04 August Tuesday
ബോൾസനാരോയ്‌ക്ക്‌ കോവിഡ്‌

ട്രംപിന്റെ ക്ഷണം : ജസ്‌റ്റിൻ ട്രൂഡോ തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


ടൊറന്റോ
അമേരിക്കയും ക്യാനഡയും മെക്‌സിക്കോയും തമ്മിലുള്ള പുതിയ മേഖലാ സ്വതന്ത്ര വ്യാപാര കരാർ ആഘോഷിക്കാൻ ബുധനാഴ്‌ച വാഷിങ്‌ടണിൽ എത്താനുള്ള വൈറ്റ്‌ഹൗസിന്റെ ക്ഷണം ക്യാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ തള്ളി. അമേരിക്കയിൽ വീണ്ടും കോവിഡ്‌ രൂക്ഷമാവുന്നതിനിടെയാണിത്‌. പകരം ട്രംപുമായി ഫോണിൽ സംസാരിക്കും. ജൂലൈ ഒന്നിനാണ്‌ കരാർ നിലവിൽ വന്നത്‌.

ട്രൂഡോ മന്ത്രിസഭാ യോഗം പോലും ഓൺലൈനായാണ്‌ നടത്തുന്നത്‌. അമേരിക്കയും മെക്‌സിക്കോയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ്‌ വ്യാപനം നിയന്ത്രിക്കുന്നതിൽ  ക്യാനഡ വിജയിച്ചിട്ടുണ്ട്‌. അവിടെ 105935 പേർക്ക്‌ രോഗം സ്ഥിരീകരിച്ചതിൽ 8693 പേരാണ്‌ മരിച്ചത്‌. യുഎസിൽ മരണസംഖ്യ 133000വും മെക്‌സിക്കോയിൽ 31000വും കടന്നു.

● ചൈനയിൽ സർവകലാശാല പ്രവേശന പരീക്ഷകൾ ചൊവ്വാഴ്‌ച ആരംഭിച്ചു. കോവിഡ്‌ മൂലം വൈകിയ പരീക്ഷകൾ 110ലക്ഷം വിദ്യാർഥികൾ എഴുതും‌. രോഗം പൊട്ടിപ്പുറപ്പെട്ടശേഷം ഏറ്റവും അധികം ആളുകൾ കൂടുന്ന പരിപാടിയായിരിക്കും രണ്ടുദിവസത്തെ പരീക്ഷ. എല്ലാ സുരക്ഷാ നിബന്ധനകളും ഉറപ്പാക്കി‌.

●ബ്രസീൽ പ്രസിഡന്റ്‌ ജെയ്‌ർ ബോൾസനാരോയ്‌ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.  മാർച്ചിൽ ട്രംപുമായി കൂടിക്കാഴ്‌ചയെ തുടർന്ന്‌ മൂന്ന്‌ തവണ പരിശോധന നടത്തിയിരുന്നു. ട്രംപ്‌ കഴിഞ്ഞാൽ ഏറ്റവും മോശമായി കോവിഡ്‌ കൈകാര്യം ചെയ്‌ത ഭരണാധികാരിയാണ്‌ ബോൾസനാരോ. രോഗം വ്യാപിക്കുമ്പോഴും ബ്രസീലിലെ ആമസോൺ മേഖലയിലെ മനോസ്‌, റയോ ഡി ജനീറോയിലെ മെട്രോപൊളിറ്റൻ ഭാഗമായ ഡുഖ്‌ ഡി കാഷ്യസ്‌ എന്നീ നഗരങ്ങളിൽ സ്വകാര്യ സ്‌കൂളുകൾ അധ്യയനം ആരംഭിച്ചു.

●അമേരിക്കയിൽ 50 സംസ്ഥാനങ്ങളിൽ 41 ലും പ്രതിദിനം രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. ഫ്‌ളോറിഡ, ടെക്‌സാസ്‌ എന്നിവിടങ്ങളിൽ ആശുപത്രികൾ നിറയുകയാണ്‌. മയാമിയിൽ റെസ്‌റ്റോറന്റുകൾ അടച്ചു. ശനിയാഴ്‌ച നടന്ന സ്വാതന്ത്ര്യ ദിനാഘോഷം രോഗം കൂടുതൽ പടരാൻ ഇടയക്കിയോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്‌. മാസ്‌ക്‌ നിർബന്ധമാക്കി ട്രംപ്‌ ഭരണകൂടം ഉത്തരവിറക്കാത്ത സാഹചര്യത്തിൽ, അമേരിക്കൻ മെഡിക്കൽ അസോസിയേഷനും നേഴ്‌സസ്‌ അസോസിയേഷനും ഹോസ്‌പിറ്റൽ അസോസിയേഷനും മാസ്‌ക്‌ ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ഇടയ്‌ക്കിടെ കൈകഴുകാനും ജനങ്ങളോട്‌ അഭ്യർഥിച്ച്‌ തുറന്ന കത്ത്‌ പുറത്തുവിട്ടു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top