26 October Monday

പ്രസിഡന്റിന്‌ അമിതാധികാരം : ശ്രീലങ്കൻ ഭരണഘടനയിൽ ഭേദഗതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 5, 2020


കൊളംബോ
പ്രസിഡന്റിന്‌ അമിതാധികാരങ്ങൾ നൽകുന്ന ഭരണഘടനാ ഭേദഗതിയുമായി ശ്രീലങ്കൻ സർക്കാർ. 2015ലെ പാർലമെന്റിന്‌ കൂടുതൽ അധികാരങ്ങൾ നൽകിയ 19–-ാം ഭരണഘടനാ ഭേദഗതിക്ക്‌ ബദലായാണ്‌ 20–-ാം ഭേദഗതി‌. ഭരണഘടനാ കൗൺസിലിനു(സിസി)പകരം പാർലമെന്ററി കൗൺസിൽ വേണമെന്നും ഇതിൽ പാർലമെന്ററി അംഗങ്ങൾക്ക്‌ മാത്രമാണ്‌ പങ്കെടുക്കാൻ അവകാശമെനന്നുമാണ്‌‌ പുതിയ ഭേദഗതി‌. തെരഞ്ഞെടുപ്പ്‌ കമീഷൻ അടക്കമുള്ള മൂന്ന്‌ സ്വതന്ത്ര കമീഷൻ റദ്ദാക്കും. കമീഷനുകളിലേക്കുള്ള നിയമനം പ്രസിഡന്റിന്റെ അധീനതയിൽ വരുന്ന പാർലമെന്ററി കൗൺസിലിനാകും. നേരത്തെ ഇത്‌ പൂർണമായും ഭരണഘടനാ കൗൺസിലിന്റെ ഉത്തരവാദിത്തമായിരുന്നു. 19എയിൽ ഉൾപ്പെടുത്തിയിരുന്ന വിവരാവകാശ നിയമവും റദ്ദാക്കി. പ്രസിഡന്റിന്‌ സമ്പൂർണ നിയമസുരക്ഷ ലഭിക്കും. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഒരു വർഷത്തിനുള്ളിൽ പാർലമെന്റ്‌ പിരിച്ചുവിടാനുള്ള അധികാരവും 20–-ാം ഭേദഗതിയിൽ ഉൾപ്പെടുത്തി.  മന്ത്രിസഭയിലെ അംഗങ്ങളുടെ പരിധിയും ഒഴിവാക്കി.

മൂന്നാഴ്ചയ്ക്കകം ഭേദഗതി പാർലമെന്റിൽ ചർച്ചയ്ക്കും അംഗീകാരത്തിനുമായി അവതരിപ്പിക്കുമെന്ന്‌ ഊർജമന്ത്രി ഉദയ ഗമ്മൻപില അറിയിച്ചു. ആഗസ്‌ത്‌ അഞ്ചിന്‌ നടന്ന തെരഞ്ഞെടുപ്പിൽ 225 സീറ്റിൽ 150 സീറ്റ്‌ ശ്രീലങ്ക പീപ്പിൾസ്‌ പാർടിക്ക്‌ ലഭിച്ചിരുന്നു. മൂന്നിൽ രണ്ട്‌ സീറ്റ്‌ ലഭിച്ചതിനാൽ ഭരണഘടനാ ഭേദഗതി പാസാക്കുന്നതിൽ സർക്കാരിന്‌ തടസ്സമുണ്ടാകില്ല.
1978 മുതൽ പ്രസിഡന്റിന്‌ അമിതാധികാരം നൽകി വന്നിരുന്ന ശ്രീലങ്കയിൽ ജനാധിപത്യഅനുകൂലമായാണ്‌‌ 19 എ ഭേദഗതി അവതരിപ്പിച്ചത്‌. കോടതികള്‍ക്കും പൊതുഭരണ സംവിധാനങ്ങൾക്കും തെരഞ്ഞെടുപ്പിനും കൂടുതൽ ഊന്നൽ നൽകുന്നതായിരുന്നു ഇത്‌. എന്നാൽ, ഇത്‌ അപ്പാടെ തകിടം മറിച്ചുകൊണ്ടാണ്‌ പുതിയ ഭേദഗതി പ്രസിഡന്റ്‌ ഗോതബായി രജപകസെ അവതരിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top