21 November Thursday

200 വർഷത്തിനിപ്പുറം കണ്ടെത്തി, ആ പടനായകന്റെ അസ്ഥികൂടം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

മോസ്‌കോ> നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ജനറലായിരുന്ന ഷാർലെറ്റിൻ ഗുഡിന്റെ 200 വർഷം പഴക്കമുള്ള അസ്ഥികൂടം റഷ്യയിലെ നൃത്തശാലയുടെ അടിയിൽനിന്ന്‌ കണ്ടെത്തി. ഒറ്റക്കാലുമാത്രമുള്ള അസ്ഥികൂടം ഗുഡിന്റെയാണെന്ന്‌ ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമായി. ഒരു പതിറ്റാണ്ട്‌ കാലം ഫ്രഞ്ച്‌ ചക്രവർത്തിയായിരുന്ന നെപ്പോളിയന്‌ ഏറ്റവും പ്രിയങ്കരനായിരുന്നു ഗുഡിൻ. ഉടൻതന്നെ മൃതദേഹാവശിഷ്ടങ്ങൾ ഫ്രാൻസിലേക്ക്‌ കൊണ്ടുപോകും.

ചരിത്രപ്രകാരം 1812 ആഗസ്ത്‌ 22ന്‌ 44‌–-ാം വയസ്സിലാണ്‌ ഗുഡിന്റ മരണം. പരാജയപ്പെട്ട നെപ്പോളിയന്റെ റഷ്യൻ യുദ്ധത്തിനിടെ പീരങ്കി അക്രമണത്തിലാണ്‌ ഗുഡിൻ കൊല്ലപ്പെട്ടത്‌. മരണശേഷം ഗുഡിന്റെ ഹൃദയം മുറിച്ചെടുത്ത്‌ പാരിസിലെ ചാപ്പലിലെ സെമിത്തേരിയിലേക്ക്‌ കൊണ്ടുപോയിരുന്നുവെങ്കിലും മൃതദേഹം എവിടെയെന്നത്‌ രഹസ്യമായിരുന്നു. എന്നാൽ, 200 വർഷത്തെ രഹസ്യം ഇതോടെ പരസ്യമാകുകയാണ്‌. ഗുഡിന്റെ മൃതദേഹം കണ്ടെത്താൻ ഫ്രഞ്ച്‌–-റഷ്യൻ പുരാവസ്തുശാസ്ത്രജ്ഞർ ചേർന്ന്‌ ഒരു സംഘമുണ്ടാക്കി. റഷ്യയിൽനിന്ന്‌ 250 മൈൽ അകലെ സ്‌മോലെൻസ്കിൽ വച്ചാണ്‌ ഗുഡിന്‌ ഗുരുതരമായി പരിക്കേറ്റത്‌. ഇവിടെയുള്ള നൃത്തശാലയുടെ അടിയിലാണ്‌ അസ്ഥികൂടം കണ്ടെത്തിയത്‌.

ഇരുരാജ്യങ്ങളും അന്വേഷണത്തിന്‌ പ്രോത്സാഹനം നൽകിയിരുന്നുവെന്ന്‌ സംഘം വ്യക്തമാക്കി. ഫ്രഞ്ച്‌ തലസ്ഥാനമായ പാരീസിൽ ഗുഡിന്റെപേരിൽ അറിയപ്പെടുന്ന ഒരു തെരുവുതന്നെയുണ്ട്‌. മൃതദേഹാവശിഷ്‌ടം ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്യണമെന്ന്‌ ഗുഡിന്റെ കുടുംബപരമ്പരയിൽ കണ്ണികൾ ആവശ്യപ്പെടുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top