03 August Monday

ഹാഗിയ സോഫിയ: പ്രതിഷേധത്തിൽ മാർപാപ്പയും

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020


വത്തിക്കാൻ/അങ്കാറ
തുർക്കിയിലെ പൗരാണികമായ ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്ലിം പള്ളിയാക്കുന്നതിനുള്ള തീരുമാനത്തിനെതിരെ ക്രൈസ്‌തവ ലോകത്തുയരുന്ന പ്രതിഷേധത്തിൽ മാർപാപ്പയും. ആറാം നൂറ്റാണ്ടിൽ ക്രൈസ്‌തവ ദേവാലയമായി ഇസ്‌താംബുളിൽ നിർമിച്ച മന്ദിരം 1453ൽ തുർക്കി ഓട്ടോമൻ ഭരണത്തിലായപ്പോഴാണ്‌ മുസ്ലിം പള്ളിയാക്കിയത്‌.

കെമാൽ അത്താത്തുർക്കിന്റെ മതേതരഭരണകാലത്ത്‌ 1934ൽ ഇത്‌ മ്യൂസിയമാക്കി. ഇത്‌ റദ്ദാക്കി വെള്ളിയാഴ്‌ച ഒരു തുർക്കി കോടതി വിധിച്ച്‌ മണിക്കൂറുകൾക്കകമാണ്‌ മന്ദിരത്തെ വീണ്ടും മുസ്ലിം പള്ളിയാക്കി റെസിപ്‌ തയ്യിപ്‌ എർദോഗന്റെ ഇസ്ലാമികവാദി സർക്കാർ ഉത്തരവിറക്കിയത്‌.

ഞായറാഴ്‌ച വത്തിക്കാനിൽ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിന്‌ അഭിമുഖമായുള്ള വസതിയുടെ ജാലകത്തിനരികിൽനിന്നു നടത്തിയ ഹ്രസ്വഭാഷണത്തിലാണ്‌ ഫ്രാൻസിസ്‌ മാർപാപ്പ തുർക്കിയിലെ സംഭവവികാസങ്ങളിൽ ദുഃഖം പ്രകടിപ്പിച്ചത്‌. കത്തോലിക്കാ സഭ അന്താരാഷ്‌ട്ര സമുദ്രദിനം ആചരിക്കുന്ന ഈ ഞായറാഴ്‌ച കടൽ തന്റെ ചിന്തകളെ അൽപ്പം അകലെയുള്ള ഇസ്‌തംബുളിലേക്ക്‌ കൊണ്ടുവന്നതായി പോപ്പ്‌ പറഞ്ഞു. താൻ വിശുദ്ധ സോഫിയയെക്കുറിച്ച്‌ ചിന്തിക്കുകയാണെന്നും അതീവ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു.

ഹാഗിയ സോഫിയ

ഹാഗിയ സോഫിയ


 

ജനീവ ആസ്ഥാനമായുള്ള ക്രൈസ്‌തവ സഭകളുടെ ലോക കൗൺസിലും തുർക്കിയുടെ സമീപ രാജ്യങ്ങളായ ഗ്രീസ്‌, സൈപ്രസ്‌ എന്നിവിടങ്ങളിലെ വിവിധ ക്രൈസ്‌തവ വിഭാഗങ്ങൾ മുതൽ റഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ക്രൈസ്‌തവ വിഭാഗങ്ങളുംവരെ തുർക്കിയെ വിമർശിച്ചിരുന്നു.

ഹാഗി സോഫിയയെ മ്യൂസിയമാക്കിയ തീരുമാനം കോടതി റദ്ദാക്കിയത്‌ കാത്തുനിന്ന ജനക്കൂട്ടം ഹർഷാരവത്തോടെയാണ്‌ സ്വീകരിച്ചത്‌. ഉടൻ ഇത്‌ പള്ളിയാക്കി ഉത്തരവിട്ട എർദോഗൻ തീരുമാനം പാർലമെന്റിൽ പ്രഖ്യാപിച്ചപ്പോൾ എംപിമാരും സന്തോഷം പ്രകടിപ്പിച്ചു. ഒരു മതസംഘടന നൽകിയ ഹർജിയിലെ ആവശ്യം അംഗീകരിച്ചാണ്‌ ഭരണസംബന്ധമായ ഉന്നത കോടതി 1934ലെ തീരുമാനം റദ്ദാക്കിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top