27 May Wednesday

കൊറോണ വൈറസ്‌ ബാധ : തടഞ്ഞിട്ട ജപ്പാൻ കപ്പലിലെ യാത്രക്കാരിലും ഇന്ത്യക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020


ടോക്യോ
കൊറോണ വൈറസ്‌ ബാധയെത്തുടർന്ന്‌ ജപ്പാൻതീരത്ത്‌ തടഞ്ഞിട്ട ഡയമണ്ട്‌ പ്രിൻസസ്‌ യാത്രക്കപ്പലിൽ ജീവനക്കാർക്ക്‌ പുറമേ യാത്രക്കാരിലും ഇന്ത്യക്കാരുണ്ടെന്ന്‌  ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.  എന്നാൽ 3711  യാത്രക്കാരുള്ള കപ്പലിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന്‌ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ആഴ്ചയാണ്‌ ജപ്പാൻതീരത്ത്‌ ഡയമണ്ട്‌ പ്രിൻസസ്‌ എത്തിയത്‌. ഹോങ്കോങ്ങിലിറക്കിയ യാത്രക്കാരൻ കൊറോണ വൈറസ്‌ ബാധിതനാണെന്ന്‌ വ്യക്തമായതിനെത്തുടർന്നാണ്‌ കപ്പൽ തടഞ്ഞുവച്ചത്‌. തിങ്കളാഴ്ച കപ്പലിലെ 60 പേർക്ക്‌ കൂടി വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം  130 ആയി.

‘‘ജപ്പാൻതീരത്ത്‌ തടഞ്ഞ ഡയമണ്ട്‌ പ്രിൻസസ്‌ കപ്പലിൽ ഇന്ത്യക്കാരായ ജോലിക്കാരും യാത്രികരുമുണ്ട്‌. ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾക്കായി ടോക്യോയിലുള്ള ഇന്ത്യൻ എംബസിയിലോ വിദേശകാര്യ മന്ത്രാലയത്തിലോ പ്രധാനമന്ത്രിയുടെ ഓഫീസിലോ ബന്ധപ്പെടണം ’’ –- ടോക്യോയിലുള്ള ഇന്ത്യൻ എംബസി ട്വീറ്റ്‌ ചെയ്തു.

അടച്ചിട്ട മുറിയിലിരിക്കുന്നതും കൃത്യമായ ചികിത്സ ലഭിക്കാത്തതും യാത്രാക്കാരെ പ്രതികൂലമായി ബാധിക്കുന്നതായാണ്‌ വിദേശ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്‌.
ജപ്പാൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 600 പേർക്ക്‌ അടിയന്തര ആരോഗ്യ പരിപാലനം ആവശ്യമാണ്‌. എന്നാൽ, ഇതിൽ പകുതിപേർക്ക്‌ മാത്രമാണ്‌ ചികിത്സ ലഭ്യമാക്കാനായത്‌.

അതേസമയം, കൊറോണ വൈറസിനെ ചെറുക്കാൻ ഇന്ത്യ നൽകുന്ന പിന്തുണയെ  ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്‌ പ്രശംസിച്ചു. ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നായിരുന്നു ഷീ ജിൻപിങ്ങിന്റെ പ്രതികരണം.


പ്രധാന വാർത്തകൾ
 Top