16 September Monday

ട്രംപ‌് ഉത്തര കൊറിയയിൽ; കിമ്മുമായി കൂടിക്കാഴ‌്ച

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

സോൾ > അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് ഉത്തരകൊറിയൻ പ്രസിഡന്റ‌് കിം ജോങ‌് അന്നുമായി കൂടിക്കാഴ‌്ച നടത്തി. ഉത്തരകൊറിയൻ അതിർത്തിയായ പാൻമംജോമിലെ സൈനിക വിമുക്തമേഖലയിലായിരുന്നു കൂടിക്കാഴ‌്ച.

അധികാരത്തിലിരിക്കെ ഉത്തരകൊറിയ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ‌് എന്ന  സ്ഥാനവും ഇതോടെ ട്രംപിന‌് സ്വന്തമായി. സൈനികവിമുക്ത മേഖലയിലെത്തിയ ട്രംപ‌് കിം ജോങ‌് അന്നിന‌് ഹസ്തദാനം ചെയ‌്തു. ആണവ നിരായുധീകരണം സംബന്ധിച്ച ചർച്ച പുനരാരംഭിക്കാൻ ധാരണയായതായി അന്താരാഷ‌്ട്ര മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. മൂന്നാം തവണയാണ‌് ഇരുവരും  കൂടിക്കാഴ‌്ച നടത്തുന്നത‌്. മുമ്പുള്ള നിരവധി അമേരിക്കൻ പ്രസിഡന്റുമാർ ദക്ഷിണകൊറിയ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരും ഉത്തരകൊറിയ സന്ദർശനം നടത്തിയിട്ടില്ല.

താങ്കളെ വീണ്ടും കാണാനായതിൽ സന്തോഷമെന്നും ഉത്തരകൊറിയയിൽ വച്ച‌് കാണാനാകുമെന്ന‌് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും കിം ജോങ‌് അൻ ദ്വിഭാഷിയുടെ സഹായത്തോടെ ട്രംപിനോട‌് പറഞ്ഞു. വലിയ പുരോഗതിയാണിതെന്നും ചരിത്രമുഹൂർത്തമാണെന്നും ട്രംപ‌്  പ്രതികരിച്ചു. പിന്നീട‌് ഇരുവരും ദക്ഷിണകൊറിയയിലെ ഫ്രീഡം ഹൗസിൽ ചർച്ച നടത്തി.  കിമ്മിന്റെ ക്ഷണം സ്വീകരിച്ചാണ‌് ട്രംപ‌് എത്തിയത‌്. എന്നാൽ, കൂടിക്കാഴ്ചയെ വെറും നാടകമായാണ് അന്താരാഷ‌്ട്ര നീരിക്ഷകർ വിലയിരുത്തുന്നത്.

കൂടിക്കാഴ‌്ച മൂന്നാംതവണ

2018 ജൂൺ 12ന‌് സിംഗപ്പൂരിലായിരുന്നു ട്രംപും കിമ്മും തമ്മിൽ ആദ്യ കൂടിക്കാഴ്ച. അന്ന‌്  ആണവ നിരായുധീകരണത്തിൽ ഇരുരാജ്യങ്ങളും ധാരണയായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഹനോയിൽ നടന്ന രണ്ടാം കൂടിക്കാഴ്ചയും ഒരു തീരുമാനവുമാകാതെ അവസാനിച്ചു. പിന്നീട‌് ഞായറാഴ‌്ചയാണ‌് ഇരുവരും തമ്മിൽ കൂടിക്കാഴ‌്ച നടത്തുന്നത‌്.


പ്രധാന വാർത്തകൾ
 Top