വാഷിങ്ടൺ > മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുമെന്ന വാഗ്ദാനം നടപ്പാക്കാൻ വേണ്ടിവന്നാല്‍ അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യപിക്കാനും മടിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മതിൽ നിർമിക്കാനുള്ള പണം ആവശ്യപ്പെട്ടുള്ള പ്രമേയം സെനറ്റ് തള്ളിയതിനെത്തുടർന്ന് മുതിർന്ന ഡെമോക്രാറ്റ് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. എന്നാൽ, ഈ ചർച്ചയിലും അനുകൂലമായ തീരുമാനമുണ്ടായില്ല. ഇതിനെത്തുടർന്നാണ് അടിയന്തരാവസ്ഥ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്. ജനപ്രതിനിധി സഭയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ പണം അനുവദിക്കാന്‍ കഴിയാതെ അമേരിക്കന്‍ ഖജനാവ് സ്തംഭിച്ചിരിക്കുകയാണ്.
മതിൽ പണിയാനുള്ള പണം അനുവദിച്ചില്ലെങ്കിൽ വർഷങ്ങളോളം ട്രഷറി നിയന്ത്രണം നടപ്പാക്കാനും മടിക്കില്ലെന്നാണ് ട്രംപിന്റെ ഭീഷണി. മതിലിന് തുക അനുവദിക്കാന്‍ സഭ തയാറാകാത്തതിനാല്‍ ട്രംപ് ധന ബില്ലുകളിൽ ഒപ്പിടുന്നില്ല. ഇതുമൂലം ഡിസംബർ 22ന് ശേഷം എട്ട് ലക്ഷത്തോളം പേര്‍ക്ക് ശമ്പളം മുടങ്ങി. മെക്സിക്കയിൽനിന്നുള്ള അനധികൃത കുടിയേറ്റമാണ് അമേരിക്കയിലെ തൊഴിലില്ലായ്മയടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നാരോപിച്ചാണ് അതിർത്തിയിൽ മതിൽ കെട്ടാൻ ട്രംപ് ശ്രമിക്കുന്നത്.
എന്നാൽ, ഇത് ഭാരിച്ച ബാധ്യത വരുത്തുമെന്നു നിരീക്ഷിച്ച് സെനറ്റ് അനുമതി നിഷേധിച്ചു.
ഡെമോക്രാറ്റുകൾക്ക് സ്വാധീനമുള്ള കോൺഗ്രസിന്റെ തീരുമാനത്തെ പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് അടിയന്തരാവസ്ഥയിലൂടെ മറി കടക്കാമെന്നാണ് ട്രംപ് കരുതുന്നത്. ഡെമോക്രാറ്റുകൾക്കുമേൽ ഇതുവഴി മേൽക്കൈ നേടാമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. എന്നാൽ, അടിയന്തരാവസ്ഥ കൊണ്ടുവന്ന് കാര്യം കാണാനുള്ള ശ്രമങ്ങൾ അത്ര എളുപ്പമാകില്ല. ഏകാധിപത്യപരമായ പ്രസിഡന്റിന്റെ ഏത് തീരുമാനവും കോടതി വഴി തടയാമെന്നും ഡെമോക്രാറ്റുകൾ കണക്കുകൂട്ടുന്നു. സർക്കാരിന്റെ ചെലവുകൾക്കുള്ള ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും പ്രസിഡന്റിന്റെ അഭാവത്തിൽ അവ പാസാക്കാനാകുന്നില്ല. ഇതുമൂലം 25 ശതമാനം സർക്കാർ സ്ഥാപനങ്ങളിലും പണമില്ലാത്ത അവസ്ഥയാണുള്ളത്.
മതിൽ നിർമാണത്തിനുള്ള പണം ലഭിക്കാതെ ബില്ലുകളിൽ ഒപ്പിടുകയില്ല എന്നാണ് പ്രസിഡന്റിന്റെ തീരുമാനം.‘എനിക്കത് ചെയ്യാൻ കഴിയും, നമുക്ക് ഒരു ദേശീയ അടിയന്തരാവസ്ഥ വിളിക്കാനും മതിൽ വളരെ വേഗം നിർമിക്കാനും കഴിയും. ഞാൻ ചെയ്യുന്നത് അഭിമാനിക്കാവുന്ന പ്രവൃത്തിയാണ്. “ഇതിനെ അടച്ചുപൂട്ടൽ എന്ന് വിളിക്കില്ല, നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കും സുരക്ഷയ്ക്കും നിങ്ങളിത് ഏറ്റെടുക്കണം.’ ട്രംപ് അവകാശപ്പെട്ടു.