31 October Saturday

ഹൈഷൻ ചുഴലി തീരത്ത്‌ ; ജപ്പാനിൽ ആശങ്ക

വെബ് ഡെസ്‌ക്‌Updated: Monday Sep 7, 2020


ടോക്യോ
ജപ്പാനിൽ ആശങ്ക വിതച്ച്‌ ഹൈഷൻ ചുഴലിക്കാറ്റ്‌.  ചൈനീസ്‌ ഭാഷയിൽ സമുദ്രദൈവം എന്ന്‌ അർഥം വരുന്ന ഹൈഷൻ ചുഴലിക്കാറ്റ്‌‌ മണിക്കൂറിൽ 162 കിലോമീറ്റർ വേഗത്തിലാണ്‌ വീശുന്നത്‌. ഞായറാഴ്ചത്തെ കനത്ത മഴയിലും കാറ്റിലും നിരവധി വീടുകൾക്ക്‌‌ കേടുപാട്‌ പറ്റി. ജപ്പാനിലെ വടക്കൻ പ്രദേശങ്ങളിലുടനീളം വൈദ്യുതി തകരാറിലായി. ബുള്ളറ്റ്‌ ട്രെയിനുകൾ സർവീസ്‌ നിർത്തി. നിപ്പോൺ എയർവെയ്‌സിന്റെ എല്ലാ വിമാനയാത്രയും റദ്ദാക്കി.

കാറ്റഗറി രണ്ടിൽപെട്ട ചുഴലിക്കാറ്റിന്‌ മുന്നോടിയായി‌ രണ്ടു ലക്ഷം പേരോട്‌ മാറിത്താമസിക്കാൻ നേരത്തെ അധികൃതർ നിർദേശിച്ചിരുന്നു. റെക്കോഡ്‌  മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നും അഭയസ്ഥാനത്തേക്ക്‌ മാറാനും ഭക്ഷണസാധനങ്ങൾ കരുതണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. എന്നാൽ, കോവിഡ്‌ ഭീഷണിമൂലം  നിരവധിപേർ സ്വകാര്യ ഹോട്ടലുകളിലാണ്‌ താമസിക്കുന്നത്‌. 

തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ്‌ ദക്ഷിണ കൊറിയയിൽ എത്തും.  ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ചുഴലിക്കാറ്റാണ്‌ ജപ്പാൻ തീരത്തെത്തുന്നത്‌. നേരത്തെയുണ്ടായ മായ്‌സക്‌ ചുഴലിക്കാറ്റിൽ ആയിരക്കണക്കിന്‌ വീട്ടിൽ വൈദ്യുതി  നഷ്ടപ്പെട്ടിരുന്നു. മായ്‌സക്‌ ചുഴലിക്കാറ്റിൽ ന്യൂസിലൻഡിൽനിന്ന്‌ 43 യാത്രക്കാരും 5800 പശുക്കളുമായെത്തിയ ചരക്കുകപ്പൽ കാണാതായിരുന്നു. മൂന്നു യാത്രികരെ രക്ഷിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹൈഷൻ ചുഴലിക്കാറ്റ്‌ മൂലം ചരക്കുകപ്പലിന്റെ രക്ഷാപ്രവർത്തനം നിർത്തിവച്ചു‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top