20 July Saturday

2 സൗദി എണ്ണടാങ്കറുകള്‍ക്ക്‌ നേരെ ആക്രമണം

അനസ് യാസിന്‍Updated: Tuesday May 14, 2019

മനാമ > യുഎഇ എമിറേറ്റ്‌സായ ഫുജൈറയുടെ തീരത്ത് രണ്ട് സൗദി എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം. ആക്രമണത്തിൽ കപ്പലുകൾക്ക് സാരമായ കേടുപാടുപറ്റി. എണ്ണ ടാങ്കറുകൾക്കുനേരെ അട്ടിമറി ശ്രമമാണ് നടന്നതെന്നും ആളപായമോ എണ്ണച്ചോർച്ചയോ ഉണ്ടായിട്ടില്ലെന്നും സൗദിഎണ്ണ മന്ത്രി ഖാലിദ് അൽ ഫാലിഹ് അറിയിച്ചു. ഞായറാഴ്ച രാവിലെ ആറോടെയാണ് ആക്രമണമുണ്ടായത്. ടാങ്കുകളിൽ ഒന്ന് അമേരിക്കയിലെ സൗദി  അരാംകോ ഉപഭോക്താക്കൾക്കുള്ള എണ്ണയ‌്ക്കായി സൗദി കിഴക്കൻ പ്രവിശ്യയിലെ രാസ്തനൂര തുറമുഖത്തേക്ക‌് പോകുകയായിരുന്നു.

ഫുജൈറയുടെ കിഴക്കൻത്തീരത്ത് നാലു വാണിജ്യക്കപ്പൽ അട്ടിമറിക്കാൻ ശ്രമം നടന്നതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഞായറാഴ്ച അറിയിച്ചിരുന്നു. ഒമാൻ ഉൾക്കടലിൽ യുഎഇ സമുദ്രപരിധിയിൽ വിവിധ രാജ്യക്കാരുടെ കപ്പലുകളെയാണ് അട്ടിമറിക്കാൻ ശ്രമം നടന്നത്. ഇവയിൽ ഉൾപ്പെട്ടതാണോ ഈ രണ്ടു സൗദി ടാങ്കറുകൾ എന്ന് വ്യക്തമല്ല. സംഭവത്തിൽ അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ യുഎഇ അന്വേഷണം ആരംഭിച്ചു. കടൽ ഗതാഗത സുരക്ഷയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം സംഘങ്ങളെ തടയേണ്ടതിന്റെ ഉത്തരവാദിത്തം അന്താരാഷ്ട്രസമൂഹം ഏറ്റെടുക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽനിന്ന് 140 കിലോമീറ്റർ അകലെയാണ് ഫുജൈറ തുറമുഖം. അറബി ക്കടലിലെ യുഎഇയുടെ ഏക തുറമുഖവുമാണിത്.

അമേരിക്ക- ഇറാൻ സംഘർഷം വർധിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. മേഖലയിൽ വാണിജ്യക്കപ്പൽ ചരക്കു ഗതാഗതം ഇറാൻ ഉന്നമിട്ടേക്കുമെന്ന് വ്യാഴാഴ്ച അമേരിക്കൻ മാരിടൈം അതോറിറ്റി നാവികർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്ക പശ്ചിമേഷ്യയിൽ പടയൊരുക്കം ഊർജിതമാക്കിയിട്ടുണ്ട്.

പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ- പ്രകൃതിവാതക കയറ്റുമതിയിൽ 40 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. സംഘർഷം ഉണ്ടാകുന്നപക്ഷം ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, ഫുജൈറ തുറമുഖത്ത് സ്‌ഫോടനം ഉണ്ടായതായ മാധ്യമ റിപ്പോർട്ടുകൾ അധികൃതർ നിഷേധിച്ചു. ചില ഇറാൻ, ലെബനൺ മാധ്യമങ്ങളായിരുന്നു ഈ വാർത്തകൾ നൽകിയത്.


പ്രധാന വാർത്തകൾ
 Top