09 June Friday

നിക്ഷേപം സുരക്ഷിതമെന്ന്‌ ബൈഡൻ ; ആശങ്ക ഒഴിയാതെ യുഎസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023


വാഷിങ്‌ടൺ
അമേരിക്കയിലെ ബാങ്കിങ് മേഖലയിലെ നിക്ഷേപങ്ങൾ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. സിഗ്നേച്ചർ ബാങ്ക് അടച്ചുപൂട്ടി മണിക്കൂറുകൾക്കുശേഷമാണ് ബൈഡന്റെ പ്രസ്‌താവന. സിലിക്കൺ വാലി ബാങ്കിലും സിഗ്നേച്ചർ ബാങ്കിലും പണം നിക്ഷേപിച്ചിട്ടുള്ളവർക്ക് തിങ്കളാഴ്ചമുതൽ പണം പിൻവലിക്കാൻ നടപടി സ്വീകരിച്ചു.

ബാങ്കുകളുടെ തകർച്ചയ്‌ക്ക്‌ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കും. നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ ഉതകുംവിധം ബാങ്കിങ് നിയമങ്ങളിൽ ഭേദഗതി വരുത്തുന്നത്‌ പരിഗണനയിലുണ്ടെന്നും ബൈഡൻ പറഞ്ഞു.

സിഗ്നേച്ചർ ബാങ്കിലെ ഇടപാടുകാരെ സഹായിക്കാനായി ഒരു ബ്രിഡ്‌ജ്‌ ബാങ്ക്‌ സംവിധാനം ആരംഭിച്ചിട്ടുണ്ട്‌. രണ്ടു പ്രധാന ബാങ്കിന്റെ തകർച്ച കൂടുതൽ ബാങ്കുകളുടെ തകർച്ചയിലേക്ക്‌ നയിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്‌. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷമുള്ള ഏറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണ് അമേരിക്ക ഇപ്പോൾ നേരിടുന്നത്‌.

സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന്‌ പൂട്ടിയ സിലിക്കൺ വാലി ബാങ്കിനെ സർക്കാർ സഹായിക്കില്ലെന്നും  ഇപ്പോഴത്തെ പ്രതിസന്ധി 15 വർഷംമുമ്പ് ഉണ്ടായതിൽനിന്ന്‌ വിഭിന്നമാണെന്നും അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനെറ്റ്‌ യെല്ലൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, രണ്ടു ദിവസത്തിനുശേഷം സിഗ്നേച്ചർ ബാങ്കും പൂട്ടിയതോടെയാണ്‌ പ്രസിഡന്റ്‌ ബൈഡൻ പ്രതികരണവുമായി രംഗത്തെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top