04 July Saturday
എംബസി ആക്രമിച്ചവരെ ശിക്ഷിക്കണം: സിപിഐ എം

യുഎസിലെ ക്യൂബൻ എംബസിക്കു നേരെ വെടിവെയ്‌പ്‌ ; അക്രമി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 3, 2020


വാഷിങ്‌ടൺ
അമേരിക്കയിലെ ക്യൂബൻ എംബസിയിൽ യന്ത്രത്തോക്കുപയോഗിച്ച്‌ ആക്രമണം. ആർക്കും പരിക്കില്ല. വടക്കൻ വാഷിങ്‌ടണിലുള്ള ക്യൂബൻ എംബസിയിൽ വ്യാഴാഴ്ച പുലർച്ചെ 2.20നാണ്‌ ആക്രമണമുണ്ടായത്‌. നാൽപത്തിരണ്ടുകാരനായ ടെക്‌സാസ്‌ സ്വദേശി അലക്സാണ്ടർ അലാസോ എകെ 47 ഉപയോഗിച്ച്‌ വെടിവെയ്‌ക്കുകയായിരുന്നു. വെടിവെയ്‌പിൽ കെട്ടിടത്തിന്‌ കേടുപാട്‌ പറ്റി.

അലാസോയെ അറസ്‌റ്റു ചെയ്‌തതായും ആക്രമണ കാരണം വ്യക്തമല്ലെന്നും പൊലീസ്‌ പറഞ്ഞു.  പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനും അനധികൃതമായി തോക്ക്‌ കൈവശം വച്ചതിനും കേസ്‌ എടുത്തതായി പൊലീസ്‌ അറിയിച്ചു. ‌കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന്‌ ക്യൂബൻ എംബസി പ്രതികരിച്ചു. ആരാണ്‌ ആക്രമണം നടത്തിെയതെന്നും എന്താണ്‌ ഉദ്ദേശ്യമെന്നും അറിയേണ്ടതുണ്ടെന്നും എംബസി പ്രതികരിച്ചു.


എംബസി ആക്രമിച്ചവരെ ശിക്ഷിക്കണം: സിപിഐ എം

വാഷിങ്ടണിലെ ക്യൂബൻ എംബസിക്കുനേരെയുണ്ടായ വെടിവയ്‌പിനെ സിപിഐ എം അപലപിച്ചു. നയതന്ത്രകാര്യാലയങ്ങൾക്ക്‌ ആതിഥേയരാഷ്ട്രങ്ങൾ മതിയായ സുരക്ഷ നൽകണമെന്നാണ്‌‌ വിയന്ന കൺവൻഷൻ ചട്ടം. ഇത്‌ നിറവേറ്റുന്നതിൽ അമേരിക്ക പരാജയപ്പെട്ടു. ക്യൂബൻ സുരക്ഷാ ഗാർഡുകൾ ഇടപെട്ടതിനാലാണ്‌ അപായം ഒഴിവായത്‌.

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും വിദേശ സെക്രട്ടറി മൈക്ക്‌ പോംപിയോയും നടത്തിവരുന്ന വിദ്വേഷജനക പരാമർശങ്ങളാണ്‌ ഈ ആക്രമണത്തിനു കാരണം‌. കോവിഡ്‌ മഹാമാരിക്ക്‌ എതിരായ പോരാട്ടം സേഷ്യലിസ്റ്റ്‌ ക്യൂബ മുന്നിൽനിന്ന്‌ നയിക്കുന്ന സാഹചര്യത്തിലാണ്‌ ഈ ആക്രമണം. യൂറോപ്പ്‌, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലായി 59 രാജ്യത്ത്‌ ക്യൂബൻ മെഡിക്കൽസംഘങ്ങൾ പ്രവർത്തിക്കുന്നു.

ക്യൂബയ്‌ക്ക്‌ എതിരായ സാമ്പത്തിക ഉപരോധം അമേരിക്ക ഉടൻ പിൻവലിക്കണം. ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ വ്യക്തികളെയും സംഘടനകളെയും ശിക്ഷിക്കണം. സോഷ്യലിസ്റ്റ്‌‌ ക്യൂബയോടുള്ള ഐക്യദാർഢ്യം സിപിഐ എം ആവർത്തിച്ച്‌ പ്രഖ്യാപിച്ചു.


പ്രധാന വാർത്തകൾ
 Top