08 December Sunday

"ക്യാര്‍' ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; ഒമാനില്‍ കനത്ത മഴ

അനസ് യാസിന്‍Updated: Thursday Oct 31, 2019

മനാമ > ക്യാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ. കടല്‍ പ്രക്ഷുബ്ധമാണ്. ചുഴലികാറ്റ് തെക്കുകിഴക്കന്‍, മധ്യ ഗവര്‍ണറേറ്റ് ഭാഗത്തേക്കു നീങ്ങുന്നതായി ഒമാന്‍ കാലവാസ്ഥ വിഭാഗം അറിയിച്ചു. 35-45 നോട്ടില്‍ക്കല്‍ മൈലാണ് കാറ്റിന്റെ മധ്യഭാഗത്തെ വേഗം. ഒമാന്‍ തീരത്തുനിന്നും 265 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റുള്ളതെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച വൈകീട്ട് പുറപ്പെടുവിച്ച അറിയിപ്പില്‍ വ്യക്തമാക്കി.

വ്യാഴാഴ്ച സൂറില്‍ ലഭിച്ചത് 71 മില്ലിമീറ്റര്‍ മഴയാണ്. ജലാല്‍ ബാനി ബുഅലിയില്‍ 40 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഖുറയാത്ത്, കാമില്‍, അല്‍ വാഫി, മാസിറ, ജലല്‍ ബാനി ബു ഹസസന്‍, മസ്‌കത്ത് എന്നിവടങ്ങളിലും കനത്ത മഴ ലഭിച്ചു. ക്യാര്‍ ശക്തികുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നും  കാലവാസ്ഥ നിരീക്ഷണ കേന്ദ്രം സൂചിപ്പിിച്ചു. ബുധനാഴ്ച രാവിലെ കാറ്റഗറി ഒന്നിലുള്ള ചുഴലി കൊടുങ്കാറ്റ് രാത്രിയോടെ ചുഴിലക്കാറ്റായി മാറി. കാറ്റ് തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് യെമനിലെ സൊക്കോത്ര ദ്വീപിനു സമീപം നിര്‍വീര്യമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസവും കടലില്‍ ശക്തമായ തിരമാല അനുഭവപ്പെട്ടു. ഒമാന്‍ കടലില്‍ മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെയും അറബിക്കടലില്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെയും തിരമാല ഉയര്‍ന്നു. പലയിടങ്ങളിലും തീരദേശ റോഡുകള്‍ താല്‍കാലികമായി അടച്ചു. കടല്‍വെള്ളം കയറാനിടയുള്ള സ്ഥലങ്ങളില്‍ മുകന്‍കരുതല്‍ നടപടിയായി വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതലാണ് ക്യാറിന്റെ പ്രത്യാഘാതം ഒമാനെ ബാധിച്ചുതുടങ്ങിയത്. ബര്‍മയില്‍ 'കടുവ' എന്നര്‍ഥം വരുന്ന ക്യാര്‍ എന്ന പേര് ഈ ചുഴലിക്കാറ്റിന് നല്‍കിയത് മ്യാന്‍മാര്‍ ആണ്. ഒക്‌ടോബര്‍ 25ന് ഇന്ത്യയുടെ തെക്ക് പടിഞ്ഞാന്‍ തീരത്തിടുത്തായാണ് ക്യാര്‍ രൂപപ്പെട്ടത്. പിന്നീട് ഇത് കരുത്താര്‍ജ്ജിച്ച ചുഴലികൊടുങ്കാറ്റാവുകയായിരുന്നു.

വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ഒന്‍പതാമത്തെ ചുഴലിക്കാറ്റാണ് ക്യാര്‍. 2007ല്‍ ഒമാനില്‍ വീശിയിടിച്ച ഗോനു ചുഴലിക്കാറ്റിനുശേഷം അറബികടലില്‍ 12 വര്‍ഷത്തിനിടെ രൂപപ്പെട്ട ഏക ചുഴലികൊടുങ്കാറ്റുമാണിത്. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ വ്യാഴാഴ്ച രൂപം കൊണ്ട 'മഹ'യും ഒമാന്‍ ഭാഗത്തേക്ക് നീങ്ങുമെന്നാണ് സൂചന. മഹയെ വടക്കു ഭാഗത്തേക്ക് ക്യാര്‍ കടത്തിവിടാതെയാണ കറങ്ങുന്നത്. ക്യാര്‍ കടന്ന് പോകുന്നതോടെ കടല്‍ തണുക്കും. ഇത് മഹയുടെ ശക്തികുറക്കുമെന്നും കാലാവസ്ഥ വിഭാഗം കണക്ക് കൂട്ടുന്നു.


പ്രധാന വാർത്തകൾ
 Top