19 September Saturday

ഇസ്രയേലുമായി ഉടമ്പടി : യുഎഇ വഞ്ചിച്ചെന്ന്‌ പലസ്‌തീൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020

മഹ്‌മൂദ്‌ അബ്ബാസ്‌


റാമള്ള
ഇസ്രയേലുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ യുഎഇ ഉണ്ടാക്കിയ ഉടമ്പടി വഞ്ചനയെന്ന്‌ പലസ്‌തീൻ. ഉടമ്പടി പലസ്‌തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌ തള്ളി‌. യുഎഇയിലെ പലസ്‌തീൻ അംബാസഡറെ രാജ്യത്തേക്ക്‌ തിരികെ വിളിച്ചു. ഇസ്രയേലുമായി സാധാരണ ബന്ധം പുനസ്ഥാപിക്കുന്ന ആദ്യ ഗൾഫ്‌ രാജ്യമാണ്‌ യുഎഇ. 

ഉടമ്പടി പലസ്‌തീൻ ജനതയോടുള്ള വഞ്ചനയാണെന്ന്‌ അബ്ബാസിന്റെ മുഖ്യ ഉപദേഷ്ടാവ്‌ നബിൽ അബു റുദേന പറഞ്ഞു. യുഎഇയുടെ നടപടി സുഹൃത്തുക്കളെ ഒറ്റുകൊടുക്കുന്നതിന്‌ സമമാണെന്ന്‌ പലസ്‌തീൻ വിമോചന സംഘടനയിലെ അംഗം ഹനാൻ അഷ്‌റവിയുടെ പ്രതികരിച്ചു.

നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡോണൾഡ്‌ ട്രംപിന്റെ പ്രതിഛായ നിർമിതിക്കുവേണ്ടിയുള്ള നീക്കമാണ്‌ ഉടമ്പടിയെന്ന്‌ പലസ്‌തീനെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങൾ വിലയിരുത്തുന്നു. അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉടമ്പടി ഗാസ ഭരിക്കുന്ന ഹമാസും തള്ളി. പലസ്‌തീൻ ജനതയുടെ വികാരം മാനിക്കാത്ത ഉടമ്പടിയാണെന്ന്‌‌ ഹമാസ്‌ പ്രതികരിച്ചു. അതേസമയം, പലസ്‌തീനിലെ കുടിയേറ്റ വ്യാപനത്തിൽനിന്ന്‌ പിന്നോട്ട്‌ പോയെന്ന്‌ ആക്ഷേപിച്ച്‌ ഇസ്രയേലിലെ തീവ്രവലതുപക്ഷ അനുഭാവികൾ നെതന്യാഹുവിനെതിരെ രംഗത്തെത്തി. വോട്ട്‌ ചെയ്ത്‌ വിജയിപ്പിച്ച ലക്ഷക്കണക്കിനാളുകളെ നെതന്യാഹു ചതിച്ചെന്ന്‌ അവർ‌ ആക്ഷേപിച്ചു. എന്നാൽ, കുടിയേറ്റ വ്യാപനം നീട്ടിവയ്ക്കുകമാത്രമാണെന്നും നടപടി പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

എതിർത്ത്‌ ഇറാനും തുർക്കിയും
യുഎഇ –-ഇസ്രയേൽ ഉടമ്പടിയെ ഇറാനും തുർക്കിയും എതിർത്തു. പലസ്‌തീൻ ജനതയെ പിന്നിൽ കുത്തുന്ന ഉടമ്പടിയാണിതെന്ന്‌ ഇറാൻ പ്രതികരിച്ചു‌. യുഎഇയുടെ ആത്മവഞ്ചനാപരമായ നടപടി ചരിത്രം പൊറുക്കില്ലെന്ന്‌ തുർക്കി പ്രതികരിച്ചു. പലസ്‌തീനിന്റെ എതിർപ്പ്‌ ന്യായമാണ്‌. അറബ്‌ സമാധാന ഉടമ്പടിക്ക്‌ വിരുദ്ധമാണ് ഇതെന്നും തുർക്കി വ്യക്തമാക്കി.ഘാനയും നടപടിയെ എതിർത്തു.

അതേസമയം, 1967ലെ അറബ്‌–- ഇസ്രയേൽ യുദ്ധത്തിൽ, ഇസ്രയേൽ കൈയടക്കിയ ഭൂമിയുൾപ്പെടുന്ന സ്ഥലം പലസ്‌തീൻ രാഷ്‌ട്രത്തിന്റെ ഭാഗമാണെന്ന്‌ അംഗീകരിക്കാനും സമാധാന ഉടമ്പടിയിലൂടെ സാധിക്കണമെന്ന്‌ ജോർദാൻ പ്രതികരിച്ചു.

പിന്തുണച്ചും രാജ്യങ്ങൾ
ഇസ്രയേൽ –- യുഎഇ ‘സമാധാനത്തിനുള്ള ദർശനം’ സ്ഥിരതയ്ക്കും സഹകരണത്തിനുമുള്ള ചുവടുവയ്‌പാണെന്ന്‌ യുഎഇ പ്രതികരിച്ചു. ഇസ്രയേലും പലസ്‌തീനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക്‌ ഇത്‌ വഴിവയ്ക്കുമെന്നും യുഎഇ വിദേശമന്ത്രി അൻവർ ഗാർഗേഷ്‌‌ പറഞ്ഞു. നെതന്യാഹുവിന്റെ ബ്ലൂ ആൻഡ്‌ വൈറ്റ്‌ പാർടിയും തീരുമാനത്തെ അനുകൂലിച്ചു.

പലസ്‌തീൻ സമാധാന ഉടമ്പടി കൂടാതെ നേരിട്ടുള്ള വിമാനസർവീസുകൾ, സുരക്ഷ, വിവരസാങ്കേതിക വിദ്യ, ഊർജം, ടൂറിസം, ആരോഗ്യസുരക്ഷ തുടങ്ങിയ മേഖലകളിലാണ്‌ ഇസ്രയേലും –-യുഎഇയും കരാറിലൊപ്പിടുന്നത്‌. നീക്കത്തെ ഇസ്രയേൽ പ്രസിഡന്റ്‌ റൂവൻ റിവ്‌ലിൻ പിന്തുണച്ചു. നയതന്ത്ര മേഖലയിലെ നാഴികക്കല്ലാണിതെന്നായിരുന്നു റൂവന്റെ പ്രതികരണം. അതേസമയം പശ്ചിമേഷ്യൻ മേഖലയിലുള്ള ഏത്‌ സമാധാന ശ്രമത്തെയും സ്വാഗതം ചെയ്യുന്നതായി‌ ഐക്യരാഷ്‌ട്ര സംഘടനാ തലവൻ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 

ചൈന, ബഹ്‌റൈൻ, ഒമാൻ, ജർമനി, ബ്രിട്ടൺ, ഫ്രാൻസ്‌, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളും ഉടമ്പടിയെ സ്വാഗതം ചെയ്തു.
മൂന്നാഴ്ചയ്ക്കുള്ളിൽ നെതന്യാഹുവിനെയും യുഎഇ കിരീടാവകാശി മുഹമ്മദ്‌ ബിൻ സായേദ്‌ അൽ നഹ്‌യാനേയും വൈറ്റ്‌ ഹൗസിലേക്ക്‌ ക്ഷണിക്കുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അറിയിച്ചു.

പശ്ചിമേഷ്യൻ പ്രദേശത്തെ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിലേക്കുള്ള ചവിട്ടുപടിയാണ്‌ ഉടമ്പടിയെന്ന്‌ അമേരിക്കയിലെ ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാർഥി ജോ ബൈഡൻ പറഞ്ഞു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ സമാധാന ലംഘനമുണ്ടാക്കുന്ന ഇസ്രയേലിന്റെ ജൂത കുടിയേറ്റ വ്യാപനത്തെ പിന്തുണയ്ക്കില്ലെന്നും ബൈഡൻ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top