24 November Tuesday

ലോകാരോഗ്യ സംഘടന രൂപീകരിച്ച കോവാക്‌സ്‌ സഖ്യത്തിൽ ചൈനയും

വെബ് ഡെസ്‌ക്‌Updated: Saturday Oct 10, 2020


ബീജിങ്‌
കോവിഡ്‌ വാക്‌സിനുകൾ ലോകമെങ്ങും നീതിപൂർവം വിതരണം ചെയ്യുന്നതിന്‌ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ) രൂപീകരിച്ച സഖ്യത്തിൽ ചൈനയും ഔദ്യാഗികമായി ചേർന്നു. വ്യാഴാഴ്‌ചയാണ്‌ ഡബ്ല്യുഎച്ച്‌ഒയുടെ വാക്‌സിൻ സഖ്യമായ ഗവിയുമായി കരാർ ഒപ്പിട്ടതെന്ന്‌ ചൈനയുടെ വിദേശമന്ത്രാലയ വക്താവ്‌ ഹുവാ ചുൻയിങ്‌ പ്രസ്‌താവനയിൽ അറിയിച്ചു.
അമേരിക്ക ഡബ്ല്യുഎച്ച്‌ഒയെ ബഹിഷ്‌കരിക്കുന്ന സാഹചര്യത്തിൽ ചൈന കോവാക്സ്‌ സഖ്യത്തിൽ ചേർന്നത്‌ പ്രധാനമാണ്‌.

വാക്‌സിൻ ഗവേഷണത്തിന്റെ മുൻപന്തിയിലുള്ള ചൈനയുടെ സഹകരണം ഡബ്ല്യുഎച്ച്‌ഒയുടെ ശ്രമത്തിന്‌ കരുത്തുപകരും.
എല്ലാവർക്കും ആരോഗ്യമുള്ള പങ്കാളിത്ത സമൂഹം എന്ന സങ്കൽപ്പം ഉയർത്തിപ്പിടിച്ചാണ്‌ ചൈനയുടെ നടപടിയെന്ന്‌ വക്താവ്‌ പറഞ്ഞു. കോവിഡ്‌ വാക്‌സിനുകൾ ആഗോള സമൂഹത്തിന്റെ പൊതുഗുണത്തിന്‌  ഉപയോഗിക്കുമെന്ന ഉറപ്പ്‌ പാലിക്കാൻ കൂടിയാണ്‌ സഖ്യത്തിൽ ചേർന്നത്‌. സഖ്യത്തിൽ ചേരാതെ തങ്ങളുടെ വാക്‌സിനുകൾ വികസ്വര രാജ്യങ്ങളിൽ സ്വന്തം നിലയ്‌ക്ക്‌ നൽകാനാണ്‌ ചൈനയുടെ നീക്കം എന്ന്‌ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നു.
ഒമ്പത്‌ വാക്‌സിനാണ്‌ നിലവിൽ കോവാക്സ്‌ സംവിധാനത്തിൽ ഉൾപ്പെടുത്താൻ പരിഗണനയിലുള്ളതെന്ന്‌ ഡബ്ല്യുഎച്ച്‌ഒ പറഞ്ഞു. ഇതിൽ രണ്ട്‌ വീതം ചൈനയിലും അമേരിക്കയിലും വികസിപ്പിക്കുന്നവയാണ്‌.

കോവിഡിന്‌ കാരണമായ കൊറോണ വൈറസ്‌ കഴിഞ്ഞ വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ടതായും ചൈന അത്‌ ആദ്യം കണ്ടെത്തി റിപ്പോർട്ട്‌ ചെയ്യുകയാണുണ്ടായതെന്നും വിദേശമന്ത്രാലയ വക്താവ്‌ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യമുള്ള, ഏറ്റവും വലിയ ശക്തിയായ അമേരിക്കയ്‌ക്ക്‌ എന്തുകൊണ്ട്‌ വൈറസിനെ നേരത്തെ കണ്ടെത്താനും പരിശോധനകൾ നടത്തി വ്യാപനം തടയാനും കഴിഞ്ഞില്ലെന്നും ഹുവാ ചുൻയിങ്‌ ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top