്കാരിന്റെ വാദം.


പ്രധാന വാർത്തകൾ
 Top