ബീജിങ്
ചൈനയിൽ കടുത്ത ശൈത്യത്തിനൊപ്പം കോവിഡും കുതിക്കുന്നു. പ്രതിദിനം 3200 പേർക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് കണക്ക്. ആശുപത്രികളിൽ രോഗികൾ കുത്തനെ കൂടുന്നതായും കൂടുതൽ മരണം സ്ഥിരീകരിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഒമിക്രോണിന്റെ വിവിധ വകഭേദങ്ങളാണ് പടരുന്നത്. മൂന്നു മാസത്തിനിടെ ഒമിക്രോണിന്റെ 130 വകഭേദം ചൈനയിൽ കണ്ടെത്തിയെന്ന് പകർച്ചവ്യാധി നിയന്ത്രണവിഭാഗം തലവൻ ഷു വെൻബോ പറഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ സ്ഥിരീകരിച്ച ബിഎഫ്.7 ഉൾപ്പെടെ വകഭേദങ്ങൾ ചൈനയിൽ സജീവമാണ്.
ചൈനയിലെ സീറോ കോവിഡ് നയത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെത്തുടർന്ന് കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നു. കോവിഡ് ഉയരുന്നത് കണക്കിലെടുത്ത് ചികിത്സാ സൗകര്യങ്ങളും വാക്‌സിനേഷനും വിപുലമാക്കിയിട്ടുണ്ട്. 2023ൽ ചൈനയിൽ കോവിഡ് മരണം 10 ലക്ഷം കടക്കുമെന്നും ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും കോവിഡ് ബാധിക്കുമെന്നും അമേരിക്ക ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷന്റെ പഠന റിപ്പോർട്ടുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..