17 January Friday

അഴിമതിക്കേസുകൾ: നെതന്യാഹു മന്ത്രിസ്ഥാനങ്ങൾ ഒഴിയുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

ജെറുസലേം>  അഴിമതിക്കേസുകളും പുതിയ തെരഞ്ഞെടുപ്പും നേരിടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മറ്റ്‌ മന്ത്രിസ്ഥാനങ്ങൾ ഒഴിയുന്നു. ഇസ്രയേലി നിയമമനുസരിച്ച്‌ അഴിമതിക്കേസുകൾ ചുമത്തപ്പെടുന്ന മന്ത്രിമാർ സ്ഥാനം ഒഴിയണം. എന്നാൽ, പ്രധാനമന്ത്രിക്ക്‌ ഇത്‌ ബാധകമല്ല. അതിനാലാണ്‌ പ്രധാനമന്ത്രിസ്ഥാനം ഒഴികെയുള്ള മന്ത്രിസ്ഥാനങ്ങൾ നെതന്യാഹു ഒഴിയുന്നത്‌.

വരുന്ന ജനുവരി ഒന്നോടെ നെതന്യാഹു മറ്റ്‌ മന്ത്രിസ്ഥാനങ്ങൾ ഒഴിയുമെന്നും ആ സ്ഥാനങ്ങളിലേക്ക്‌ വേറെ ആളുകളെ നിയമിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു. മന്ത്രിസ്ഥാനങ്ങളിൽനിന്ന്‌ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട്‌ എംക്യുജി (സർക്കാരിന്റെ ഗുണമേന്മയ്‌ക്കുള്ള പ്രസ്ഥാനം) സുപ്രീംകോടതിയിൽ ഹർജി നൽകിയതാണ്‌ ഇതിന്‌ നിർബന്ധിതനാക്കുന്നത്‌.

ഇതേസമയം, ആറു മാസത്തിനിടെ രണ്ടുതവണ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയിട്ടും ആർക്കും ഭൂരിപക്ഷ പിന്തുണയോടെ സർക്കാരുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാർച്ച്‌ രണ്ടിന്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്താൻ തീരുമാനമായി. ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയതിനു പിന്നാലെ പാർലമെന്റ്‌ പിരിച്ചുവിട്ടു. 11  മാസത്തിനിടെ നടത്തുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്‌.


പ്രധാന വാർത്തകൾ
 Top