13 June Sunday

ഒരു ബ്രിട്ടീഷ് സമരാനുഭവം; തൊഴിലാളികളുടെ പോരാട്ടവീര്യം

തോമസ് പുത്തിരിUpdated: Saturday May 1, 2021

"ഓസ്റ്റിരിറ്റി' എന്ന ഓമനപ്പേരില്‍ ക്ഷേമപദ്ധതികളും തൊഴിലാളികളുടെ വേതനവ്യവസ്ഥകളും ഡേവിഡ്‌ കാമറൂണ്‍ സര്‍ക്കാര്‍ ഒന്നൊന്നായി അട്ടിമറിച്ചുകൊണ്ടിരുന്ന കാലം.

ഒക്ടോബര്‍ 13, 2014: അതിരാവിലെ എണീറ്റ്‌ ആറുമണിയോടെ, പണിമുടക്ക്‌ സംഘടിപ്പിക്കുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ മഴ ശക്തമായി പെയ്‌തുകൊണ്ടിരുന്നു. മഞ്ഞുകാലം തുടങ്ങിയതിനാല്‍ തണുപ്പ് 5 ഡിഗ്രിയില്‍ താഴെ.  കോരിചൊരിയുന്ന മഴയില്‍ ലണ്ടന്‍ റോഡിന്റെ നടപ്പാതയിലൂടെ റെഡിങ്ങിലെ റോയല്‍ ബാര്‍ക്ഷയര്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി നടന്നു. പല സമരങ്ങളും കണ്ടിട്ടുണ്ട്, പങ്കെടുത്തിട്ടുമുണ്ട്‌. ബ്രിട്ടനില്‍ വന്നതിനു ശേഷം പണിമുടക്കി കൊണ്ടുള്ള സമരവും പിക്കറ്റിങ്ങും ആദ്യമാണ്.

   

സമരത്തിനു നേതൃത്വം നല്‍കുന്നത് യൂ കെ യിലെ ഏറ്റവും വലിയ പൊതുമേഖല ട്രേഡ് യൂനിയനനായ (UNISON) യൂനിസന്‍ ആണ്. സമരത്തിന്റെ ഈ ബ്രാഞ്ചിലെ സംഘാടകന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളുടെ  നെഞ്ചിടിപ്പുമായി ഹോസ്പിറ്റലിനു മുന്നില്‍ എത്തിയപ്പോള്‍ മനസൊന്നു കാളി. ആരെയും കാണുന്നില്ലല്ലോ!.

സമരം നയിക്കുന്നവര്‍ക്കുള്ള റിഫ്ലക്ട്ടീവ് മേല്‍ കുപ്പായം  എടുത്തിട്ടു സമരത്തിന്‌ തയ്യാറായി. അക്ഷമയോടെ സമയം നോക്കി, രാവിലെ 6.15, നേരം പുലരുന്നതേയുള്ളൂ. ഏഴു മണിക്ക് പിക്കറ്റിംഗ് തുടങ്ങാനായി എല്ലാവരോടും ആറരക്കു എത്തിച്ചേരണം  എന്ന് പറഞ്ഞാണ് സമരത്തിന്റെ കാമ്പയിന്‍ നടത്തിയത്. ഓരോ മിനിട്ട് കഴിയും തോറും ഓരോരുത്തരായി വന്നു തുടങ്ങി, ഏഴുമണിയോടെ  നിരവധി പേര്‍   എത്തിച്ചേര്‍ന്നു. യൂണിയന്റെ ദേശീയ പ്രതിനിധി അടക്കം പ്രധാന യൂണിയനുകളുടെ  പ്രതിനിധികള്‍ എല്ലാവരും എത്തിയതോടെ അല്പം ആശ്വാസമായി.

സമരത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ മൂന്നു ടീമുകളായി തിരിഞ്ഞു ഹോസ്പിറ്റലിന്റെ മൂന്നു കവാടങ്ങളില്‍ പിക്കറ്റിംഗ് ആരംഭിച്ചു. ഇന്നലെ വരെ തെളിഞ്ഞു നിന്നിരുന്ന ആകാശവും കാലാവസ്ഥയും പ്രതികൂലമായി മാറി. ശക്തമായ മഴയും തണുപ്പും. പക്ഷെ ബ്രിട്ടനിലെ തൊഴിലാളികളുടെ പോരാട്ടവീര്യം തകര്‍ക്കാനുള്ള കരുത്തു അന്ന് പ്രകൃതിക്കുണ്ടായിരുന്നില്ല. പ്രകൃതിക്ഷോഭത്തെ വകവെക്കാതെ മഴ നനഞ്ഞു പിക്കറ്റിംഗ് തുടര്‍ന്നു. ആശുപത്രികളില്‍ ജോലി ചെയുന്നവരില്‍ 70 ശതമാനവും സ്ത്രീകള്‍ ആയതിനാല്‍ സമരത്തിലും സ്ത്രീകള്‍ തന്നെയായിരുന്നു ഭൂരിപക്ഷവും. ബ്രിട്ടനിലെ സ്ത്രീകളുടെ  സമരോത്സുകത  നേരില്‍ കണ്ടു.

പ്രസവ വാര്‍ഡുകളില്‍ ജോലി ചെയുന്ന മിഡ് വൈഫ്‌ നേഴ്‌സുമാര്‍ പിക്കറ്റിങ്ങിനിടക്ക് ഹോസ്‌പിറ്റലിനു ചുറ്റുമുള്ള റോഡിലൂടെ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. വഴിയിലൂടെ പോകുന്നവര്‍ കൈ വീശിയും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹോണ്‍ മുഴക്കിയും സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചു. അതിനിടയില്‍ ബി ബി സി ന്യൂസ്‌, ഐ ടി വി ന്യൂസ്‌, റെഡിംഗ് പോസ്റ്റ് അടക്കമുള്ള ദേശീയ പ്രാദേശിക മാധ്യമങ്ങള്‍ അഭിമുഖങ്ങളും റിപ്പോര്‍ട്ടിംഗ് ഒക്കെയായി സമരക്കാര്‍ക്ക് കൂടുതല്‍ ആവേശവും പിന്തുണയും നല്‍കി. ഗ്രീന്‍ പാര്‍ടി കൌണ്‍സില്‍ അംഗം റോബ് വൈറ്റ് നേരിട്ടു വന്നു പിന്തുണ അറിയിച്ചു.

രാജ്യത്തുടനീളം നൂറു കണക്കിന് ഹോസ്‌പിട്ടലുകള്‍ക്ക് മുമ്പില്‍ പതിനായിരങ്ങള്‍ ഒരേ സമയം പണിമുടക്കി പിക്കറ്റിങ്ങില്‍ പങ്കെടുത്തു.  അടിയന്തിര ചികിത്സ കൊടുക്കന്നതില്‍ തടസ്സം വരുമ്പോള്‍ സമരക്കാര്‍ തല്‍ക്കാലം സമരം നിര്‍ത്തിവച്ച് രോഗികളെ പരിപാലിച്ചു. സംഘടിത സമരം അത്യാവശ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ ഒരിക്കലും തടസ്സമാകില്ലെന്നു ട്രേഡ് യൂണിയനുകള്‍ സമരത്തിനു മുന്നേ തന്നെ പ്രഖ്യാപിച്ചിരുന്നു. സമരം നടത്തുമ്പോഴും സമൂഹത്തോടുള്ള ഉത്തവാദിത്വം മുറുകെ പിടിക്കുന്ന വര്‍ഗ ബോധം.

രാവിലെ ഏഴു മണിക്ക് സമരവും പിക്കറ്റിങ്ങും തുടങ്ങിയതിനു ശേഷമുള്ള നാല് മണിക്കൂര്‍ കടന്നു പോയത് വളരെ പെട്ടെന്നായിരുന്നു. 11 മണിയോടെ പണിമുടക്ക്‌ സമരം അവസാനിച്ചപ്പോള്‍ , സമരത്തിന്റെ നാല് മണിക്കൂര്‍ സമ്മാനിച്ചത്‌ ഒരുപാട് അനുഭവങ്ങള്‍. ഭാഷയുടെയും സംസ്‌കാരത്തിന്റെയും ദേശീയതയുടെയും വ്യത്യാസമില്ലാതെ ഒന്നിച്ചണിനിരന്നു പോരാടിയ ഒരു ദേശീയ സമരം.

തൊഴിലാളികള്‍ ലോകത്തിന്റെ ഏതു കോണില്‍ ഉള്ളവര്‍ ആയാലും അവരുടെ പ്രശ്നങ്ങള്‍ എല്ലായിടത്തും ഒന്നുതന്നെയാണെന്നു ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു ഈ സമരം. ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് അവരുടെ പോരാട്ട വീര്യം കൈമോശം വന്നിട്ടില്ലെന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ഈ പണിമുടക്ക്‌. ആരോഗ്യ മേഖലയിലെ തൊഴിലാളികള്‍  വര്‍ഷങ്ങളായി അടക്കി വച്ചിരുന്ന പ്രതിഷേധവും വര്‍ഗബോധവും ആണ് ഈ സമരത്തിലൂടെ അണപ്പൊട്ടിയൊഴുകിയത്. അടിച്ചമര്‍ത്തപ്പെടുന്ന തൊഴിലാളിവര്‍ഗം കൂടുതല്‍ ശക്തിയാര്‍ജിച്ചു തിരിച്ചടിക്കും എന്ന ചരിത്ര സത്യം ഒരിക്കല്‍ കൂടി ബ്രിട്ടന്റെ തെരുവുകളില്‍...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top