21 February Thursday

ഗ്രീസിന്റെ ഹിതം നോ

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2015

ഏതന്‍സ് > യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഹിത പരിശോധന കളിലൊന്നില്‍ ഗ്രീക്ക് ജനത തങ്ങളുടെ ആത്മാഭിമാനവും പോരാട്ടവീറും ഉയര്‍ത്തി പിടിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ധനസഹായത്തിന് യൂറോപ്യന്‍ നേതൃത്വവും ധന സ്ഥാപനങ്ങളും നിഷ്കര്‍ഷിക്കുന്ന കടുത്ത ചെലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കേണ്ട എന്നാണ് ജനവിധിയെന്ന് ഹിതപരിശോധനയില്‍ വ്യക്തമായി.

ജനദ്രോഹസാമ്പത്തിക നയങ്ങള്‍ക്കെതിരെ പൊരുതി അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരിന്റെ ആഹ്വാനം മനസാവരിച്ചാണ് വോട്ടര്‍മാരില്‍ 61 ശതമാനത്തിലേറെ പേര്‍ "നോ' വോട്ട് ചെയ്തത്. അലക്സി സിപ്രാസിന്റെ നേതൃത്വത്തിലുള്ള സിറിസ സര്‍ക്കാരിന് ജനം പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി ഹിതപരിശോധനാഫലം. പതിനായിരങ്ങള്‍ ഏതന്‍സില്‍ സര്‍ക്കാരിന് പിന്തുണയുമായി അണിനിരന്നു. രാവിലെ ആരംഭിച്ച ഹിതപരിശോധ വൈകിട്ട് അവസാനിച്ചയുടന്‍ വോട്ടെണ്ണല്‍ നടപടി ആരംഭിച്ചു.

തുടക്കത്തില്‍തന്നെ വ്യക്തമായ മേല്‍ക്കൈ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന "നോ' പക്ഷം നേടി. നോ വോട്ട് ചെയ്താല്‍ യൂറോസോണില്‍നിന്നുതന്നെ ഗ്രീസ് പുറത്താകുമെന്ന യൂറോപ്യന്‍ നേതൃത്വത്തിന്റെ ഭീഷണി തള്ളിയാണ് ജനം സര്‍ക്കാരിനൊപ്പം നിന്നത്. ഗ്രീക്ക് ജനതയുടെ ധീരമായ പ്രഖ്യാപനമാണ് നോ വോട്ടെന്ന് ധനമന്ത്രി യാനിന് വരൗഫാകിസ് പ്രതികരിച്ചു. യൂറോപ്പിന്റെ ജനാധിപത്യത്തിനുള്ള ആവശ്യമാണിതെന്നും അദ്ദേഹം പറഞ്ഞു. പൊതു കറന്‍സിക്കും ജനാധിപത്യത്തിനും സഹവര്‍ത്തിത്വമാകാമെന്ന പ്രതീക്ഷ നല്‍കുന്ന വിശുദ്ധനിമിഷമാണ് ഹിതപരിശോധനയെന്നും ഗ്രീസിനെ യൂറോസോണില്‍നിന്ന് പുറത്താക്കാന്‍ ഇയുവിന് നിയമപരമായ ഒരു അധികാരവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി അലക്സി സിപ്രാസ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓളന്ദുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഗ്രീസ് യൂറോസോണില്‍ തുടരണോ എന്നതിന്റെ ഹിതപരിശോധനയാണ് നടക്കുന്നതെന്നാണ് ഇയു നേതാക്കള്‍ വാദിച്ചത്. ഈ ഒറ്റ വാദം മുന്‍നിര്‍ത്തി സൃഷ്ടിച്ച ഭീതിയില്‍ ജനങ്ങളില്‍ ഒരുഭാഗം യെസ് വോട്ടിലേക്ക് തിരിയുമെന്നും കടുത്ത മത്സരമാകുമെന്നും വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍, ജനങ്ങളുടെ ഇച്ഛാശക്തിയെ തള്ളിക്കളയാന്‍ ആര്‍ക്കുമാകില്ലെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമായി.

സാമ്പത്തികസഹായത്തിനായി ഇയു മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ തങ്ങളെ അപമാനിക്കുന്നതാണെന്ന് സിറിസ പാര്‍ടി നേതൃത്വവും പ്രതികരിച്ചിരുന്നു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് യൂറോപ്യന്‍ ധനസ്ഥാപനങ്ങളില്‍നിന്ന് കടുത്ത നിബന്ധനകള്‍ അംഗീകരിച്ച് വാങ്ങിയ ധനസഹായപദ്ധതികളുടെ കാലാവധി അവസാനിച്ചതിനെതുടര്‍ന്നാണ് ഗ്രീസ് പ്രതിസന്ധിയിലായത്. അന്താരാഷ്ട്ര നാണയനിധിക്ക് വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധിയും കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ചു. ബാങ്കുകള്‍ പോലും അടഞ്ഞുകിടക്കുകയാണ്. എന്നാല്‍, തങ്ങളുടെ കടുത്ത നിയന്ത്രണങ്ങള്‍ അംഗീകരിക്കാതെ തുടര്‍സഹായം നല്‍കില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ സിറിസ സര്‍ക്കാര്‍ തയ്യാറുമല്ല. ഈ സാഹചര്യത്തിലാണ് ജനഹിതപരിശോധനയ്ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രധാന വാർത്തകൾ
 Top