14 April Wednesday

പോംപിയോയുടെ പ്രസ്‌താവന : 'ശ്രീമാൻ നുണയ’ന്റെ ഒടുക്കത്തെ ഭ്രാന്താണെന്ന്‌ ചൈന

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2021


ബീജിങ്‌
അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ കൊറോണ വൈറസ്‌ ഉത്ഭവം സംബന്ധിച്ച്‌ ഊഹാപോഹങ്ങളുമായി പുറത്തിറക്കിയ പുതിയ പ്രസ്‌താവന ‘ശ്രീമാൻ നുണയ’ന്റെ ഒടുക്കത്തെ ഭ്രാന്താണെന്ന്‌ ചൈന. അമേരിക്ക യഥാർഥത്തിൽ ശാസ്‌ത്രത്തെയും വസ്‌തുതകളെയും മാനിക്കുന്നുണ്ടെങ്കിൽ അവർ ഫോർട്‌ ഡെട്രിക്‌ ലബോറട്ടറി തുറന്നുകൊടുക്കണമെന്ന്‌ ചൈനീസ്‌ വിദേശ മന്ത്രാലയ വക്താവ്‌ ഹുവാ ചുൻയിങ്‌ പറഞ്ഞു.

കൂടാതെ വിദേശത്തുള്ള അവരുടെ 200ൽപരം പരീക്ഷണശാലകൾ ജനങ്ങൾക്ക്‌ തുറന്നുകൊടുക്കുകയും ഉത്ഭവങ്ങളെ കുറിച്ച്‌ പഠിക്കാൻ ലോകാരോഗ്യ സംഘടനാ വിദഗ്ധരെ ക്ഷണിക്കുകയും അന്താരാഷ്‌ട്ര സമൂഹത്തിന്റെ സംശയങ്ങൾ നീക്കുകയുമാണ്‌ ചെയ്യേണ്ടതെന്നും ഹുവാ ചുൻയിങ്‌ പറഞ്ഞു.

അമേരിക്കൻ സ്റ്റേറ്റ്‌ ഡിപ്പാർട്‌മെന്റിന്റെ പ്രസ്‌താവനയും പട്ടികയും പൂർണമായും ഗുഢാലോചനകളും നുണകളും നിറഞ്ഞതാണ്‌. അത്‌ കോവിഡിനെ നിഷ്‌ക്രിയമായി കൈകാര്യം ചെയ്യുകയും സ്വന്തം വീഴ്‌ചകൾക്ക്‌ മറ്റുള്ളവരെ പഴിക്കുകയും ചെയ്യുന്ന ചിലർക്ക്‌ ചേരുന്നതുമാണ്‌. അമേരിക്കൻ നിർമിതമായ മറ്റൊരു നുണപ്പട്ടിക ആണത്‌.

ചില അമേരിക്കൻ രാഷ്‌ട്രീയക്കാർ പൊതുജനങ്ങളുടെ സുരക്ഷയും ജീവനും അവഗണിച്ച്‌, ശാസ്‌ത്രത്തിനെതിരെ നീങ്ങി, ഗുഢാലോചനകളെക്കുറിച്ച്‌ പ്രചാരണം നടത്തുന്നതിൽ മതിമറന്ന്‌ രാഷ്‌ട്രീയ വൈറസ്‌ പരത്തുകയാണ്‌ എന്ന്‌ കാണിക്കുന്നതാണ്‌ വിവിധ വിഷയങ്ങളിൽ ചൈനയ്‌ക്കെതിരെ പോംപിയോയുടെ അടുത്തകാലത്തെ ട്വീറ്റുകളെല്ലാം എന്ന്‌ അവർ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ്‌ വുഹാനിലെ വൈറോളജി ലാബിൽനിന്ന്‌ പുറത്തുവന്നതാവാം എന്നാണ്‌ പുതിയ പ്രസ്‌താവനയിലും അമേരിക്ക പറഞ്ഞത്‌. വൈറസ്‌ ആദ്യമായി മനുഷ്യരിലേക്ക്‌ പടർന്നത്‌ എവിടെവച്ച്,‌ എപ്പോൾ, എങ്ങനെ എന്ന്‌ അമേരിക്കൻ സർക്കാരിന്‌ അറിയില്ലെന്നും സ്‌റ്റേറ്റ്‌ ഡിപ്പാർട്‌മെന്റിന്റെ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. അതിനൊപ്പമാണ്‌ ചൈനയ്‌ക്കെതിരെ അഭ്യൂഹവും പ്രചരിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top