മനാമ
ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയിൽ ഗൾഫ് -അറബ് രാജ്യങ്ങളിൽ രൂക്ഷ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ യുഎഇ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വ പകൽ അബുദാബിയിൽ എത്തിയ മോദിയെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
യുഎഇ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം നേരിട്ട് അറിയിക്കുകയും പുതിയ പ്രസിഡന്റിനെ അഭിനന്ദിക്കുകയുമാണ് സന്ദർശനലക്ഷ്യമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. ഷെയ്ഖ് മുഹമ്മദിന്റെ ഊഷ്മളമായ സ്വീകരണത്തിന് നന്ദിപറഞ്ഞ് മോദി അറബിയിൽ ട്വീറ്റ് ചെയ്തു. ഈ വർഷമാദ്യം ഇരുരാജ്യവും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവച്ചതിനു ശേഷമുള്ള ആദ്യ സന്ദർശനമാണ് ഇത്. പ്രധാനമന്ത്രിയായശേഷം നാലാമത്തേതും. സന്ദർശനം പൂർത്തിയാക്കി വൈകിട്ട് മോദി ഇന്ത്യയിലേക്ക് മടങ്ങി.
ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയിൽ ഖത്തറും കുവൈത്തും ഇന്ത്യൻ സ്ഥാനപതികളെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. യുഎഇയും അപലപിച്ച് പ്രസ്താവന ഇറക്കിയിരുന്നു. ജർമനിയില്‍ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്തശേഷമാണ് മോദി യുഎഇയിൽ എത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..