20 March Wednesday

ചരിത്രമായി കിം ‐ ട്രംപ‌് ഉച്ചകോടി ; പ്രതീക്ഷ കാത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 

സിംഗപ്പൂർ
ആധുനിക ലോകചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ കൂടിക്കാഴ്ച സമാധാനപ്രക്രിയയിലേക്ക‌് പുതിയ തുടക്കവും വർധിത ഉൗർജവുമായി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് അന്നും സമാധാനശ്രമങ്ങളോട് അങ്ങേയറ്റം പ്രതിബദ്ധത പ്രഖ്യാപിച്ച് സിംഗപ്പൂരിൽനിന്ന് മടങ്ങി. കൊറിയൻ ഉപദ്വീപിന്റെ സമ്പൂർണ ആണവനിരായുധീകരണത്തിനുവേണ്ടി പ്രവർത്തിക്കാൻ അചഞ്ചലമായ സന്നദ്ധത കിം പ്രകടിപ്പിച്ചു. ഇതിനുപകരമായി ഉത്തരകൊറിയക്ക് സുരക്ഷ ഉറപ്പാക്കാനും ഉപരോധങ്ങൾ നീക്കാനും ട്രംപും സമ്മതമറിയിച്ചു. ഉച്ചകോടി പ്രതീക്ഷകൾക്കപ്പുറമുള്ള വിജയമാണെന്ന് ഇരുനേതാക്കളും സംയുക്തപ്രസ്താവനയിൽ വ്യക്തമാക്കി.

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കാൻ അമേരിക്ക സമ്മതിച്ചു. അധിനിവേശത്തിനുള്ള റിഹേഴ്സലെന്ന് വിശേഷിപ്പിച്ച സൈനികാഭ്യാസം നിർത്തണമെന്ന് ഉത്തരകൊറിയ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. അതേസമയം, ദക്ഷിണകൊറിയയിൽ ഉൾപ്പെടെ മേഖലയിലെ അമേരിക്കയുടെ സൈനികസാന്നിധ്യം പൂർണമായി അവസാനിപ്പിക്കുന്നത‌് സംബന്ധിച്ച് കരാറിൽ വ്യക്തതയില്ല. നടപടികളിൽ പുരോഗതി വ്യക്തമാകുന്നതുവരെ ഉത്തരകൊറിയക്കെതിരായ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തടവുകാരെയും കാണാതായവരെയും കണ്ടെത്താനും കൈമാറാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.

ട്രംപും കിമ്മും ദ്വിഭാഷികളുടെമാത്രം സാന്നിധ്യത്തിൽ 45 മിനിറ്റോളം നേരിട്ട് ചർച്ച നടത്തിയശേഷമാണ് മുതിർന്ന നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പ്രതിനിധിതല ചർച്ച നടന്നത്. ഇതിനുശേഷം മാധ്യമപ്രവർത്തകർക്കുമുന്നിലെത്തി ഇരുവരും സംയുക്തപ്രസ്താവനയിൽ ഒപ്പിട്ടു. വാർത്താസമ്മേളനം ഒരുമണിക്കൂർ നീണ്ടു. സിംഗപ്പൂരിലെ ക്യാപെല്ല ഹോട്ടലിൽ ഉച്ചവിരുന്നിനുശേഷമാണ് ഉച്ചകോടി പിരിഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിൽ പുതിയ ബന്ധം സ്ഥാപിക്കുന്നതിനും കൊറിയൻ ഉപദ്വീപിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിനും സമഗ്രവും ആത്മാർഥവും ആഴത്തിലുള്ളതുമായ ആശയവിനിമയമാണ് കിമ്മും ട്രംപും നടത്തിയതെന്ന് സംയുക്തപ്രസ്താവനയിൽ പറഞ്ഞു.

അങ്ങേയറ്റം ആത്മാർഥവും നിർവ്യാജവും ഫലപ്രദവുമായിരുന്നു കിമ്മുമായുള്ള ചർച്ചയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ആർക്കും പ്രതീക്ഷിക്കാൻ കഴിയുന്നതിനപ്പുറം മികച്ചതായിരുന്നു ഉച്ചകോടി. ഉത്തരകൊറിയയുമായി പുതിയൊരു ചരിത്രം ആരംഭിക്കാൻ അമേരിക്ക തയ്യാറാണ്. പ്രധാന മിസൈൽ എൻജിൻ പരീക്ഷണകേന്ദ്രം നശിപ്പിച്ചതായി കിം തന്നോട് പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി. ആണവനിരായുധീകരണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. അടുത്തയാഴ്ച ഇതിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യാൻ യോഗം ചേരുമെന്നും ട്രംപ് മാധ്യമങ്ങളോട് വിശദീകരിച്ചു.
 

കിമ്മിനെ പ്രശംസിച്ച‌്  ട്രംപ്

എഴുപത്തൊന്നുകാരനായ അമേരിക്കൻ പ്രസിഡന്റ് മുപ്പത്തിനാലുകാരനായ ഉത്തരകൊറിയൻ നേതാവിനെ ഏറെ പ്രശംസിച്ചശേഷമാണ് സിംഗപ്പൂരിൽനിന്ന് മടങ്ങിയത്. തന്റെ രാജ്യത്തെ ഏറെ സ്നേഹിക്കുന്ന പ്രതിഭാശാലിയായ കിമ്മുമായി വളരെ സവിശേഷമായ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതായി ട്രംപ് പറഞ്ഞു. കിമ്മിനെ അനുയോജ്യമായ സമയത്ത് വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുമെന്നും ഒരിക്കൽ താനും പ്യോങ്യാങ്ങിലേക്ക് പോകുമെന്നും ട്രംപ് പറഞ്ഞു. ഭൂതകാലത്തെ പിന്നിലുപേക്ഷിക്കാൻ തീരുമാനിച്ചതായും ലോകം വലിയ മാറ്റം ദർശിക്കുമെന്നും പ്രസ്താവനയിൽ ഒപ്പുവച്ചശേഷം കിം ജോങ് അൻ പറഞ്ഞു.


 

അത്യാവേശത്തോടെ ദക്ഷിണകൊറിയ
 അതേസമയം, കിം‐ട്രംപ് ഉച്ചകോടിയെ അത്യാവേശത്തോടെയാണ് ദക്ഷിണകൊറിയ വരവേറ്റത്. നൂറ്റാണ്ടിലെ ചർച്ചയെന്ന് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ ഉച്ചകോടിയെ വിശേഷിപ്പിച്ചു. സമ്പൂർണ ആണവനിരായുധീകരണത്തിലും സമാധാനപ്രക്രിയയിലും സുപ്രധാന ചുവടുവയ്പാകും ഉച്ചകോടിയെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ പറഞ്ഞു. കൊറിയകൾ തമ്മിലും അമേരിക്കയുമായുമുള്ള ബന്ധത്തിൽ പുതിയ യുഗപ്പിറവിയുമാകും ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഹ്ലാദാതിരേകത്താൽ ഉറക്കമില്ലാത്ത രാത്രിയായിരുന്നു മൂൺ ജെ ഇന്നിനെന്നും ഉച്ചകോടിയുടെ ദൃശ്യങ്ങൾ ടെലിവിഷനിൽ കണ്ട് അദ്ദേഹം മന്ത്രിസഭാംഗങ്ങളുമായി ആവേശം പങ്കിട്ടെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top