വെല്ലിങ്ടൺ > പള്ളിയിൽ വെടിവയ്പു നടത്തിയ തീവ്രവാദി തലയിൽ ക്യാമറഘടിപ്പിച്ച് വെടിവയ്പ് ഫെയ്സ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്തു. പള്ളിയിലെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങിയവരെ വെടിവച്ചു വീഴ്ത്തുന്ന അതിക്രൂരദൃശ്യങ്ങളാണ് ഫെയ്സ്ബുക്കിൽ തൽസമയം പ്രചരിപ്പിച്ചത്. പള്ളിയുടെ വാതിലിനു സമീപത്തുനിന്നാണ് വെടിവയ്പ് നടത്തിയത്. ഇത് ആരും ഷെയർ ചെയ്ത് പ്രചരിപ്പിക്കരുതെന്ന് പൊലീസ് അറിയിപ്പു നൽകി. അക്രമിയുടെ ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും ദൃശ്യത്തിന്റെ മറ്റു പതിപ്പുകൾ പിൻവലിച്ചു കൊണ്ടിരിക്കുകയാണെന്നും ഫെയ്സ്ബുക്ക് അധികൃതർ പറഞ്ഞു.
ഗോപ്രോ ക്യാമറ തന്റെ തൊപ്പിയിൽ സ്ഥാപിച്ചാണ് അക്രമി വെടിവയ്പ്പു നടത്തിയത്. കാറില്‍ തോക്കുകളും വെടിയുണ്ടകളുമായി പള്ളിയിലേക്ക് എത്തുന്നതു മുതല്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. മൃതദേശഹങ്ങൾ ചിതറിക്കിടക്കുന്നത് വീഡിയോയിൽ കാണാം. ഓരോ മുറിയിലും കയറിച്ചെന്ന് വെടിയുതിർക്കുകയായിരുന്നു. തോക്കിലെ ഉണ്ട തീർന്നതിനെത്തുടർന്ന് കാറിൽ തിരിച്ചെത്തി പുതിയ തോക്കെടുത്തത് സമീപത്തുനിന്നവർക്കുനേരെയും വെടിയുതിർക്കുന്നുണ്ട്. പള്ളിക്കുള്ളിൽ തിരിച്ചെത്തിയ ഇയാൾ വീണുകിടക്കുന്നവർക്കുനേരെ വീണ്ടും വെടിയുതിർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
താൻ കുടിയേറ്റ വിരുദ്ധനെന്ന് അക്രമി
അക്രമി ഓസ്ട്രേലിയൻ പൗരനാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസൺ സ്ഥിരീകരിച്ചു. തീവ്രവലതുപക്ഷക്കാരനായ ഭീകരവാദിയുടെ ആക്രമണം രാജ്യം അപലപിച്ചു. പ്രതി തന്റെ ലക്ഷ്യങ്ങൾ വിവരിച്ച് പ്രസ്താവന ഇറക്കിയതായി സൂചനയുണ്ട്. ഓസ്ട്രേലിയിൽ ജനിച്ച ഇരുപത്തെട്ടുകാരനായ കുടിയേറ്റ വിരുദ്ധനായ തീവ്ര വലതുപക്ഷക്കാരനായാണ് ഇയാൾ സ്വയം പരിചയപ്പെടുത്തുന്നത്. എന്നാൽ, ഇയാൾ മുമ്പ് ഒരു കേസിലും പ്രതിയായിരുന്നില്ലെന്ന് ന്യൂസിലൻഡിന്റെയും ഓസ്ട്രേലിയയുടെയും സുരക്ഷാ സേനകൾ പറഞ്ഞു. ആക്രമണത്തെക്കുറിച്ച് സുരക്ഷാവിഭാഗം അന്വേഷിക്കുമെന്ന് സ്കോട് മോറിസൺ പറഞ്ഞു. എന്നാൽ, ആക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരം പുറത്തുവിട്ടില്ല. ന്യൂസിലൻഡും ഓസ്ട്രേലിയയും വെറും പങ്കാളികൾ മാത്രമല്ലെന്നും ഒരു കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു.
വെടിവയ്പ് നടത്തിയ ആളെയും മറ്റ് രണ്ടു പുരുഷന്മാരെയും ഒരു സ്ത്രീയെയും പിടികൂടിയതായും ആയുധങ്ങൾ പിടിച്ചെടുത്തതായും ന്യൂസിലൻഡ് പൊലീസ് പറഞ്ഞു. എന്നാൽ, മറ്റുള്ളവർ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..