13 July Monday

ചൈനയ്‌ക്കെതിരെ പ്രചാരണം തീവ്രമാക്കി യുഎസ്‌ ; കോവിഡിൽനിന്ന്‌ ലോകത്തെ രക്ഷിക്കുന്നതിൽ ഡബ്ല്യുഎച്ച്‌ഒ പരാജയപ്പെട്ടെന്ന്‌ മൈക്‌ പോംപിയോ

വെബ് ഡെസ്‌ക്‌Updated: Sunday Apr 26, 2020


വാഷിങ്‌ടൺ
കോവിഡ്‌ മഹാമാരിയുടെ പേരിൽ അമേരിക്ക ചൈനയ്‌ക്കെതിരെ ആരംഭിച്ച പ്രചാരണം തീവ്രമാക്കി. ചൈനയിൽ ആദ്യം കണ്ടെത്തിയ രോഗത്തിന്‌ ഉത്തരവാദി അവരാണെന്ന്‌ മറ്റ്‌ രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമം നടത്തുന്നതായി കടുത്ത ചൈനാവിരുദ്ധനായ യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ ടെലിവിഷൻ പരിപാടിയിൽ വ്യക്തമാക്കി. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ റോബർട്ട്‌ ഒബ്രീൻ എൻപിആർ ചാനലിലെ അഭിമുഖത്തിലും ചൈനയ്‌ക്കെതിരെയുള്ള പ്രചാരണം ആവർത്തിച്ചു.

കൊറോണ വൈറസ്‌ ബാധമൂലം കണ്ടെത്തിയ പകർച്ചവ്യാധി ചൈന ലോകാരോഗ്യ സംഘടനയെയും (ഡബ്ല്യുഎച്ച്‌ഒ) അമേരിക്കയടക്കം രാജ്യങ്ങളെയും അറിയിച്ചിട്ടും ട്രംപ്‌ ഭരണകൂടം മഹാമാരിയെ നിസ്സാരമായാണ്‌ കണ്ടത്‌. അമേരിക്കയിൽ പതിനായിരങ്ങൾ മരിച്ചപ്പോഴാണ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നേതൃത്വത്തിൽ സർക്കാരും റിപ്പബ്ലിക്കൻ പാർടി നേതാക്കളും ശ്രദ്ധതിരിക്കാൻ ചൈനയെയും ഡബ്ല്യുഎച്ച്‌ഒയെയും പഴിച്ചുതുടങ്ങിയത്‌.

ലോകത്തെ വൻകിട ബിസിനസുകൾ ചൈനയെ ഉപേക്ഷിക്കുമെന്ന്‌ പോംപിയോ പ്രതീക്ഷ പ്രകടിപ്പിച്ചു. കോവിഡിൽനിന്ന്‌ ലോകത്തെ രക്ഷിക്കുന്നതിൽ ഡബ്ല്യുഎച്ച്‌ഒയും പരാജയപ്പെട്ടെന്ന്‌ പോംപിയോ ആരോപിച്ചു. ഇത്തരം കുഴപ്പങ്ങൾ ഇനി ചൈനയിൽനിന്നോ മറ്റേതെങ്കിലും രാജ്യത്തുനിന്നോ ഉണ്ടാകാതിരിക്കാൻ സംവിധാനം ഉണ്ടാക്കാൻ പോവുകയാണെന്നും പോംപിയോ പറഞ്ഞു. ഡബ്ല്യുഎച്ചഒയ്‌ക്ക്‌ വിഹിതം നൽകുന്നത്‌ അമേരിക്ക നിർത്തിവച്ചിരിക്കുകയാണ്‌.

റിപ്പബ്ലിക്കൻ പാർടിയിലെ തീവ്ര ചൈനാവിരുദ്ധർ ആസൂത്രിതമായിത്തന്നെ പ്രചാരണം തുടങ്ങിയിട്ടുണ്ട്‌. ഇന്ത്യൻ വംശജയായ മുൻ സൗത്ത്‌ കരോലിന്‌ ഗവർണർ നിക്കി ഹാലി ചൈനയെ തടയുന്നതിന്‌ യുഎസ്‌ കോൺഗ്രസിന്റെ ഇടപെടൽ ആവശ്യപ്പെട്ട്‌ ഓൺലൈൻ ഒപ്പുശേഖരണം തുടങ്ങി. ചൈന വികസ്വര രാജ്യങ്ങളിൽ നടപ്പാക്കിവരുന്ന ബെൽറ്റ്‌ ആൻഡ്‌ റോഡ്‌ പദ്ധതിയുടെ പ്രത്യാഘാതം പഠിക്കണം എന്നാവശ്യപ്പെട്ട്‌ മറ്റൊരുസംഘം യുഎസ്‌ കോൺഗ്രസ്‌ അംഗങ്ങൾ ട്രംപിന്‌ കത്തെഴുതി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top