13 July Monday

ഡബ്ല്യുഎച്ച്‌ഒയ്‌ക്ക്‌ പകരം മറ്റൊന്നില്ല; ലോകാരോഗ്യ സംഘടനയ്‌ക്ക്‌ യുഎൻ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020

അന്റോണിയോ ഗുട്ടെറസ്‌


ഐക്യരാഷ്‌ട്രകേന്ദ്രം
അമേരിക്കയുടെ പകപോക്കൽ നേരിടുന്ന ലോകാരോഗ്യ സംഘടനയ്‌ക്കും(ഡബ്ല്യുഎച്ച്‌ഒ) അതിന്റെ നായകൻ തെദ്രോസ്‌ അഥാനം ഗബ്രിയേസസിനും ഐക്യരാഷ്‌ട്ര സംഘടനയുടെയും ലോകരാജ്യങ്ങളുടെയും പിന്തുണ. ഡബ്ല്യുഎച്ച്‌ഒയുടെ 73–-ാം വാർഷിക ലോക ആരോഗ്യസഭയെ അഭിസംബോധന ചെയ്യവെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സഭ ഉദ്‌ഘാടനം ചെയ്‌ത സ്വിറ്റ്‌സർലൻഡ്‌ പ്രസിഡന്റ്‌ സിമോണിറ്റ സൊമാറുഗയും പിന്തുണ പ്രഖ്യാപിച്ചു. ഡബ്ല്യുഎച്ച്‌ഒയ്‌ക്ക്‌ പകരം മറ്റൊന്നില്ലെന്നും മഹാമാരിയെ നേരിടാൻ വികസ്വരരാജ്യങ്ങളെ സഹായിക്കുന്നതിന്‌ അതിന്റെ വിഭവശേഷി വർധിപ്പിക്കണമെന്നും ഗുട്ടെറസ്‌ പറഞ്ഞു.

അംഗരാജ്യങ്ങളെ സഹായിക്കാൻ ലോകമാകെ പ്രവർത്തിക്കുന്ന ഡബ്ല്യുഎച്ച്‌ഒയിലെ സഹപ്രവർത്തകർക്കൊപ്പം യുഎൻ കുടുംബമാകെ നിലകൊള്ളുന്നു. ഇത്‌ ലോകസമൂഹം ഐക്യത്തോടെ മഹാമാരിക്കെതിരെ പോരാടേണ്ട സമയമാണ്‌. വൈറസ്‌ പരക്കുന്നത്‌ തടയാൻ ഡബ്ല്യുഎച്ച്‌ഒ നൽകിയ ഉപദേശങ്ങൾ പല രാജ്യങ്ങളും അവഗണിച്ചു–-ഗുട്ടെറസ്‌ പറഞ്ഞു.

മഹാമാരിക്കെതിരെ ആഗോള പ്രതികരണം ഏകോപിപ്പിക്കുന്ന ഡബ്ല്യുഎച്ച്‌ഒ നായകന്‌ പൂർണ പിന്തുണ നൽകുന്നതായി സ്വിസ്‌ പ്രസിഡന്റ്‌ സിമോണിറ്റ പറഞ്ഞു. 194 അംഗരാജ്യങ്ങളും ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടണമെന്നും അവർ പറഞ്ഞു. കോവിഡിനോടുള്ള ഡബ്ല്യുഎച്ച്‌ഒ പ്രതികരണം സ്വതന്ത്ര അവലോകനത്തിന്‌ വിധേയമാക്കണമെന്ന്‌ യൂറോപ്യൻ യൂണിയൻ അവതരിപ്പിച്ച രേഖയിൽ നിർദേശിച്ചു. കോവിഡ്‌ ആദ്യം കണ്ടെത്തിയ ചൈനയും അംഗീകരിക്കുന്ന രേഖ സമവായത്തോടെയാണ്‌ തയ്യാറാക്കിയത്‌.

കഴിയുന്നത്ര നേരത്തേ ഉചിതമായ സമയത്ത്‌  കോവിഡ്‌ പ്രതികരണം സ്വതന്ത്രമായി അവലോകനം ചെയ്യുമെന്ന്‌ ഡബ്ല്യുഎച്ച്‌ഒ തലവൻ ഗെബ്രിയേസസ്‌ പറഞ്ഞു. ഡബ്ല്യുഎച്ച്‌ഒയുടെ പ്രവർത്തനം സംബന്ധിച്ച്‌ മേൽനോട്ട ഉപദേശക സമിതി സഭ മുമ്പാകെ 11 പേജുള്ള ഇടക്കാല റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്‌. ദ്വിദിന വെർച്വൽ സഭ ചൊവ്വാഴ്‌ച സമാപിക്കും. തൈവാന്‌ നിരീക്ഷണപദവി നൽകണമെന്ന ആവശ്യത്തിൽ തീരുമാനം മാറ്റിവയ്‌ക്കാൻ അംഗരാജ്യങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top