24 February Monday

അറബ്‌ എംപിയുടെ വിലക്ക്‌ ഇസ്രയേലി കോടതി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020


ജെറുസലെം
ഇസ്രയേൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‌ അറബ്‌ വനിതാ സാമാജികയ്‌ക്ക്‌ രാജ്യത്തെ തെരഞ്ഞെടുപ്പ്‌ സമിതി ഏർപ്പെടുത്തിയ വിലക്ക്‌ സുപ്രീംകോടതി റദ്ദാക്കി. അറബ്‌ സംയുക്ത പട്ടികയിലുള്ള ഹിബ താസ്‌ബാക്ക്‌ ഭീകരരെ പിന്തുണയ്‌ക്കുന്നു എന്നാരോപിച്ചാണ്‌ ജനുവരിയിൽ തെരഞ്ഞെടുപ്പ്‌ സമിതി വിലക്ക്‌ ഏർപ്പെടുത്തിയത്‌.

എന്നാൽ, വിലക്ക്‌ സാധൂകരിക്കാൻ ഇവർക്കെതിരെ തെളിവില്ലെന്ന്‌ ഇസ്രയേലിന്റെ പരമോന്നത കോടതി ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ്‌ പാർടിയിലെയും മറ്റൊരു വലതുപക്ഷ കക്ഷിയായ ഇസ്രയേൽ ബെയ്‌തനുവിലെയും അംഗങ്ങളാണ്‌ ഹിബയ്‌ക്കെതിരെ പരാതി നൽകിയത്‌.  ഇസ്രയേലിനെതിരെ സായുധപോരാട്ടത്തെ  ഹിബ പിന്തുണയ്‌ക്കുന്നു എന്നായിരുന്നു ആരോപണം.

1979ൽ മൂന്ന്‌ ഇസ്രയേലികളെ കൊന്നതിന്‌ ശിക്ഷിക്കപ്പെട്ട ലെബനനിലെ ഹിസ്‌ബുള്ള അംഗം സമീർ കാന്താറിനെ പിന്തുണച്ച്‌ ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റിട്ടത്‌ എടുത്തുപറഞ്ഞായിരുന്നു പരാതി. എന്നാൽ, ഫെയ്‌സ്‌ബുക്‌ പോസ്‌റ്റിട്ടതിൽ ഹിബ ഖേദം പ്രകടിപ്പിച്ചത്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ  കഴിഞ്ഞ ഏപ്രിൽ മുതൽ അംഗമാണ്‌ അറബ്‌ ദേശീയവാദ സംഘമായ ബാലാദിൽ അംഗമായ ഹിബ. ഏപ്രിലിലും പിന്നീട്‌ സെപ്‌തംബറിലും നടത്തിയ തെരഞ്ഞെടുപ്പുകളിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ്‌ വരുന്ന മാർച്ച്‌ മൂന്നിന്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. തീവ്ര വലതുകക്ഷിയായ ജ്യൂയിഷ്‌ പവറിലെ രണ്ടംഗങ്ങൾ സെപ്‌തംബറിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ സുപ്രീംകോടതി  തടഞ്ഞിരുന്നു. വംശീയ പ്രചാരണം നടത്തിയതായിരുന്നു കുറ്റം.


പ്രധാന വാർത്തകൾ
 Top